Minon

പതിമൂന്ന് വയസ്സ് മാത്രം പ്രായം. ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത, 6000ത്തിലധികം ചിത്രങ്ങൾ വരച്ച, തൃശ്ശൂർ,കോട്ടയം തുടങ്ങിയ ലളിതകലാ അക്കാദമികളിലുൾപ്പടെ ഏകദേശം അറുപതോളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള വ്യക്തി. ആലപ്പുഴ ഹരിപ്പാട് വീയപുരം ഇടത്തിട്ടങ്കേരിലെ മിനോൺ എന്ന ഈ ചെറു കലാകാരൻ “101 ചോദ്യങ്ങൾ”  എന്ന സിനിമയിലൂടെ നേടിയത് മികച്ച ബാലതാരത്തിനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ. ഔപചാരിക വിദ്യാഭ്യസ സമ്പ്രദായത്തിൽ നിന്ന് മാറി പുസ്തകങ്ങളിലൂടെയും പ്രകൃതിയിലൂടെയുമൊക്കെ വിദ്യ അഭ്യസിക്കാൻ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ. ശില്പിയും കലാകാരനുമായ ജോൺ ബേബിയാണ് പിതാവ്. ചിത്രകാരിയായ മാതാവിന്റെ പേര് മിനി. ചുമർ ചിത്രകല, പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം, മ്യൂറൽ പെയിന്റിംഗ് തുടങ്ങി നിരവധി ക്ലാസ്സുകൾ യൂണിവേഴ്സിറ്റി-പ്രൊഫഷണൽ കോളേജ്-സ്കൂൾ തലങ്ങളിൽ എടുത്ത് കഴിഞ്ഞ മിനോൺ ഒരു മതത്തിലും ദൈവത്തിലും വിശ്വാസമർപ്പിക്കാത്ത യുക്തിവാദി കൂടിയാണ്. നെയ്ത്ത്, ശില്പവിദ്യ, സ്പീഡ് കാരിക്കേച്ചർ-പെയിന്റിംഗ് തുടങ്ങിയ വിദ്യകളിൽ പ്രാവീണ്യം നേടി. പൊതുയോഗങ്ങളും, കവിയരങ്ങും, ചിത്രപ്രദർശനങ്ങളുമൊക്കെ കണ്ടും അറിഞ്ഞുമാണ് പലതിലും അറിവ് നേടിയെടുത്തത്. ഒന്നര വയസ്സ് മുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങി. കൈത്തറിത്തുണിയിൽ സ്വന്തമായിത്തുന്നിയെടുക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നു.

മറ്റ് കുട്ടികളേപ്പോലെ സ്കൂളിൽ പഠിച്ചിട്ടില്ലാത്ത മിനോൺ 101 ചോദ്യങ്ങൾ എന്ന ചലച്ചിത്രത്തിൽ പലപ്പോഴും സംശയങ്ങളുണർത്തുന്ന "അനിൽ കുമാർ ബൊക്കാറോ" അഞ്ചാം ക്ലാസ്സുകാരനെ മികച്ച രീതിയിൽ അവതരിപ്പിച്ചാണ് അവാർഡുകൾ വാരിക്കൂട്ടിയത്. ചിത്രരചനയിലും ശില്പനിർമ്മാണത്തിലും മിടുക്കിയായ ഇളയ സഹോദരി മിന്റുവും മിനോണിനേപ്പോലെ തന്നെ സ്കൂളിൽ നിന്ന് ഔപചാരികവിദ്യാഭ്യാസം ചെയ്യുന്നില്ല. ഫോട്ടോഗ്രഫിയിലും ലോകസഞ്ചാരത്തിലും കമ്പമുള്ള മിനോൺ രണ്ടാമതായി അഭിനയിച്ച ചിത്രം “ടൗൺ റ്റു ടൗൺ”.

അവലംബങ്ങൾ

മിനോണിന്റെ ചിത്രത്തിന് കടപ്പാട് - ഇൻസൈറ്റിന്റെ ബ്ലോഗ്