Ranjit Sankar

സ്കൂൾ പഠനകാലം മുതൽ തന്നെ കഥകളോടും കഥകൾക്ക് വർണ്ണക്കൂട്ടൊരുക്കുന്ന സിനിമയോടുമൊക്കെ അഭിനിവേശമുണ്ടായിരുന്ന ചെറുപ്പക്കാരൻ. "അമേരിക്കൻ ഡ്രീംസ്, നിഴലുകൾ" എന്ന ടെലിവിഷൻ സീരിയലുകൾക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് തുടക്കം.

കോതമംഗലത്തെ മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി കരസ്ഥമാക്കിയ ശേഷം ഐ ടി വിദഗ്ദനായി ജോലി ചെയ്യുന്നതിനോടൊപ്പമാണ് സിനിമാലോകത്തേക്ക് കടന്നു വരുന്നത്. ഒരു കാലത്ത് ക്ലീഷേകളിൽ മാത്രമായി ഉറഞ്ഞു പോയിരുന്ന മലയാളസിനിമകളില്‍നിന്നും വ്യത്യസ്തമായ ഒരു ശ്രമം എന്ന നിലയിൽ ആദ്യ ചിത്രമായ “പാസഞ്ചർ” നിരൂപക ശ്രദ്ധ നേടിയിരുന്നു. തിരക്കഥാകൃത്തായി രംഗത്ത് വരാൻ ആഗ്രഹിച്ചെങ്കിലും സംവിധായകനായി മാറുകയായിരുന്നു. സിനിമാ മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചുരുക്കം ചില പേരുകളിലൊന്നായി രഞ്ജിത് ശങ്കർ മാറി. ഡോൺ ബോസ്കോ സ്കൂളിൽ പഠിക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഫാ.ജയിംസ് പത്തിയിലാണ് തുടർന്നും രഞ്ജിത്തിന്റെ കലാവാസനകളെ പ്രോത്സാഹിപ്പിച്ചിരുന്നത്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തിരക്കഥാകൃത്ത് ലോഹിതദാസിനോട് തനിക്ക് സിനിമാക്കഥയെഴുതാൻ താല്പര്യമുണ്ടെന്നറിയിച്ച് കത്തെഴുതിയ കൗതുകം ഓർത്തെടുക്കുന്ന രഞ്ജിത് ശങ്കർ പാസഞ്ചറിന്റെ തിരക്കഥയിലൂടെ  ആദ്യ ലോഹിതദാസ് അവാർഡിന് അർഹ്ഹനായിരുന്നു. കോളേജ് പഠന കാലത്ത് മനസ്സിലുണ്ടായിരുന്ന കഥയെ കേരളത്തിന്റെ ഇപ്പോഴുള്ള സാമൂഹിക പശ്ചാത്തലവുമായി കൂട്ടിയിണക്കുന്ന  “അർജ്ജുനൻ സാക്ഷി“ യാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ആദ്യ ചിത്രത്തിലെന്നപോലെ കഥയും, തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയാണ് തന്റെ രണ്ടാമത്തെ ചിത്രവും രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്.