Sheela

അഭിനേത്രി, സംവിധായിക. 

1945 മാർച്ച് 24 നു ജനനം. എം ജി ആർ നൊപ്പം ‘പാശം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. സരസ്വതിദേവി എന്ന പേരിലായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ സത്യനോടൊപ്പം അഭിനയിച്ച ‘ഭാഗ്യജാതകം‘ ആണ് ആദ്യത്തെ സിനിമ. ഏകദേശം രണ്ട് പതിറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്നു ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന, വാഴ്വേമായം തുടങ്ങിയ സിനിമകളിലെ അഭിനയം ഷീലയെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളുടെ നിരയിലേക്ക് കൈപിടിച്ചുയർത്തി. 

ഒരു നായകനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായികയായി അഭിനയിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡ് ഷീലയുടെ പേരിൽ കുറിയ്ക്കപ്പെട്ടു. പ്രേംനസീറിന്റെ നായികയായി 107 ചിത്രങ്ങളിൽ ഷീല പ്രത്യക്ഷപ്പെട്ടു. 

നായികയായി തിളങ്ങി നിൽക്കെ തന്നെ ‘യക്ഷഗാനം’, ‘ശിഖരങ്ങൾ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും ഷീല തന്നെ നിർവഹിച്ചു. പിന്നീട് നിരവധി ടെലിഫിലിമുകളും സീരിയലുകളും സംവിധാനം ചെയ്തു. മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ജയൻ തുടങ്ങിയവരുടെ നായികയായി തിളങ്ങിയ ഷീല തമിഴിൽ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരോടൊപ്പവും സ്ക്റ്റീൻ പങ്കിട്ടു. 

ഒരു എഴുത്തുകാരി കൂടിയായ ഷീല ‘കുയിലിന്റെ കൂട്’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ രചിച്ചിട്ടുള്ള ഷീല ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 

തമിഴ് നടൻ രവിചന്ദ്രനായിരുന്നു അദ്യ ഭർത്താവ്. പിന്നീട് ജോർജ്ജിനെ വിവാഹം ചെയ്തു. 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന സിനിമയിൽ നായകനായ വിഷ്ണു ആണ് ഏക മകൻ. 

അവാർഡുകൾ: 

  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്: 2007 ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്
  • ഫിലിംഫെയർ അവാർഡ് - 1977 ഏറ്റവും നല്ല നടി 
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച നടി (1969, 1971, 1976)
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2004‌)
  • ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2005)