P Subramanyam

പി സുബ്രമണ്യം-സംവിധായകൻ-നിർമ്മാതാവ്-ചിത്രം
Merilaandu subrahmanyam
Neelaa subrahmanyam
Subrahmanyam

മലയാളസിനിമയുടെ ചരിത്രമെഴുതുമ്പോൾ നെടും തൂണായി പരാമർശിക്കേണ്ട പേരുകളിലൊന്നാണ് പി സുബ്രമണ്യം. നീലാ പ്രൊഡക്ഷൻസിന്റേയും മെരിലാൻഡ് സ്റ്റുഡിയോയുടേയും ഉടമയായിരുന്നു പി.സുബ്രമണ്യം.നാഗർകോവിൽ സ്വദേശികളായ പദ്മനാഭപിള്ളയുടേയും നീലാമ്മാളിന്റേയും പുത്രനായി 1910 ഫെബ്രുവരി 18നാണ് ശ്രീ സുബ്രഹ്മണ്യം ജനിച്ചത്. പദ്മനാഭപിള്ള 1930ൽത്തന്നെ തമ്പാനൂരിൽ ന്യൂതിയേറ്റർ പണികഴിപ്പിച്ച് സിനിമാപ്രദർശനമില്ലാത്ത സമയങ്ങളിൽ നാടകശാലയായി ഉപയോഗിച്ചിരുന്നു. ഇന്റർമീഡിയേറ്റിനു ശേഷം സുബ്രഹ്മണ്യം വാടർവർക്സിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും 1933ൽ ആ ജോലി രാജി വച്ച് സെക്രടേറിയറ്റിൽ അസംബ്ലി സെക്ഷനിൽ ക്ലാർക്കായി ജോലി നേടി. കാർക്കശ്യക്കാരനായ മേലുദ്യോഗസ്ഥൻ തണ്ടൻ വേലുപ്പിള്ളയുടെ നിയന്ത്രണം സഹിക്കാൻ കഴിയാതെ ആ ജോലിയും ഉപേക്ഷിച്ച് സുബ്രഹ്മണ്യം തമ്പാനൂരിൽ ഒരു മോടോർ വർക്ക്ഷോപ്പ് സ്ഥാപിച്ചു. പിൽക്കാലത്ത് ഇമ്പീരിയൽ ട്രാൻസ്പോർടിങ് എന്ന വൻ കമ്പനിയായി മാറി, ഈ സ്ഥാപനം. 1938ൽ പദ്മനാഭപിള്ള  ശ്രീപദ്മനാഭ എന്ന തിയേറ്ററും 1941ൽ പേട്ട കാർത്തികേയ തിയേറ്ററും സ്ഥാപിച്ചപ്പോൾ മകൻ സിനിമാരംഗവുമായി അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നു.  സുബ്രമണ്യം പൊതുരംഗത്തു ശ്രദ്ധപതിപ്പിച്ച്  കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തൈക്കാട് വാർഡിൽ നിന്നും മത്സരിച്ച് കൌൺസലറായി വിജയം നേടി. താമസിയാതെ 1942ൽ സിറ്റി കോർപറേഷൻ മേയറാവുകയും ചെയ്തു. കൂടുതൽ സമയവും തിയേറ്റർ നടത്തിപ്പിലും സിനിമാ മേഖലയിലും ശ്രദ്ധ വച്ചതിനാൽ രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനം നിഷേധിച്ചു അദ്ദേഹം.

ഈ സമയത്ത് തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമ്മാതാവും യുണൈറ്റെഡ് കോർപറേഷന്റെ ഉടമയുമായ കെ.സുബ്രഹ്മണ്യം ശ്രീ സുബ്രഹ്മണ്യത്തെ ഒരു മലയാളസിനിമാ നിർമ്മാണത്തിനു പ്രേരിപ്പിച്ചു. തെക്കേ ഇൻഡ്യയിൽ ആദ്യം നിർമ്മിക്കപ്പെട്ട ‘പ്രേം സാഗർ’ എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനായ കെ. സുബ്രഹ്മണ്യം ഇക്കാലത്ത് തന്നെ മദ്രാസിൽ നൃത്തോദയ എന്ന ഡാൻസ് സ്കൂൾ നടത്തുന്നുണ്ടായിരുന്നു . മകൾ പദ്മ സുബ്രമണ്യം അവിടത്തെ വിദ്യാർത്ഥിനിയും. പിന്നീട് ‘രഞ്ചൻ’ എന്ന പേരിൽ തമിഴിലും ഹിന്ദിയിലും ആക്ഷൻ ഹീറോ ആയിത്തിളങ്ങിയ ഗോപാലകൃഷ്ണനും ഈ വിദ്യാലയത്തിലെ ഭരതനാട്യ വിദ്യാർത്ഥി ആയിരുന്നു.  രണ്ടു സുബ്രമണ്യന്മാരുടെ കൂട്ടായ്മയിൽ അങ്ങനെ മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ആദ്യ പുരാണചിത്രവുമായ “പ്രഹ്ലാദ” പിറവി കൊണ്ടു.  വിഗതകുമാരൻ, മാർത്താണ്ഡവർമ്മ, ബാലൻ, ജ്ഞാനാംബിക എന്നെ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുൻപുണ്ടായിരുന്നത്. 1941ൽ റിലീസ് ചെയ്ത പ്രഹ്ലാദയിൽ ഗുരു ഗോപിനാഥ്, ഭാര്യ തങ്കമണി, എൻ. പി. ചെല്ലപ്പൻ നായർ എന്നിവർ അഭിനയിച്ചു. മലയാളത്തിലെ ആദ്യ സംഗീതസംവിധായകൻ എന്ന  ബഹുമതി പ്രഹ്ലാദയിലെ സംഗീതം ചെയ്ത  കിളിമാനൂർ മാധവ വാര്യർക്കാണ്.

             ഇക്കാലത്ത് മറ്റു രണ്ടു സ്റ്റുഡിയോകൾ - കെ.സി.ഡാനിയലിന്റെ ദി ട്രാവങ്കൂർ നാഷണൽ പിക്ചേഴ്സ്, ആലപ്പുഴ കുഞ്ചാക്കോയുടെ ഉദയ- എന്നിവ ഉണ്ടായിരുന്നെങ്കിലും സാങ്കേതികാവശ്യങ്ങൾക്കായി തമിഴ്നാടിനെ തന്നെ ആശ്രയിക്കേണ്ടി വന്നിരുന്നതിനാൽ പി. സുബ്രഹ്മണ്യം 1951ൽ മെരിലാൻഡ്’ എന്ന സ്റ്റുഡിയോ സ്ഥാപിച്ചു. ചലച്ചിത്ര നിർമ്മാണക്കമ്പനിയ്ക്ക് പേരിട്ടത് സ്വന്തം അമ്മയുടെ പേരു തന്നെ -‘നീലാ പ്രൊഡക്ഷൻസ്’‘.  കെ.പി. കൊട്ടാരക്കരയാണ് തിരക്കഥ-സംഭാഷണം ഒക്കെ രചിച്ചു തുടങ്ങിയത്. ‘ആത്മസഖി’ എന്ന ആദ്യചിത്രത്തിൽ നാടകപരിചയമുള്ള ഒരു പോലീസ് ഇൻസ്പെക്ടറായ സത്യനേശൻ നാടാരെയാണ് നായകനാക്കിയത്. ‘സത്യൻ’ എന്നപേരിൽ ഇദ്ദേഹം പിന്നീട് മലയാള സിനിമയുടെ വളർച്ചയിൽ അവിഭാജ്യഭാഗമായി മാറുന്നതിന്റെ ചരിത്രം ആണ് ഇവിടെ കുറിക്കപ്പെട്ടത് .  വീരൻ എന്ന വീരരാഘവൻ നായരും തമിഴ്-കന്നഡ സിനിമകളിൽ തിളങ്ങി നിന്നിരുന്ന ബി.എസ്.സരോജയും ആത്മസഖിയിൽ പ്രധാന വേഷങ്ങൾ ചെയ്തു.  കമുകറ പുരുഷോത്തമൻ എന്നൊരു പുതിയ ഗായകനെ 1953ൽ ഇറങ്ങിയ ‘പൊൻ കതിർ’ പരിചയപ്പെടുത്തി. ഇതേ സിനിമ മറ്റു രണ്ടു പ്രഗൽഭ നടിമാരേയും സിനിമാലോകത്തെത്തിച്ചു- രാഗിണി, ടി. ആർ ഓമന എന്നിവരെ.

1953ൽ കലാസാഗർ ഫിലിംസിന്റെ ‘തിരമാല’ മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമ്മിച്ചു. 1956ൽ പി. സുബ്രമണ്യം മന്ത്രവാദി എന്ന ചിത്രത്തിലൂടെ ഒരു സംവിധായകനും ആയി മാറി. ഇത് മെരിലാൻഡീൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഒമ്പതാമത്തെ ചിത്രമായിരുന്നു.

      മെരിലാൻഡിൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ സുബ്രഹ്മണ്യം 1977 വരെ 70ഓളം ചിത്രങ്ങൾ നിർമ്മിച്ചു. 8 തമിഴ് ചിത്രങ്ങളും ഒരു ഹിന്ദിയും ഒരു തെലുങ്കും സിനിമകൾ ഇതിൽ ഉൾപ്പെടുന്നു. പാടാത്ത പൈങ്കിളിയിൽ അഭിനയിക്കാനെത്തിയ ഏറ്റുമാനൂർക്കാരി ശാന്തമ്മ ‘ശാന്തി’ എന്ന പേരിൽ മേരിലാൻഡ്/നീലാ പ്രൊഡക്ഷൻസിന്റെ ഒരു അവിഭാജ്യ അംഗമായി മാറിയിരുന്നു.  കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും നീലാ പ്രൊഡക്ഷൻസും മത്സരബുദ്ധ്യാ പലപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. സുബ്രഹ്മണ്യം ‘ഭക്തകുചേല’ പുറത്തിറക്കിയപ്പോൾ കുഞ്ചാക്കോ ‘കൃഷ്ണകുചേല’ യുമായെത്തി. മുരുകഭക്തനായ സുബ്രഹ്മണ്യം നീലാ പ്രൊഡക്സിന്റെ ലോഗോ ആയി മുരുകനെത്തന്നെ പ്രതിഷ്ഠിയ്ക്കുകയും  മയിലിനു മുൻപിൽ വേൽധാരിയായി നിൽക്കുന്ന മുരുകരൂപപ്രദർശനത്തോടെ സിനിമാ തുടങ്ങുക എന്നത് മുഖമുദ്രയാകുകയും ചെയ്തു. പുരാണകഥകൾ  ചിത്രീകരിക്കുക എന്ന അതിസാഹസം ഏറ്റെടുക്കുക ഒരു വെല്ലുവിളി തന്നെയായിരുന്നു അക്കാലത്ത്. സംസ്ഥാനഗവണ്മെന്റ് ഏർപ്പെടുത്തിയ അവാർഡ് ആദ്യമായി ലഭിച്ചത് 1969ൽ ഇറങ്ങിയ ‘കുമാരസംഭവം’ എന്ന പുരാണ ചിത്രത്തിനാണ്.  വഞ്ചി പൂവർ ഫണ്ടിന്റേയും അയ്യപ്പസേവാസംഘത്തിന്റേയും പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ശ്രീ സുബ്രഹ്മണ്യം ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിൽ നിന്നും ലഭിച്ച ലാഭവിഹിതമായ 30 ലക്ഷം രൂപ ശബരിമല വികസനത്തിനു വേണ്ടി ചെലവഴിച്ചു. മറ്റൊരു സിനിമാ നിർമ്മാതാവോ സംവിധായകനോ ചെയ്യാത്ത കാര്യമാണിത്.  കൂടാതെ ശബരിമലയിലെ അയ്യപ്പൻ റോഡ് നിർമ്മിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.

1979 ഒക്റ്റോബർ 4-ന് എഴുപതാം വയസ്സിൽ ശ്രീ സുബ്രഹ്മണ്യം അന്തരിച്ചു.തിരുവനന്തപുരത്തെ ശ്രീകുമാർ,ശ്രീവിശാഖ്,ന്യൂ തിയറ്റർ,ശ്രീപദ്മനാഭ,ശ്രീബാല എന്നീ സിനിമാതിയറ്ററുകൾ ഇദ്ദേഹവും കുടുംബവും സ്ഥാപിച്ചതാണ്.

ചിത്രത്തിനു കടപ്പാട് : ദ ഹിന്ദു വർത്തമാനപ്പത്രം.