Thodupuzha Vasanthi
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. സ്വന്തമായി ബാലെ ട്രൂപ്പുണ്ടായിരുന്ന വാസന്തിയുടെ അച്ഛൻ, ഒരു മികച്ച ഒരു നടനുമായിരുന്നു. അമ്മ, പങ്കജാക്ഷിയമ്മയിൽ നിന്നും തിരുവാതിരകളിയും അൽപം നൃത്തവും പഠിച്ചു. അച്ഛന്റെ പ്രോത്സാഹനത്തിലാണ് ചെറുപ്രായത്തിൽ മുതൽ വാസന്തിയും ചേച്ചിയും ബാലെകളിൽ അഭിനയിച്ചു തുടങ്ങി. കൂടുതലായും പുരുഷ വേഷങ്ങളാണ് അക്കാലത്ത് വാസന്തി കൈകാര്യം ചെയ്തിരുന്നത്. ശിവതാണ്ഡവത്തിലെ ശിവൻ, ഗീതോപദേശത്തിലെ അർജുനൻ അങ്ങനെ പോകുന്നു ആ വേഷങ്ങൾ. പല ബാലെകളിലും നെഗറ്റീവ് റോളുകൾ ചെയ്തിരുന്ന വാസന്തി, വേഷങ്ങളുടെ ക്രൂരത കൊണ്ട് പലപ്പോഴും കാണികളുടെ അപ്രീതിക്ക് പാത്രമായിട്ടുണ്ട്. നന്നായി നൃത്തം ചെയ്തിരുന്ന വാസന്തി പിന്നീട് ശാരംഗപാണിയുടെ ട്രൂപ്പിൽ ചേർന്നു. അവിടെ നൃത്ത പരിപാടികളുമായി മുന്നോട്ട് പോകുന്ന അവസരത്തിൽ ഉദയായുടെ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ഒരുങ്ങുന്നത്. അതിലെ ഒരു നൃത്ത രംഗത്ത് അഭിനയിച്ചു കൊണ്ടാണ് വാസന്തി സിനിമയിൽ അരങ്ങേറുന്നത്. ശാരംഗപാണി തന്നെയായിരുന്നു വാസന്തിയുടെ പേര് മുന്നോട്ട് വച്ചത്. പിന്നീട് ഉദയായുടെ പല ചിത്രങ്ങളിലും ചെറു വേഷങ്ങൾ ചെയ്തു.
ആദ്യത്തെ പ്രധാന ബ്രേക്ക് എന്നത് ഐ.വി ശശിയുടെ അഭിനിവേശം എന്ന ചിത്രമായിരുന്നു. അതുവരെ നൃത്തരംഗങ്ങളിൽ മാത്രം അഭിനയിച്ച വാസന്തിക്ക്, ആ സിനിമയിൽ ഡയലോഗുകൾ വന്നപ്പോൾ, അതൊരു പ്രശന്മായി മാറി. പിന്നീട് അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. അങ്ങനെ അവിടെ വച്ച് സുന്ദരം കല്യാണയ്യറാണ് വാസന്തിയെ ഡയലോഗ പ്രസന്റേഷൻ പഠിപ്പിക്കുന്നത്. കുറച്ചു കാലം നാടകത്തിൽ സജീവമായ വാസന്തി പിന്നീട് സിനിമയിലേക്ക് തിരിച്ചു വന്നത്, തോപ്പിൽ ഭാസിയുടെ 'എന്റെ നീലാകാശം' എന്ന ചിത്രത്തിലൂടെയാണ്. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. ഇപ്പോൾ 'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയം നടത്തുന്ന വാസന്തി, കലാരംഗത്ത് ഇപ്പോഴും സജീവമാണ്.
അവലംബം: അമൃതാ ടിവിയുടെ ഇന്നലെയുടെ താരം എന്ന പ്രോഗ്രാം.