Dileepu

നടൻ. 1968 ഒക്ടോബർ 27 നു എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ദേശം എന്ന ഗ്രാമത്തിൽ ജനനം. സ്ക്കൂൾ കോളേജ് കാലഘട്ടത്തിൽ മിമിക്രിയിലൂടെ കലാജീവിതം തുടങ്ങി. തുടർന്ന് എറണാകുളം കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി. ഏഷ്യാനെറ്റിലെ കോമിക് കോള എന്ന ഹാസ്യ പരമ്പര, നിരവധി സ്റ്റേജ് ഷോകൾ എന്നിവ അവതരിപ്പിച്ചു. സിനിമയോടുള്ള മോഹം കൊണ്ട് സംവിധായകൻ കമലിന്റെ 1991 മുതൽ വിഷ്ണുലോകം എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി. കമലിന്റെ തന്നെ ‘എന്നോടിഷ്ടം കൂടാമോ” എന്ന സിനിമയിലെ ചെറുവേഷത്തിൽ അഭിനയം തുടങ്ങി. തുടർന്ന് സൈന്യം എന്ന ജോഷി ചിത്രം. 1994ൽ സുനിൽ സംവിധാനം ചെയ്ത’മാനത്തെ കൊട്ടാരം’ എന്ന സിനിമയിൽ നായക വേഷം. 2000ൽ ലോഹിതദാസ് ചിത്രമായ ‘ജോക്കർ’ ദിലീപിനെ ജനപ്രിയനാക്കി. ആ ചിത്രത്തിന്റെ വിജയത്തിലൂടെ നിരവധി വിജയ സിനിമകളിൽ നായകനായി. ദിലീപിന്റെ സുഹൃത്തും കമലിന്റെ അസോസിയേറ്റുമായിരുന്ന ലാൽ ജോസ് 2000ൽ സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന ചിത്രത്തിന്റെ അൽഭുത വിജയം ദിലീപിനെ ‘ജനപ്രിയ നടൻ’ എന്ന പദവി നേടിക്കൊടുത്തു.

2003ൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമാ നിർമ്മാണക്കമ്പനി ആരംഭിച്ചു. ‘സി ഐ ഡി മൂസ‘ ആയിരുന്നു ആദ്യ ചിത്രം. 2008ൽ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ എല്ലാ താരങ്ങളേയും അണിനിരത്തി ട്വന്റി 20 എന്ന ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിച്ചു. മലയാളത്തിലെ എക്കാലത്തേയും കൊമേഴ്സ്യൽ വിജയമായിരുന്നു ആ ചിത്രം. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാന രംഗത്ത് തുടക്കം കുറിച്ച ‘മലർവാടി ആർട്ട്സ് ക്ലബ്ബ്, ബിപിൻ പ്രഭാകർ സംവിധാനം ചെയ്ത “ദി മെട്രോ” എന്നീ സിനിമകളും ദിലീപ് നിർമ്മിച്ചു.

അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ രണ്ടു ചിത്രങ്ങളിൽ ഗായകന്റെ വേഷവും അണിഞ്ഞിട്ടുണ്ട് ദിലീപ്. ജയരാജ് സംവിധാനം ചെയ്ത ‘തിളക്കം” എന്ന ചിത്രത്തിലും ജോണി ആന്റണിയുടെ ‘ഇൻസ്പെക്ടർ ഗരുഡ്’ എന്ന ചിത്രത്തിലും ദിലീപ് പിന്നണി പാടി.

2002ൽ കുഞ്ഞുക്കൂനൻ എന്ന സിനിമയിലെ പ്രകടനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് ആദ്യമായി നേടി. തുടർന്ന് 2005ൽ ചാന്തു പൊട്ട് എന്ന സിനിമയിലെ അഭിനയത്തിനും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി പുരസ്കാരം ലഭിച്ചു. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ അഭിനയത്തിനു 2011ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടി.

മലയാളത്തിലെ പ്രശസ്ത നടിയായിരുന്ന മഞ്ജുവാര്യരാണ് ഭാര്യ. മകൾ മീനാക്ഷി