Baby Chottanikkara
ചോറ്റാനിക്കര സ്വദേശിയായ വി പി ബേബി പഠനക്കാലത്ത് തന്നെ കലാരംഗത്ത് സമർത്ഥനായിരുന്നു.പിന്നീട് അമച്വർ നാടകങ്ങളിൽ നടനായും നാടകകൃത്തായും പ്രവർത്തിച്ചു. മലയാള മനോരമയിൽ ജോലി നേടി തിരുവനന്തപുരത്തെത്തിയ ബേബിക്ക് സിനിമയിൽ ഡബ്ബിംഗിനുള്ള അവസരമൊരുങ്ങി. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന ചിത്രത്തിൽ അഭിനേതാവായ വിജയരാഘവന് ശബ്ദം നൽകിക്കൊണ്ടാണ് ബേബി സിനിമയിലെത്തുന്നത്. തുടർന്ന് കുഞ്ഞാണ്ടി മുതൽ നരേന്ദ്രപ്രസാദ് വരെ ഒട്ടേറെ പേർക്ക് ശബ്ദം നൽകി. എൻ എഫ് വർഗീസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ നാലോളം പൂർത്തിയാവാഞ്ഞ ഡബ്ബിംഗ് ചെയ്തത് ബേബിയാണ്. കീരിക്കാടൻ ജോസ്,സ്ഫടികം ജോർജ്ജ് തുടങ്ങിയ വില്ലന്മാർക്ക് സ്ഥിരമായി ശബ്ദം നൽകിയിരുന്നത് ബേബിയായിരുന്നു. രാവണപ്രഭുവിൽ തമിഴ്നടൻ നെപ്പോളിയൻ അവതരിപ്പിച്ച മുണ്ടക്കൽ ശേഖരന് ശബ്ദം നൽകിയത് പ്രശംസ പിടിച്ചു പറ്റിയിരുന്നു. നരേന്ദ്രപ്രസാദിന്റെ മരണശേഷം ഗൗരീശങ്കരത്തിൽ അദ്ദേഹത്തിനു വേണ്ടി ഡബ്ബ് ചെയ്ത ബേബിക്ക് 2003ലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലഭ്യമായി. സിനിമകൾ കൂടാതെ ഒട്ടേറെ ടി വി പരമ്പരകൾക്കും റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽകിയിരുന്നു.
43ആം വയസ്സിൽ 2005 ജനുവരി 9ആം തീയതി അദ്ദേഹം മരണമടഞ്ഞു.മലയാള മനോരമ തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ മേരി മകൻ ശരത്.