Edava Basheer

പുതിയ തലമുറക്ക് ഒട്ടും പരിചിതനല്ലാത്ത ഒരു ഗായകനാണ് ശ്രീ ഇടവാ ബഷീർ. ഒരു കാലത്ത് തന്റെ മാന്ത്രിക ശബ്ദം കൊണ്ട് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച ബഷീറിനെ പഴയ തലമുറ എന്തായാലും ഓർക്കുന്നുണ്ടാകും. ഇടവ എന്നാ ചെറു ഗ്രാമത്തിലാണ്  ബഷീർ ജനിച്ചത്. റേഡിയോ പോലും കേൾക്കാനുള്ള സാഹചര്യം ഇല്ലായിരുന്ന അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, അദ്ദേഹത്തെ  സംഗീതവുമായി അടുപ്പിച്ചത്, ആ നാട്ടുകാർ വിദേശത്തു നിന്ന് കൊണ്ടു വന്ന പഴയ റിക്കാർഡ് പ്ലെയറുകൾ ആയിരുന്നു. റിക്കാർഡ് പ്ലെയറിൽ യേശുദാസിന്റേയും റാഫിയുടേയും ഗാനങ്ങൾക്കൊപ്പം പാടിയാണ് ബഷീർ ആദ്യകാലങ്ങളിൽ സംഗീതത്തിൽ പരീശീലനം നടത്തിയിരുന്നത്. കലയിലും കായിക രംഗത്തും തല്പരനായിരുന്ന ബഷീറിനെ മാതാപിതാക്കൾ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. കൊല്ലം കൃസ്തുരാജ് ഹൈസ്കൂളിലെ വിദ്യാഭ്യാസ സമയത്ത് വിവിധ സംഗീത മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു നിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. മ്യൂസിക് കോളേജിൽ പഠനമാരംഭിച്ച ശേഷം, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും കൂടുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 

മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കിയ ശേഷം, വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള  ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. യേശുദാസായിരുന്നു അവരുടെ പരിപാടി അന്ന് ഉത്ഘാടനം ചെയ്തത്. ഒരിക്കൽ തന്റെ പിതാവിന്റെ ജോലിസ്ഥലമായ സിംഗപ്പൂരിൽ പോകാൻ അവസരം ലഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മാമൻ ഒരു അക്കോർഡിയൻ സമ്മാനിച്ചു. അന്ന് വരെ ഇരട്ട മൈക്കിലൂടെ ഗാനമേള നടത്തിയിരുന്ന നമ്മുടെ നാട്ടിൽ, ഇതൊരു അപൂർവ വസ്തുവായിരുന്നു. അക്കോർഡിയൻ ഗാനമേളകളിൽ അവതരിപ്പിച്ചതോടെ അത് വൻ ജനക്കൂട്ടത്തെ ആകർഷിച്ചു. അന്ന് വരെ ഗാനമേളകളിൽ നിന്നും ലഭിച്ചിട്ടില്ലാത്ത ഒരു അനുഭൂതി കേഴ്‌വിക്കാർക്ക് പ്രധാനം ചെയ്യുവാൻ ബഷീറിന്റെ സംഗീതാലയ്ക്ക് സാധിച്ചു. അങ്ങനെ കേരളത്തിൽ ആദ്യമായി അത്യാധുനിക സംഗീതോപകരണങ്ങൾ ഗാനമേളാ വേദികളിൽ അവതരിപ്പിച്ചത് ബഷീർ ആയിരുന്നു. അത്യാധുനികമായ സംഗീതോപകരണങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിച്ച് അദ്ദേഹം തന്റെ ഗാനമേളകൾക്ക് കൊഴുപ്പുകൂട്ടി. ഈ സംഗീതോപകരണങ്ങൾ കാണുവാൻ തന്നെ ജനം കൂടുന്ന അവസ്ഥ ആയിടക്ക് ഉത്സവപ്പറമ്പുകളിൽ സംജാതമായിരുന്നു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്നാ കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു. ബഷീറിന്റെ ഗാനമേളകൾ ശ്രവണ സുഖം മാത്രമല്ല, നയനാനന്ദകരവുമായിരുന്നു എന്ന് നിസ്സംശയം പറയാം. ജനങ്ങളുടെ പൾസറിഞ്ഞ്, അവരെ ആനന്ദിപ്പിക്കുവാൻ ബഷീറിനു കഴിഞ്ഞു എന്നത് തന്നെയായിരിക്കാം ഗാനമേള രംഗത്തെ അദ്ദേഹത്തിന്റെ വിജയ രഹസ്യം. കേരളത്തിലുടനീളം ബഷീറും സംഗീതാലയയും ഗാനമേളകൾ നടത്തി. ഗാനമേളകൾക്കൊപ്പം മാപ്പിളപ്പാട്ടുകളുടെ ഒരു വേറിട്ട ശബ്ദം കൂടിയായിരുന്നു ഇടവ ബഷീർ. കുളിർ കോരി പൂനിലാവിൽ.., ഈദുൽ ഫിതറിൻ തക്ബീർ നാദം.... , പെരുന്നാൾ കുരുവീ.. തുടങ്ങിയവ അവയിൽ ചിലത് മാത്രം. 

ഗാനമേളകളിലൂടെ പ്രശസ്തനായ ബഷീറിനെ തേടി സിനിമാഗാനങ്ങളും എത്തി. അൻവർ സുബൈർ രഘുവംശം എന്ന ചിത്രം എടുത്തപ്പോൾ, ബഷീറിനു പാടുവാൻ അവസരം നൽകി. ഇ.ടി ഉമ്മറായിരുന്നു സംഗീത സംവിധായകൻ. മദ്രാസിൽ എ വി എം സ്റ്റുഡിയോയിൽ വച്ച്  എസ്.ജാനകിക്കൊപ്പം പാടിയ  'വീണവായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. പിന്നീട് അൻവർ സുബൈറിന്റെ തന്നെ മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെ.ജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..' എന്നാ ഗാനം സൂപ്പർ ഹിറ്റായതോടെ ഉത്സവപ്പറമ്പുകളുടെ പ്രിയഗായകനെ മലയാളക്കരയാകെ അറിഞ്ഞു. സിനിമികളിൽ പാടുവാൻ അവസരം ലഭിച്ചുവെങ്കിലും, ബഷീർ ഗാനമേളകൾക്കു തന്നെയാണ് പ്രാധാന്യം നൽകിയത്. ഗാനമേളകളുടെ തിരക്കിൽ പലപ്പോഴും സിനിമയിൽ പാടുവാനുള്ള കഷണങ്ങൾ നിരസിക്കേണ്ടതായി വന്നു. മദ്രാസിൽ പോയി സിനിമക്ക് പാടുവാനുള്ള അസൌകര്യവും അതിനു പിന്നിൽ ഉണ്ടായിരുന്നു. ദേവരാജൻ മാഷിന്റെ കത്തുകൾ പലപ്പോഴും ഗാനമേളയുടെ തിരക്കിൽ വൈകിയാണ് ബഷീറിന്റെ പക്കൽ എത്തിച്ചേർന്നത്. സിനിമയിൽ അധികം ഗാനങ്ങൾ പാടാനാവത്തതിൽ ഇപ്പോഴും ദുഖിക്കുന്നുണ്ട് ബഷീർ. കേരളത്തിന്റെ അകത്തും പുറത്തും പതിനായിരക്കണക്കിന് ഗാനമേളകൾ അവതരിപ്പിച്ച ബഷീർ ഒരിക്കലും ഗാനമേള പണ സമ്പാദനത്തിനായി ഉപയോഗിച്ചിട്ടില്ല. പലപ്പോഴും തീയേറ്റരുകളുടെ പിറകിൽ നിന്ന് ഗാനങ്ങൾ എഴുതിയെടുത്തായിരുന്നു അദ്ദേഹം ഗാനമേളകൾക്ക് പാടിയിരുന്നത്. മലയാള സിനിമയിലെ പല പ്രമുഖ സംഗീതജ്ഞരും അവരുടെ കരിയറിന്റെ തുടക്ക കാലത്ത് ബഷീറിനൊപ്പം ഗാനമേളകളിൽ വേദി പങ്കിട്ടിട്ടുണ്ട്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ അദ്ദേഹത്തിന്റെ ട്രൂപ്പിൽ വയലിനിസ്റ്റായി ഒരു പാടു കാലം പ്രവർത്തിച്ചിരുന്നു. ഇന്ന് ഗാനമേളകൾ കുറവാണെങ്കിലും, ഇപ്പോഴും ആൽബങ്ങളിലൂടെയും ജുഗൽബന്ദി പ്രോഗ്രാമുകളിലൂടെയും  സംഗീത ലോകത്ത് ബഷീർ സജീവമാണ്. ഓൾ കേരള മ്യുസീഷ്യൻസ് & ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ എന്നൊരു സംഘടന ബഷീറും സുഹൃത്തുക്കളും ചേർന്ന് രൂപികരിച്ചു. അതിന്റെ പ്രസിഡന്റായി ഇപ്പോഴും സജീവമാണ്  അദ്ദേഹം. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാർ. അഞ്ചു് മക്കൾ. ഭീമ, ഉല്ലാസ്, ഉഷസ്സ്, സ്വീറ്റാ, ഉന്‍മേഷ്. 

അവലംബം : അമൃതാ ടിവിയുടെ ഇന്നലത്തെ താരം എന്ന പ്രോഗ്രാം