P Ramadas
വിദ്യാർത്ഥി ആയിരിക്കെ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ മലയാള സിനിമയിൽ ചരിത്രപരമായ ഒരു മാറ്റം കൊണ്ടു വന്ന സംവിധായകനാണ് പി രാമദാസ്. വി ശാന്താറാം, അമേയ ചക്രവർത്തി തുടങ്ങിയ സിനിമാ സംവിധായകരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട രാമദാസ് ഫിലിം ഫെയറിൽ കണ്ട ഒരു വാർത്തയുടെ അടിസ്ഥാനത്തിലാണ് ആദ്യ സിനിമ സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നത്. "രാജ്കപൂർ ആണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്നായിരുന്നു ആ വാർത്ത". തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് സുഹൃത്ത് പരമേശ്വരനുമൊത്ത് തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാമദാസ് ആ വാർത്തയെ മാറ്റിമറിച്ചത്. ആദ്യം "കമ്പോസിറ്റർ" എന്നൊരു ചെറുകഥയെഴുതി മാഗസിനിൽ പബ്ലീഷ് ചെയ്തത് പിന്നീട് സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മദ്രാസിൽ നിന്നും ഒരു 8m.m ക്യാമറ വാങ്ങുകയും ഏറെ സിനിമാ പുസ്തകങ്ങൾ ഒക്കെ പഠിച്ച് സിനിമ പൂർത്തിയാക്കുകയും ചെയ്തു. രാമദാസ്, സഹോദരൻ ബാലകൃഷ്ണൻ,പരമേശ്വരൻ,കന്തസ്വാമി തുടങ്ങി സിനിമയുടെ പിന്നിൽ അണിനിരന്നവരൊക്കെ അന്ന് വിദ്യാർത്ഥികളായിരുന്നു.
"ആദർശ് കലാമന്ദിർ" എന്ന ബാനറിൽ കേണൽ ഗോദരാജവർമ്മയാണ് 1954 മെയ് അഞ്ചിന് തിരുവനന്തപുരം മെറീലാന്റ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ടിംഗ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. അത്രനാളും നിലനിന്നിരുന്ന സിനിമാ സങ്കൽപ്പങ്ങൾക്കും കച്ചവടസാധ്യതകൾക്കും വിരുദ്ധമായിരുന്നതിനാൽ വിതരണക്കാരെ ലഭ്യമായില്ല. പ്രേക്ഷകരുടെ അഭിരുചികൾക്കനുസരിച്ച് സിനിമയിൽ മാറ്റം വരുത്തണമെന്ന് ശഠിച്ച വിതരണക്കാർക്ക് രാമദാസ് വഴങ്ങിയുമില്ല. അവസാനം മലബാർ-കൊച്ചി വിതരണവകാശം ആർ എസ് പിക്ചേഴ്സിനും, തിരുവനന്തപുരം വിതരണം വെറൈറ്റി പിക്ചേഴ്സും ഏറ്റെടുത്തു. സിനിമയുടെ അന്ത്യം സ്വാഭാവികമായി എഴുതിക്കാണിച്ചിരുന്ന "ശുഭം" എന്നത് മാറ്റി "ആരംഭം" എന്നതൊക്കെ എഴുതിക്കാണിച്ചത് കൂക്ക് വിളികളോടെയാണ് കാണികൾ സ്വീകരിച്ചത്.അക്കാലത്തെ കാണികളുടെ അഭിരുചികൾക്കപ്പുറമായിരുന്നു ഒരു റിയലിസ്റ്റിക് ചിത്രം എന്നതിനാൽത്തന്നെ "ന്യൂസ് പേപ്പർ ബോയ്" ബോക്സോഫീസിൽ പരാജയമായി. രാമദാസ് തുടർന്നും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു "വാടക വീട്ടിലെ അഥിതി","നിറമാല" എന്നിവയായിരുന്നു അത്. നിറമാല നിർമ്മിച്ചതും രാമദാസ് ആയിരുന്നു.
ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ "ന്യൂസ് പേപ്പർ ബോയി" ഗവണ്മമെന്റിന്റെ അംഗീകാരം നേടി പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. 2007ലെ ജെ സി ദാനിയൽ അവാർഡ് ജേതാവായ പി രാംദാസിനേക്കുറിച്ച് "A neo realistic dream" എന്ന ഡോക്യുമെന്ററി പ്രദീപ് നായർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയിരുന്നു. 2014 മാർച്ച് 27ന് വാർദ്ധക്യ സഹജമായ രോഗങ്ങൾ നിമിത്തം 83ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.
അവലംബം :- ഹിന്ദു വാർത്ത , ആർട്ടിക്കിൾ