Pradeep Chandrakumar

2013ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മറ്റി തിരഞ്ഞെടുത്ത മികച്ച ഗായകൻ എന്ന അവാർഡിന്റെ യഥാർത്ഥ അവകാശിയായ ദീപു എന്ന പ്രദീപ് ചന്ദ്രകുമാർ. രതീഷ് വേഗയുടെ സംഗീത സംവിധാനത്തിൽ "ഒറീസ്സ" എന്ന ചിത്രത്തിനു വേണ്ടി പാടിയ ജന്മാന്തരങ്ങൾ എന്ന ഗാനമാണ് അവാർഡിന് തിരഞ്ഞെടുത്തത്.

തൃശൂർ സ്വദേശി.1989ൽ ചന്ദ്രകുമാറിന്റെയും ശ്രീദേവിയുടെയും മകനായി ജനനം. തൃശൂർ ഹരിശ്രീ   വിദ്യാനിഥി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. തുടർന്ന്  തൃശൂർ  തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കിയ പ്രദീപ് അവിടെത്തന്നെ തുടർ പരിശീലനവും നടത്തുന്നു. കർണ്ണാടക സംഗീതവും പിയാനോയും അഭ്യസിച്ചിരുന്നു. എം3ഡിബി ടീം പുറത്തിറങ്ങിയ ഈണം ഉൾപ്പടെയുള്ള അൽബങ്ങളിൽ പാടിത്തുടങ്ങി. ആദ്യമായി പാടിയ “ആരോ കാതിൽ പാടി” എന്ന ഗാനം ശ്രദ്ധേയമായിരുന്നു. സംഗീത സംവിധായകൻ രതീഷ് വേഗയെ പരിചയപ്പെട്ടതോടെയാണ് സിനിമകളിൽ പാടാനുള്ള അവസരം കൈവരുന്നത്.   രതീഷ് സംഗീതം നിർവ്വഹിച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പ്രദീപ് തുടക്കമിട്ടു. സൂപ്പർഹിറ്റായ “ബ്യൂട്ടിഫുൾ” എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ “ചെഹരാ ഹേ ചാന്ദ് ” എന്ന പഴയകാല ഹിന്ദി ഗാനത്തിന് കവർ വേർഷനായി പ്രദീപിന്റെ പാട്ട് പ്രത്യക്ഷപ്പെട്ടു. തുടർന്ന് രതീഷ് വേഗയുടെ തന്നെ “ നമുക്ക് പാർക്കാൻ” എന്ന ചിത്രത്തിലാണ് പ്രദീപിന്റെ ആദ്യ സോളോ വേർഷൻ “വനമുല്ലയിലൂടെ” എന്ന ഗാനമായി പുറത്തിറങ്ങുന്നത്. എട്ടോളം ചിത്രങ്ങളിൽ ഇതുവരെ പാടിക്കഴിഞ്ഞു. മലയാള സിനിമയിലെ പ്രഗൽഭനായ അഭിനേതാവ് ടി ജി രവിയുടെ സഹോദരപുത്രനാണ് പ്രദീപ്.

2013ൽ പത്മകുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “ഒറീസ” എന്ന സിനിമയിൽ പിന്നണി ഗായകൻ കാർത്തിക്കിന് “ജന്മാന്തരങ്ങൾ” എന്ന ഗാനത്തിന് ട്രാക്ക് പാടിയത് പ്രദീപായിരുന്നു. ഈ ഗാനം സംവിധായകന്റെ നിർദ്ദേശപ്രകാരം സിനിമയിൽ ഉൾപ്പെടുത്തിരുന്നുവെങ്കിലും മികച്ച ഗായകൻ എന്ന സംസ്ഥാന അവാർഡ് കാർത്തികിന് ലഭ്യമായത് വിവാദമായി. സിനിമയിലെ പ്രദീപിന്റെ പാട്ടുകേട്ട ജൂറി അംഗങ്ങൾ നിർമ്മാതാവ് അവാർഡ് കമ്മറ്റിയിൽ തെറ്റിക്കൊടുത്ത പേരു വിവരം മൂലം മികച്ച ഗായകൻ എന്ന അവാർഡ്  കാർത്തികിനെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അവാർഡിനർഹമായ പ്രദീപിന്റെ ഗാനം താഴെക്കേൾക്കാം..