Dileesh Nair
2ഡി ആനിമേഷൻ രംഗത്ത് ഫ്രീലാൻസറായി ജോലി ചെയ്തിരുന്ന ദിലീഷ് നായർ സിനിമയിലേക്കെത്തുന്നത് സുഹൃത്തും ഫ്ലാറ്റ് മേറ്റുമായ ശ്യാം പുഷ്ക്കരനിലൂടെയും അദ്ദേഹത്തിന്റെ സുഹൃത്ത് ആഷിക് അബുവിലൂടെയുമാണ്. ആനിമേഷൻ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി പരിചയമുണ്ടായിരുന്ന ദിലീഷ്, ശ്യാമിനൊപ്പം ആഷിക് അബുവിന്റെ “സാൾട്ട് & പെപ്പർ” എന്ന ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. "സാൾട്ട് & പെപ്പറി"ന്റെ സൂപ്പർ ഹിറ്റ് വിജയത്തേത്തുടർന്ന് “22ഫീമെയിൽ കോട്ടയം” , “ടാ തടിയാ” എന്നീ ചിത്രങ്ങളിലും തിരക്കഥയൊരുക്കി മലയാളത്തിലെ ശ്രദ്ധേയമായ തിരക്കഥാജോഡികളിലൊന്നായി മാറി. ദിലീഷ് നായരുടെ സ്വതന്ത്ര സംവിധാനത്തിൽ പുറത്തെത്തിയ മലയാള ചലച്ചിത്രമാണ് "ടമാർ പഠാർ". പ്രിഥ്വിരാജിനെ നായകനാക്കിയാണ് ദിലീഷ് തന്റെ ആദ്യ ചിത്രത്തിന് സ്വതന്ത്ര സംവിധാനം നിർവ്വഹിച്ചത്.
തൊടുപുഴ സ്വദേശിയായ ദിലീഷ് തൊടുപുഴ ന്യൂമാൻസ് കോളേജിലെ ബിരുദത്തിനു ശേഷം സിനിമക്കൊപ്പം ആനിമേഷൻ രംഗത്ത് കൊച്ചിയിൽ ജോലി ചെയ്യുന്നു. 22ഫീമെയിൽ കോട്ടയത്തിൽ അഭിനേതാവായും ദിലീഷ് രംഗത്തെത്തിയിരുന്നു. ദിലീഷിന്റെ ജേഷ്ഠൻ ദീപു നായർ മികച്ച കർണ്ണാടിക് വായ്പാട്ട് കലാകാരനും ചലച്ചിത്ര പിന്നണിഗായകനുമാണ്.