Mankada Ravivarma
യഥാർത്ഥനാമം: എം സി രവിവർമ്മ രാജ
1926 ജൂണ്‍ നാലിന് മലപ്പുറം അവിഞ്ഞിക്കാട്ട് മനയിലെ എ എം പരമേശ്വരന് ഭട്ടതിരിപ്പാടിന്റെയും മങ്കട കോവിലകത്തെ എം സി കുഞ്ഞിക്കാവു തമ്പുരാട്ടിയുടെയും അഞ്ചാമത്തെ മകനായി ജനിച്ചു.
മലബാര്‍ ഡിസ്ട്രിക്ട് മങ്കട സ്കൂളിലും പെരിന്തല്‍മണ്ണ ഹൈസ്കൂളിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. 1942-ല്‍ ഇന്റര്‍മീഡിയറ്റിന് കോഴിക്കോട് സാമൂതിരി കോളേജില്‍ ചേര്‍ന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദമെടുത്ത അദ്ദേഹം, 1949-'52 ബാച്ചില്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. തുടര്‍ന്ന് ചെന്നൈയിലെ ന്യൂട്ടണ്‍ സ്റ്റുഡിയോയില്‍ അപ്രന്റീസ്ഷിപ്പ്. ഇവിടെ വെച്ചാണ് ഛായാഗ്രഹണകലയുടെ പ്രായോഗികതലങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. പിന്നീട് ചെന്നൈയിലെത്തി സ്വതന്ത്രമായ ചലച്ചിത്രപ്രവര്‍ത്തനം ആരംഭിച്ചു.
1967 ൽ പി എ അസീസ് സംവിധാനം ചെയ്ത 'അവൾ' എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചുകൊണ്ടാണ് മലയാളസിനിമയിലേക്ക് കടന്നുവന്നത്. ഇവിടെവെച്ച് പി എ ബക്കറുമായി പരിചയപ്പെട്ടു. ബക്കറിന്റെ താത്പര്യപ്രകാരം 1970-ല്‍ പി എന്‍ മേനോന്റെ 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായി. പൂര്‍ണമായും സ്റ്റുഡിയോ മതിലുകള്‍ക്കു വെളിയില്വെച്ചെടുത്ത ചിത്രമായിരുന്നു ഇത്. 'ഓളവും തീരവും' സൃഷ്ടിച്ച ചലനം മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1970-ലെ ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രം രവിവര്‍മയ്ക്ക് നേടിക്കൊടുത്തു.
അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. അടൂരിന്റെ 'സ്വയംവരം' മുതല്‍ 'നിഴല്‍ക്കുത്ത്' വരെയുള്ള ചിത്രങ്ങളുടെയെല്ലാം ഛായാഗ്രഹണം നിര്‍വഹിച്ചത് മങ്കടയായിരുന്നു. അരവിന്ദന്റെ 'ഉത്തരായന'ത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചു. രണ്ടുതവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
1983-ല്‍ എം ഗോവിന്ദന്റെ കവിതയെയും തിരക്കഥയെയും ആസ്പദമാക്കിയുള്ള 'നോക്കുകുത്തി' യാണ് മങ്കട സംവിധാനം ചെയ്ത മുഖ്യചിത്രം. ഇതിലൂടെ അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. കുട്ടികള്‍ക്കു വേണ്ടി കുഞ്ഞിക്കൈകള്‍, കുഞ്ഞിക്കൂനന് എന്നീ ചിത്രങ്ങളും ഞെരളത്ത് രാമപ്പൊതുവാളിനെക്കുറിച്ച് 'സ്റ്റെപ്സ് ടു ഡിവിനിറ്റി' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.
ഛായാഗ്രഹണ കലയെക്കുറിച്ച് രവിവർമ്മ എഴുതിയ 'ചിത്രം ചലച്ചിത്രം' എന്ന പുസ്തകം 1986 ൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരത്തിനർഹമായി.
മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസർക്കാർ മങ്കട രവിവർമ്മയെ ജെ സി ഡാനിയേൽ പുരസ്കാരം (2006) നൽകി ആദരിച്ചു.
ഏറെക്കാലമായി മറവിരോഗബാധിതനായിരുന്ന അദ്ദേഹം 2010 നവംബർ 22-ന് അന്തരിച്ചു.
അവലംബം: മാതൃഭൂമി