Raghu
കെ ജി ജോർജ്ജിന്റെ മേള എന്ന ചിത്രത്തിലെ നായകനായി ആണ് രഘു സിനിമയിൽ അരങ്ങേറിയത്. അങ്ങനെയാണ് മേള രഘു എന്ന പേരു അദ്ദേഹത്തിനു ലഭിക്കുന്നത്. ചേർത്തലയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രഘു, കെ.എസ്.ആർ.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളിൽ മൂത്തയാൾ ആയിരുന്നു. പഠിക്കാൻ മിടുക്കനല്ലായിരുന്ന രഘുവിനെ, പക്ഷേ പൊക്കമില്ലായ്മ ഉണ്ടാക്കിയ വാത്സല്യത്തിൽ പത്താം തരം വരെ എത്തിച്ചു. പക്ഷേ ആ കടമ്പ കടക്കുവാൻ രഘുവിനായില്ല. സ്കൂളിൽ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനങ്ങൾ നേടിയ രഘുവിന് പിന്നീട് ആശ്രയമായത് കലാരംഗം തന്നെ. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ഭാരത് സർക്കസിൽ ചേരുവാനായി രഘുവിനെ കായംകുളത്തുള്ള ബ്രോക്കറുടെ അടുത്തെത്തിക്കുന്നത്. സർക്കസ് രഘുവിന് നല്ല ജീവിതം സമ്മാനിച്ചില്ലെങ്കിലും, മറ്റു കലാകാരന്മാരുമായുള്ള ജീവിതം രഘുവിനെ സർക്കസിൽ തന്നെ പിടിച്ചു നിർത്തി.
സർക്കസ് മതിയാക്കി തിരിച്ചു വരാൻ അച്ഛൻ നിർബന്ധിച്ചുവെങ്കിലും രഘു സർക്കസിൽ തന്നെ തുടർന്നു. ഒടുവിൽ സർക്കസിലുണ്ടായ ഒരപകടം രഘുവിന്റെ മനം മടുപിച്ചു. പക്ഷേ ജീവിക്കാൻ വേറെ മാർഗമില്ലാത്തതിനാൽ രഘു തമ്പിൽ തന്നെ തുടർന്നു. അങ്ങനെയിരിക്കെ കോഴിക്കോട്ട് സർക്കസ് കളിക്കുന്ന വേളയിൽ രഘുവിനെ കാണാൻ ഒരു സിനിമാക്കാരൻ വന്നെത്തി. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് തിരക്കിയ അയാൾ ഒടുവിൽ സർക്കസ് മാനേജരുടെ സമ്മതം വാങ്ങി രഘുവിനെ സിനിമാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. അത് നടനും സംവിധായകനുമായ ശ്രീനിവാസൻ ആയിരുന്നു. അങ്ങനെ കെ ജി ജോർജ്ജിന്റെ മേളയിൽ രഘു നായകനായി. ശ്യാമളയുമായി രഘുവിന്റെ വിവാഹം ആ കാലത്തായിരുന്നു. പിന്നീട് കുറച്ചു സിനിമകളിൽ അഭിനയിച്ചു. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഈയിടെ ദൃശ്യത്തിലും ഒരു ഇന്ത്യൻ പ്രണയകഥയിലും ചെറിയ വേഷങ്ങളിൽ രഘു അഭിനയിച്ചു.
അവലംബം : മംഗളം വാരികയിൽ വന്ന മേള രഘുവിന്റെ അഭിമുഖം