Parvathy Nair
പാർവതി വേണുഗോപാൽ നായർ എന്നാണ് മുഴുവൻ പേര്.പാർവതി നായർ എന്ന പേരിൽ സിനിമയിൽ ജോലി ചെയ്യുന്നു.
പരസ്യ - ഫാഷൻ മോഡലിംഗ് രംഗത്തുനിന്നാണ് പാർവതി നായർ സിനിമയിലേക്കെത്തുന്നത് .സിനിമയിൽ അഭിനയിയ്ക്കുന്നതിനു മുൻപ്, പ്രെസ്റ്റീജ് റൈസ് കുക്കർ, മൈസൂർ സിൽക്ക്, ഗൾഫ് ഗേറ്റ് , ഗോൾഡ് വിന്നർ ഓയിൽസ് എന്നിവയുടെ ഉൾപ്പെടെ ഏതാണ്ട് അമ്പതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കൂടാതെ അനേകം അച്ചടിമാധ്യമ പരസ്യങ്ങൾക്കും മോഡൽ ആയിരുന്നു.2009 ൽ മിസ്സ് മൈസൂർ സാൻഡൽ ആയും ലോറൻസ് മയോ - ഫെയ്സ് ഓഫ് കേരള ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2010 ൽ നേവീ ക്വീൻ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിനിമയിലേയ്ക്ക് വഴി തുറന്നത്.
2012 ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത "പോപ്പിൻസ് " എന്ന സിനിമയാണ് പാർവതി നായരുടെ ആദ്യസിനിമ.തുടർന്ന് ചെയ്ത അഭിരാം സുരേഷ് ഉണ്ണിത്താന്റെ "യക്ഷി-ഫെയ്ത്ഫുളി യുവേഴ്സ് " എന്ന സിനിമയിലെ യക്ഷിയുടെ വേഷമാണ് പാർവതി നായരെ ശ്രദ്ധേയയാക്കിയത് . "നീ കൊ ഞാ ചാ"യിലെ സാനിയയുടെ വേഷവും ശ്രദ്ധേയമായിരുന്നു. 2013 ൽ കെ ആർ ജഗദീശയുടെ "Story Kathe" എന്ന സിനിമയിലൂടെ കന്നഡ സിനിമയിലും അരങ്ങേറി. കന്നടയിലും മലയാളത്തിലുമായി തിരക്കുള്ള അഭിനേത്രിയാണ് പാർവതി നായർ ഇന്ന്.കൂടാതെ തമിഴിലും ബോളിവുഡിലും പാർവതി നായർ കരാർ ചെയ്യപ്പെട്ടിട്ടുണ്ട്.
അബു ദാബിയിൽ സ്ഥിരതാമസക്കാരായ മലയാളികളാണ് പാർവതി നായരുടെ മാതാപിതാക്കൾ. അവർ ഓണ്‍ ഇംഗ്ലീഷ് സ്കൂൾ അബുദാബി, സെ.തോമസ് സെൻട്രൽ സ്കൂൾ തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. അമൃത ടിവിയിലെ സൂപ്പർ മോഡൽസ് എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാൾ ആയിരുന്നു പാർവതി നായർ.