Sivaji Guruvayoor
മാധവൻ - കാർത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ച ശിവജി, ചെറുപ്പം മുതൽക്കേ കലാപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നു. വേലൂര്‍ കേന്ദ്രീകരിച്ച് ഒരു സാംസ്കാരിക പ്രവര്‍ത്തകനായാണ് തുടക്കം കുറിച്ചത്. പറയാനുള്ളത് എളുപ്പം ജനങ്ങളിലേക്ക് എത്തിക്കാന്‍ നാടകമാണ് നല്ല മാധ്യമം എന്നു മനസ്സിലാക്കി, ചില നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും കളിക്കുകയും ചെയ്തു. ആദ്യം ചിലവു കുറഞ്ഞ ചില നാടകങ്ങൾ തട്ടിക്കൂട്ടിയെങ്കിലും, പിന്നീട് നാടകമെന്നത് ഒരാവേശമായി മാറി. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ സ്വയം രചന നിർവഹിച്ച് സംവിധാനം ചെയ്ത ഒരു നാടകത്തിൽ പകരക്കാരനായി അരങ്ങത്തെതിയ ശിവജി അമച്വർ നാടക വേദികളിലെ മിന്നും താരമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. ഉപരി പഠനം അഭിനയലഹരിക്ക് വഴിമാറി. ജി ശങ്കരപിള്ളയുടേയും വാസൻ പുത്തൂരിന്റേയും നാടകങ്ങളിൽ സ്ഥിരം സാനിധ്യമായി അദ്ദേഹം. കുറെ നാടകങ്ങൾ സ്വയം രചിച്ചു. തൃശൂർ ജ്വാലാമുഖിക്കു വേണ്ടി വാസൻ പുത്തൂരിന്റെ 'വാക പൂക്കുന്ന കാല'ത്തിൽ മണ്ടൻ തോമയായി അഭിനയിച്ചു കൊണ്ടായിരുന്നു ശിവജി പ്രൊഫഷണൽ നാടക രംഗത്തേക്ക് കടന്നത്. കഥാനായകനായും സ്വഭാവ നടനായും വില്ലനായും നാടകങ്ങളിൽ അദ്ദേഹം വേഷമിട്ടു. അഭിനയത്തിന് പുറമേ ചിത്രകലയിലും ശില്പനിർമ്മാണത്തിലും അദ്ദേഹം തൽപരനായിരുന്നു. കോഴിക്കോട് സങ്കീര്‍ത്തനയുടെ നവരസനായകര് എന്ന നാടകത്തിലൂടെ അദ്ദേഹത്തിനു സംസ്ഥാന അവാർഡ് ലഭിച്ചു. അവിചാരിതമായി ഒരു അവാർഡ് പരിപാടിക്കിടെ ലാൽ ജോസിനെ കണ്ടുമുട്ടിയത് ശിവജിയെ സിനിമയിലെത്തിച്ചു . ഗൾഫിൽ ഷൂട്ടിങ്ങ് എന്ന് പറഞ്ഞപ്പോൾ നാടകത്തെ ബാധിക്കുമെന്ന് കരുതി ആ വേഷം ആദ്യം നിഷേധിച്ച അദ്ദേഹം, ലാൽ ജോസിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അറബിക്കഥയിലെ വില്ലനായി മാറുന്നത്. പിന്നീട് ധാരാളം നല്ല വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഭാര്യ: ലില്ലി. മക്കൾ - വൈവസ്വതമനു, സൂര്യലാൽ
അവലംബം: ചിത്രഭൂമി, മാതൃഭൂമി, കൈരളി ടിവി ഇന്റർവ്യൂ