Pasupathy
സമ്പന്നമായ തമിഴ് നാടകപാരമ്പര്യത്തിന്റെ അരങ്ങിൽ നിന്നും തെന്നിന്ത്യൻ ചലച്ചിത്രവേദിയിൽ ആകാരത്തെ അതിജീവിക്കുന്ന ഭാവപ്രകാശനത്തിലൂടെ സാന്നിധ്യമുറപ്പിച്ച നടൻ.
ചെന്നൈ നഗരാതിർത്തിയിലുള്ള മദുരവൊയൽക്കാരനായ പശുപതി രാമസ്വാമിയുടെ കുട്ടിക്കാലത്തെ വലിയ ഒരാഗ്രഹമായിരുന്നു നൃത്തം അഭ്യസിക്കുക എന്നത്. കുടുംബത്തിൽ അന്നുവരെ ഏതെങ്കിലും വിധത്തിലുള്ള കലാപാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടുകാർക്ക് പശുപതിയുടെ ആഗ്രഹം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പത്താംക്ലാസ്സ് കഴിഞ്ഞ് നർത്തകനാവാൻ ഇറങ്ങിത്തിരിച്ച മകനെ വീട്ടുകാർ എഴുതിത്തള്ളി. എന്നാൽ ഒരു നർത്തകനാവാൻ എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ഒരറിവ് പശുപതിക്കാകട്ടെ ഉണ്ടായിരുന്നുമില്ല. അങ്ങനെയാണ് മദിരായല്ല് കൂത്തുപ്പട്ടരൈ എന്ന പ്രമുഖ നാടകസംഘത്തിന്റെ സ്ഥാപകനായ എൻ മുത്തുസ്വാമിയെ കണ്ടുമുട്ടുന്നതും കൂത്തുപ്പട്ടരൈയുടെ ഭാഗമാകുന്നതും.
കൂത്തുപ്പട്ടരൈ എന്ന സംഘടന പശുപതിയ്ക്കു നൽകിയതാകട്ടെ, അഭിനയത്തിന്റേയും നൃത്തത്തിന്റെയും മാത്രമല്ല, ഒരു ദൃശ്യകലയെ വേദിയിലെത്തിക്കുന്നതിനു പുറകിലുള്ള എല്ലാവിധ കലാസാങ്കേതികപ്രവർത്തനങ്ങളെക്കുറിച്ചും ഒരു ഗുരുകുലത്തിൽ നിന്നെന്നവണ്ണമുള്ള അഭ്യസനമായിരുന്നു. ഏതാണ്ട് ഒരു ദശാബ്ദക്കാലത്തോളം കൂത്തുപ്പട്ടരൈയിലും തുടർന്ന് മാജിക് ലാന്റേൺ എന്ന നാടകസംഘത്തിലും പ്രവർത്തിക്കുന്നതിനിടയിൽ തമിഴ് ചലച്ചിത്രവേദിയിലെ പല പ്രമുഖരുമായും അടുത്തിടപഴകാനുള്ള അവസരം ലഭിച്ചു. ഈ സൗഹൃദങ്ങളിൽ പശുപതിയുടെ ജീവിതത്തിലെ എറ്റവും വലിയ വഴിത്തിരിവായത് നാസ്സർ എന്ന നടനുമായുള്ള ചങ്ങാത്തമായിരുന്നു. നാസ്സറാണ് സിനിമയിൽ വന്നുകൂടെ എന്ന് പശുപതിയോടു ആദ്യമായി ചോദിക്കുന്നത്. കമലഹാസൻ മരുതനായകം എന്ന പടത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാലം. നാസ്സർ മുഖാന്തിരം പശുപതിയെ പരിചയപ്പെടാനിടയായ കമലഹാസൻ അദ്ദേഹത്തെ തന്റെ സിനിമയിലെ പ്രധാന വില്ലനാക്കാൻ തീരുമാനിക്കുന്നതോടെയാണ് സിനിമ പശുപതിയുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകുന്നത്. എന്നാൽ ചില പ്രത്യേകകാരണങ്ങളാൽ മരുതനായകം പാതിവഴിയിൽ മുടങ്ങിപ്പോയെങ്കിലും നാസറിന്റെ തന്നെ മയൻ എന്ന ചിത്രത്തിലൂടെ പശുപതി ആദ്യമായി തമിഴ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. വിരുമാണ്ടിയിലെ കൊത്താളത്തേവർ പശുപതിയ്ക്ക് ഒരു നാടൻ വില്ലന്റെ ഇമെയ്ജ് ഉണ്ടാക്കിക്കൊടുത്തെങ്കിലും മുംബൈ എക്സ്പ്രെസ്സ് എന്ന ചിത്രത്തിൽ നമ്മൾ കണ്ടത് പശുപതി എന്ന ഹാസ്യനടനെയാണ്. തന്റെ റോളുകളിൽ വ്യത്യസ്തത ആഗ്രഹിക്കുന്ന പശുപതി അരവാണൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രണ്ടര വർഷം മറ്റൊരു ചിത്രത്തിലും ഒപ്പു വെച്ചില്ല. എന്നാൽ അരവാണനു ശേഷം അദ്ദേഹം തിരിച്ചു വന്നത് മലയാളത്തിൽ “വൈരം” എന്ന ചിത്രത്തിലൂടെയായിരുന്നു.
പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം അവിടെത്തന്നെ മകനു ഒരു ജോലി കിട്ടുമോ എന്ന പ്രതീക്ഷയിൽ ഒരു ഇന്റർവ്യൂവിനു ചെല്ലാൻ പശുപതിയോട് ആവശ്യപ്പെട്ടു. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ഇന്റർവ്യൂവിനു പോയെങ്കിലും ജോലിയ്ക്കു ചേരാനുള്ള ഓർഡർ വന്നപ്പോൾ തന്റെ വഴി എന്തെന്ന് തിരിച്ചറിഞ്ഞിരുന്ന പശുപതി ആ കടലാസ്സ് കീറിക്കളയുകയാണത്രെ ഉണ്ടായത്. മോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നതിനു പകരം പശുപതിയിപ്പോൾ തെന്നിന്ത്യയിൽ വിവിധ ഭാഷകളിലായി തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുമ്പോഴും ആണയിട്ടു പറയുന്ന ഒന്നുണ്ട് – ഒരു റൊമാന്റിക് നായകനായി മരം ചുറ്റുന്ന റോൾ താനൊരിക്കലും ചെയ്യില്ല എന്ന്.