Atul Kulkarni
നാടകത്തിൽ നിന്ന് സിനിമയിലെത്തി, സിനിമാരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച നടനാണ് അതുൽ കുൽകർണി. സ്കൂൾ,കോളേജ് വിദ്യാഭ്യാസകാലം മുതലേ നാടകം, മറ്റു കലാരംഗങ്ങൾ എന്നിവയിൽ സക്രിയനായ അതുൽ കുൽകർണി, നാട്യ ആരാധന എന്ന നാടകസംഘത്തിൽ ചേർന്നതോടെയാണ് അഭിനയരംഗത്ത് കാലുറപ്പിച്ചത്. വിജയ് കുൽക്കർണി,പരേഷ് മോകാശി,ചന്ദ്രകാന്ത് കുൽക്കർണി, സലിം ആരിഫ്,ഡോ.വമൻ ദെഗാവ്ങ്കർ തുടങ്ങിയ പ്രഗൽഭ സംവിധായകരുടെ "നാടക് ", "ചാഫ(Chapha)", " Manoos Navacha Bet", "Gandhi Virudhh Gandhi", "Khaarashein" തുടങ്ങിയ അനേകം നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിയ്ക്കുകയും "Aapan Sarech Ghodegaonkar" എന്നൊരു നാടകം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ സംസ്ഥാന നാടക മത്സരത്തിൽ അഞ്ച് തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി.
1997 ലെ "ഭൂമിഗീത" എന്ന കന്നഡ സിനിമയാണ് ആദ്യ ചിത്രം. പിന്നീട് ഹിന്ദി സിനിമയിൽ സജീവമായ അതുൽ കുൽക്കർണി, മറാത്തി, തമിൾ, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങി ഏഴോളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. "ഹേ റാം", "ചാന്ദ്നി ബാർ" എന്നീ സിനിമകളിലെ അഭിനയത്തിന് യഥാക്രമം 2000,2002 എന്നീ വർഷങ്ങളിൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. പ്രമോദ് പപ്പൻ സംവിധാനം ചെയ്ത "വജ്രം" എന്ന സിനിമയിലൂടെയാണ് അതുൽ കുൽക്കർണി മലയാളത്തിൽ തുടക്കം കുറിയ്ക്കുന്നത്. രണ്ടാമത് ചെയ്ത "തലപ്പാവ് "എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിയ്ക്കുന്ന QUEST എന്ന സന്നദ്ധ സംഘടനയുടെ പ്രെസിഡന്റ് കൂടിയാണ് അതുൽ കുൽക്കർണി.
കർണാടകയിലെ ബെൽഗാമിൽ ജനനം. മഹാരാഷ്ട്രയിലെ സോലാപൂരിലെ ഹരിഭായ് ദേവ്കരണ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ബെൽഗാമിലെ ഡി. വി. ജി. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, ദൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡ്രമാറ്റിക് ആർട്സിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്.
നാടകത്തിൽ സജീവമായ ഗീത കുൽകർണിയാണ് ഭാര്യ.