Kochin Ammini
കെ ജെ യേശുദാസിനൊപ്പം സംഗീത പഠനം ആരംഭിച്ച അമ്മിണി, ബന്ധുവായ യേശുദാസിനോടൊപ്പം തന്നെ രണ്ടാം ക്ലാസ്സ് മുതൽ സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ശ്രീധരൻ ഭാഗവതരായിരുന്നു സംഗീതത്തിൽ ഇവരുടെ ആദ്യ ഗുരു. പതിമൂന്നാം വയസ്സിൽ പാട്ടുകാരിയും അഭിനേത്രിയുമായി “ജീവിതമത്സരം” എന്ന നാടകത്തിൽ അഭിനയിച്ചു തുടങ്ങി. കെ പി എ സി, ചങ്ങനാശേരി ഗീത തുടങ്ങിയ നാടകസമിതികളിൽ അഭിനയിച്ചു. ബഹദൂറിന്റെ “ബല്ലാത്ത പഹയൻ” എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കേ ബഹദൂറിന്റെ തന്നെ ശുപാർശയിൽ അദ്ദേഹത്തിന്റെ ജോഡിയായി “കണ്ടം ബച്ച കോട്ട്” എന്ന സിനിമയിൽ വേഷമിട്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. ഉണ്ണിയാർച്ച,തോക്കുകൾ കഥ പറയുന്നു, അടിമകൾ, വാഴ്വേമായം, ഭാര്യമാർ സൂക്ഷിക്കുക, ഇവർ, അഞ്ചു സുന്ദരിമാർ തുടങ്ങിയ സിനിമകളിൽക്കൂടി അഭിനയിച്ചുവെങ്കിലും അഭിനേത്രിയായി അധികം തുടരാൻ സാധിച്ചില്ല, പകരം ഉദയാ സ്റ്റുഡിയോ-കുഞ്ചാക്കോയുടെ നിർദ്ദേശപ്രകാരം ചെയ്ത് തുടങ്ങിയ ഡബ്ബിംഗ് പിൽക്കാലത്ത് ഒരു സ്ഥിരം തൊഴിലായി സ്വീകരിച്ചു. മലയാള സിനിമയിലെ ആദ്യ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൊച്ചിൻ അമ്മിണി ആണെന്നാണ് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ “സ്വരഭേദങ്ങൾ” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രേസി, ബി എസ് സരോജ, വിജയശ്രീ, കുശലകുമാരി, ജ്യോതിലക്ഷ്മി തുടങ്ങി നിരവധി നടിമാർക്ക് കൊച്ചിൻ അമ്മിണി ശബ്ദം കൊടുത്തുവെങ്കിലും ഇതിൽ ഏറ്റവും കൂടുതൽ തവണ ശബ്ദം കൊടുത്തത് ശാരദയുടെ വേഷങ്ങൾക്കാണ്. വിരലിൽ എണ്ണാവുന്ന വേഷങ്ങളൊഴിച്ചാൽ ശാരദ മലയാളത്തിൽ അഭിനയിച്ച മിക്ക ചിത്രങ്ങൾക്കും ശബ്ദം കൊച്ചിൻ അമ്മിണിയുടേതായിരുന്നു. ഒരു ഇന്റർവ്യൂവിൽ ശാരദയോട് ശബ്ദം നൽകിയ ആർട്ടിസ്റ്റിന്റെ പേരു ചോദിച്ചപ്പോൾ കൊച്ചിൻ അമ്മിണിയുടെ പേരോർത്തെടുക്കാൻ കഴിയാതെ ആലപ്പുഴയിലെ “ഒരാൾ” എന്ന് പറഞ്ഞത് ദു:ഖകരമായൊരു കൗതുകമായി കണക്കാക്കുന്നു. ഭർത്താവ് ജൂൺ ക്രൂസ്സ്, ദാമ്പത്യം വിജയകരമായിരുന്നില്ല.
അവലംബം :- ഇന്ത്യൻ എക്സ്പ്രസ് ന്യൂസ്