RESMI SATEESH

“അപ്പാ നമ്മടെ കുമ്പളത്തൈ
അമ്മേ നമ്മടെ ചീരകത്തൈ
കുമ്പളം പൂത്തതും കായ പറിച്ചതും...
കറിയ്ക്കരിഞ്ഞതും നെയ്യിൽ പൊരിച്ചതും...
നീയറിഞ്ഞോ നീയറിഞ്ഞോ കറുത്ത പെണ്ണേ, കുഞ്ഞോളേ...
നീയറിഞ്ഞോ നീയറിഞ്ഞോ കറുത്ത പെണ്ണേ.....!!”

ഉറുമി‘ എന്ന ചിത്രത്തിലെ ഈ ഫോക്ക് സോങ്ങ് കേട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.

ഉറുമിയിലേ “ആരോ ആരോ...” എന്ന ഗാനത്തിന്റെ തുടക്കവും, ചിത്രത്തിൽ ഉള്ള പുള്ളുവൻപാട്ടുകളും, പിന്നെ വിദ്യാബാലൻ നൃത്തച്ചുവടുകൾ വെക്കുന്ന:

“ചലനം ചലനം ജീവിതമഖിലം
നിറവായ് തെളിവായ് മാറുമി വചനം
ചിന്തിതമൊടുവിൽ വന്നിടും സത്യമായ്...!”  - എന്ന ഗാനവും ആർക്കാണു ഇഷ്ടമാവാത്തത്?

ഇനി, ചാപ്പാ കുരിശിലെ ടൈറ്റിൽ സോങ്ങായ

“ഒരു നാളും കാണാതെ.... ഇരുപുറവും അറിയാതെ
ഒരു ജന്മം പോലെ എന്നാലും കരയറിയാ തിരപോലെ
ദിശകാണാകിളിപോലെ മറുജന്മം തേടിപ്പോകയോ..
ചാപ്പാ കുരിശ്... ചാപ്പാ കുരിശ്...!!“

ഈ ഗാനങ്ങൾക്കെല്ലാമുള്ള ഒരു പൊതുസ്വഭാവമുണ്ട്.  ഫോക്ക് ടെച്ചുള്ള, റഫ് & ടഫ് വോയ്സ്! ഈ ഗാനങ്ങളെല്ലാം പാടിയിരിക്കുന്നത് ‘രശ്മി സതീഷ്‘ എന്ന യുവഗായികയാണു. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ഈ മൾട്ടി ടാലന്റഡ് പേഴ്സണാലിറ്റിയെ പറ്റി അല്പം:

സംഗീതത്തിലും, അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച യുവഗായികയാണു 'രശ്മി സതീഷ്'. ആറ് വയസ്സു മുതൽ ശാസ്ത്രീയസംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുത്തയ്യ ഭാഗവതരുടെ കീഴിലായിരുന്നു പഠനം. ഇപ്പോൾ ആലപ്പി ശ്രീകുമാറിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു. ബി.എസ്.സിക്ക് ഫിസിക്സും, കാലിക്കറ്റ് സർവ്വകലാശാലയിൽ പി.ജിക്ക് മാസ്റ്റർ ഓഫ് സോഷ്യൽ വർക്കും (msw) വിഷയമായി എടുത്തിരുന്ന രശ്മി ഇപ്പോൾ കൽക്കട്ടയിലെ സത്യജിത്ത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ "ഓഡിയോഗ്രാഫി” വിദ്യാർത്ഥിനിയാണു. കൊൽക്കട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കേരളത്തിൽ നിന്നെത്തിയ ആദ്യ വിദ്യാർത്ഥിനികൂടിയാണു ഈ ഗായിക. വയനാട്ടിലെ ആദിവാസി ഊരുകളിലും ഉൾപ്രദേശങ്ങളിലും സഞ്ചരിച്ച് പരിസ്ഥിതിപ്രശ്നങ്ങൾ പഠനവിധേയമാക്കുകയും, അതുമായി ബന്ധപെട്ട് സംവിധാനം ചെയ്ത '12th Hour Song'  എന്ന മ്യൂസിക്ക് ആൽബം ഉൾപ്പെടെ നിരവധി ആൽബങ്ങളിലും, ഡോക്യുമെന്ററികളിലും രശ്മി സതീഷ് പാടിയിട്ടുണ്ട്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സന്തോഷ് ശിവൻ നായകനായ “മകരമഞ്ഞ്” എന്ന ചിത്രത്തിന്റെ ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റായി ജോലി ചെയ്തിരുന്നു.  സന്തോഷ് ശിവന്റെ ‘ഉറുമി’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താനുള്ള ഫോക്ക് ടച്ചുള്ള ഗാനങ്ങളെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചും റിസർച്ച് ചെയ്യാൻ നിയോഗിക്കപ്പെട്ടതും രശ്മിയെത്തന്നെ. ആ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പാടാൻ വഴിതുറന്നതും അങ്ങിനെയായിരുന്നു.

2012 പുറത്തിറങ്ങിയ ആശിക്ക് അബു സംവിധാനം ചെയ്ത “22 FEMALE KOTTAYAM" എന്ന ചിത്രത്തിൽ, കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസം അനുഭവിക്കുന്ന,  ജയിലിൽ എല്ലവരും ഭയക്കുന്ന അപകടകാരിയായ ഒരു ഗുണ്ടയുടെ സുപ്രധാന വേഷം വളരെ ഭംഗിയായി അവതരിപ്പിച്ച് 'രശ്മി സതീഷ്' അഭിനയരംഗത്തേക്കും കടന്നിരിക്കുകയാണു. കഥാഗതിയിൽ സുപ്രധാന വഴിത്തിരിവുകൾ സമ്മാനിക്കുന്ന “സുബൈദ” എന്ന തമിഴ് വംശജയായ ഈ കഥാപാത്രം ചിത്രത്തിൽ പാടുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനവും (“എമ്മാ മറക്കാ.. വൊരു മരുന്തൂമില്ലാ....മാരനാട്ട്ക്ക് ദൂദ് സൊല്ല്...”) രശ്മിതന്നെ ആലപിച്ചതാണു.

‘ഫ്രൈഡേ‘, ‘ബാച്ചിലേഴ്സ് പാർട്ടി‘ തുടങ്ങിയ ചിത്രങ്ങളാണു ഇനിയുള്ള പ്രധാന പ്രൊജക്റ്റുകൾ.

തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഈ ഗായിക ഒരു സർക്കാർ ഉദ്യാഗസ്ഥ കൂടിയാണു.  മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ അഡ്‌മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യാഗസ്ഥയായ രശ്മി ഇപ്പോൾ ജോലിയിൽ നിന്ന് തൽക്കാലം അവധിയെടുത്താണു സംഗീതപഠനവും അഭിനയവും മറ്റും തുടരുന്നത്. മ്യൂസിക്കിലും, സൗണ്ട് ഡിസൈനിങ്ങിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണു രശ്മിയുടെ പ്രധാന ആഗ്രഹവും തീരുമാനവും.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ജി.എൻ.സതീഷാണു സംഗീതരംഗത്ത് പ്രവേശിക്കാൻ രശ്മിക്ക് പ്രചോദനമയത്. പത്ത് വർഷം മുൻപ് അച്ഛൻ മരണപ്പെട്ടു. പാറശാലയിലെ “സരിഗ”യാണു സ്വന്തം വീട്.  അമ്മ ഗീത (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ) അനുജത്തി രേണു ( കസ്തൂർബ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനി). ഭർത്താവ് ദിലീപിനോടൊത്ത് ഏറണാകുളത്ത് താമസിക്കുകയാണിപ്പോൾ ഈ യുവഗായിക.