Kallen Pokoodan

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകനാണ് കല്ലേൻ പൊക്കുടൻ. യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടെയും കല്ലേൻ വെള്ളച്ചിയുടെയും മകനായി  1937 ൽ ജനിച്ചു. ഏഴോം മൂലയിലെ ഹരിജൻ വെൽഫേർ സ്കൂളിൽ നിന്ന് രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയിത്തുടങ്ങി. പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളന്നപ്പോൾ സി.പി.എം അനുഭാവിയായി. കൃഷിക്കാർക്കുവേണ്ടി ഏ.കെ.ജി ഡൽഹിയിൽ ജയിൽ നിറക്കൽ സമരം നടത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ 15 ദിവസം കിടന്നു. ഏഴോം കർഷകത്തൊഴിലാളി സമരവും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു. ഏഴോം കർഷകത്തൊഴിലാളി സമരം(1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി.

കൗതുകങ്ങൾ/അംഗീകാരങ്ങൾ

  • ജനന സമയത്ത് പൊക്കിൾ കൊടി വീർത്തിരുന്നതാണ്‌ ഈ പേരിനുകാരണം എന്ന് പൊക്കുടൻ തന്നെ വിശദീകരിക്കുന്നു, അക്കാലത്ത് ഹിന്ദുക്കൾക്കിടുന്ന പേരുകൾ പുലയർക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു.
  • ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. 
  • യൂഗോസ്ലാവ്യ,ജർമ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്
  • കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്
  • എൻവയോൺമെന്റ് ഫോറം,കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം
  • പരിസ്ഥിതി സം‌രക്ഷണസം‌ഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം
  • കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം
  • മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം - 2010
  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം - 2012

പുസ്തകങ്ങൾ

  • എന്റെ ജീവിതം (ആത്മകഥ)
  • കണ്ടൽ കാടുകൾക്കിടിയിൽ എന്റെ ജീവിതം
  • ചൂട്ടാച്ചി

 

അവലംബം: വിക്കിപീഡിയ