Vijayan V Nair
കേരളത്തിലെ അമേച്വർ നാടകവേദിയിലെ തിളങ്ങുന്ന സാന്നിദ്ധ്യമാണ് കോഴിക്കോട്ടുകാരനായ വിജയൻ വി നായർ. ഇതുവരെ നൂറ്റി അൻപതോളം നാടകങ്ങളിൽ വേഷമിടുകയും എൺപതോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
താൻ തന്നെ സംഘാടകനായ, കോഴിക്കോട്ടെ യൂക്ക് (യൂത്ത് ഓർഗനൈസേഷൻ ഓഫ് കാലിക്കറ്റ്) എന്ന സംഘടനയിലൂടെയാണ് വിജയൻ വി നായർ അഭിനയരംഗത്തെത്തുന്നത്. യൂക്കിനു വേണ്ടി "തൃഷ്ണ" എന്ന നാടകം സംവിധാനം ചെയ്ത് അഭിനയിയ്ക്കുകയും ചെയ്തു. പിന്നീട് കെ ആർ മോഹൻദാസിന്റെ "അണിയറ" എന്ന നാടകസംഘത്തിൽ ചേരുന്നതോടെയാണ് വിജയൻ വി നായർ നാടകത്തിനെ കൂടുതൽ ഗൗരവമായി കണ്ടു തുടങ്ങുന്നത്. അണിയറയ്ക്ക് വേണ്ടി ചെയ്ത "അവതാരം" എന്ന നാടകമാണ് തന്നെ മാറ്റിമറിച്ചതെന്ന് അദ്ദേഹം പറയുന്നു. അതിനെത്തുടർന്ന് പത്തൊൻപതു വയസ്സിനു മുന്നേ തന്നെ പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നാടകക്കളരിയിൽ പങ്കെടുക്കാനും കുഞ്ഞാണ്ടി,നെല്ലിക്കോട് ഭാസ്കരൻ,കുതിരവട്ടം പപ്പു,ശാന്താദേവി,കുട്ട്യേടത്തി വിലാസിനി,എം പി മാത്യു തുടങ്ങിയ പ്രഗൽഭരോടൊപ്പം വേഷങ്ങൾ ചെയ്യാനും അവസരം ലഭിച്ചു.
38വർഷമായി നാടകരംഗത്തുള്ള വിജയൻ വി നായർക്ക് "പകർന്നാട്ടം" എന്ന നാടകത്തിൽ നാലു വയസ്സുള്ള കുട്ടി മുതൽ നൂറ്റി ഇരുപതു വയസ്സുകാരൻ വൃദ്ധനായി വരെ ഒൻപതു വേഷങ്ങൾ അഭിനയിച്ചതിന് 2000ൽ കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. അമേച്വർ നാടകവേദിയാണ് പ്രധാനപ്രവർത്തനമേഖല എങ്കിലും "അധിനിവേശം"(കെ പി എ സി),"ക്ഷണിയ്ക്കുന്നു കുടുംബസമേതം"(സംഗമം തിയറ്റേഴ്സ്), "തറവാട്ടച്ഛൻ"(മലബാർ തിയറ്റേഴ്സ്) തുടങ്ങിയ ചില പ്രൊഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
തുളസീദാസ് സംവിധാനം ചെയ്ത"മേലേവാര്യത്തെ മാലാഖക്കുട്ടികൾ" ആണ് വിജയൻ വി നായർ അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് "ഗോവ"(സംവിധാനം:നിസാർ),"നിഴൽക്കുത്ത്"(സംവിധാനം:അടൂർ ഗോപാലകൃഷ്ണൻ),"അന്യർ"(സംവിധാനം:ലെനിൻ രാജേന്ദ്രൻ),"തന്മാത്ര"(സംവിധാനം:ബ്ലെസ്സി),"അപൂർവരാഗം"(സംവിധാനം:സിബി മലയിൽ, "അൻവർ"(സംവിധാനം:അമൽ നീരദ്), "ശ്ശ്..സൈലൻസ് പ്ലീസ്"(സംവിധാനം:കെ പി ശശി),"ഗുൽമോഹർ"(സംവിധാനം:ജയരാജ്) തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത "പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ" എന്ന സിനിമയിലെ കുന്നുമ്മൽ വേലായുധൻ എന്ന കഥാപാത്രമാണ് വിജയൻ വി നായരെ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്. ആ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറും അദ്ദേഹം തന്നെ ആയിരുന്നു. പിന്നീട് രഞ്ജിത്തിന്റെ തന്നെ "പ്രാഞ്ചിയേട്ടന്‍ ആൻഡ് ദി സെയിന്റ്",മകരമഞ്ഞ്(സംവിധാനം:ലെനിൻ രാജേന്ദ്രൻ),"ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്"(സംവിധാനം:പ്രിയനന്ദനൻ),"ലാസ്റ്റ് ബെഞ്ച്"(സംവിധാനം:ജിജു അശോകൻ), "മുഖം മൂടികൾ"(സംവിധാനം:പി കെ രാധാകൃഷ്ണൻ) തുടങ്ങി അനേകം സിനിമകളിൽ അഭിനയിച്ചു. ജഗ് മോഹൻ മുന്ദ്ര സംവിധാനം ചെയ്ത "ബാക്ക് വാട്ടേഴ്സ്" എന്ന ഹോളിവുഡ് സിനിമ ഉൾപ്പെടെ, 2014 വരെ മുപ്പത്തി അഞ്ചോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. നാടക-സിനിമാ അഭിനയം കൂടാതെ സീരിയലുകളിലും വേഷമിടുന്നുണ്ട് വിജയൻ വി നായർ.
നാടകത്തെ ജനകീയവൽക്കരിയ്ക്കാൻ നാടകം വീട്ടുമുറ്റത്തേയ്ക്ക് എന്ന ആശയത്തോടെ, കളിയൊരുക്കം എന്നൊരു നാടകസംഘം വിജയൻ വി നായർ രൂപീകരിച്ച് നടത്തി വരുന്നുണ്ട്. കളിയൊരുക്കം ഇതുവരെ 28 നാടകങ്ങൾ അവതരിപ്പിച്ചു.
സബ് ഇൻസ്പെക്ടറായിരുന്ന കെ കെ വേലായുധൻ,ടി പി കാർത്യായനിഅമ്മ എന്നിവരാണ് മാതാപിതാക്കൾ. അകന്ന ബന്ധുവായ ആശാലത ആണ് വിജയൻ വി നായരുടെ ഭാര്യ.ദീപ്തി,ചിത്ര എന്നിങ്ങനെ രണ്ട് പെണ്മക്കൾ.
അവലംബം:മംഗളം ലേഖനം,മാതൃഭൂമി ലേഖനം