I Shanmughadas

ഒറ്റപ്പാലത്ത് ജനനം. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം, ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് അധ്യാപകനായി വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ ഭാഗമായിരുന്നു. എഴുപതുകൾ മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്നു.

മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം 'സഞ്ചാരിയുടെ വീടി'ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്യ'ത്തിനെ കുറിച്ചെഴുതിയ  'ദൈവനർത്തകന്റെ ക്രോധ'ത്തിന് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ്, ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം, രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 

'മലകളില്‍ മഞ്ഞ് പെയ്യുന്നു', 'സിനിമയുടെ വഴിയില്‍', 'സഞ്ചാരിയുടെ വീട്', 'ശരീരം, നദി, നക്ഷത്രം', 'സിനിമയും ചില സംവിധായകരും', 'ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍', 'ആരാണ് ബുദ്ധനല്ലാത്തത്' എന്നിവയാണ് പ്രാധാന കൃതികള്‍ 

കൂടുതൽ വിവരങ്ങൾക്ക് അവലംബം :- ഷാജി ടി യു