Aaranmula Ponnamma

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ മാലേത്ത് വീട്ടില്‍ കേശവ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായി 1914 മാർച്ച് 22 നു ജനിച്ചു. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച പൊന്നമ്മ ആദ്യം അമ്മയില്‍നിന്നും പിന്നീട് അമ്പലപ്പുഴ നാണുവാശാനില്‍നിന്നും സംഗീതം അഭ്യസിച്ചു.

പതിനാലാം വയസില്‍ അച്ഛന്റെ അനന്തിരവന്‍ കോട്ടയം ചെറുപിള്ളവീട്ടില്‍ കൃഷ്ണപിള്ളയെ വിവാഹം കഴിച്ചു. തേര്‍ഡ്‌ഫോറം പാസായ ശേഷം സംഗീതം ലോവര്‍ ജയിച്ച് 16ാം വയസില്‍ പാലായിലെ ഒരു വിദ്യാലയത്തില്‍ സംഗീത അധ്യാപികയായി. പിന്നീട് തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമി തുടങ്ങിയപ്പോള്‍ അവിടെനിന്ന് സംഗീതം ഹയര്‍ പാസായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി ജോലി നോക്കി.

1945 ല്‍ ഓച്ചിറ പരബ്രഹ്മോദയ സംഗീതനടനസഭയുടെ 'ഭാഗ്യലക്ഷ്മി' എന്ന നാടകത്തില്‍ ഗായകന്‍ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അഭിനയിച്ച പ്രസന്ന, ഭാവന, ചേച്ചി, ജീവിതയാത്ര, രക്തബന്ധം തുടങ്ങിയ നാടകങ്ങളിലൂടെ പൊന്നമ്മ പ്രശസ്തയായി. 

1950-ൽ പുറത്തിറങ്ങിയ 'ശശിധരൻ' എന്ന ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് സിനിമകളിലേയ്ക്ക് കടന്നുവരുമ്പോൾ പൊന്നമ്മയ്ക്ക് 36 വയസായിരുന്നു. തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മ വേഷങ്ങളാണ്. അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ അഞ്ഞൂറോളം ചിത്രങ്ങളിലായി മലയാളം സിനിമയിലെ നാല് തലമുറകളുടെ അമ്മയായി - ആദ്യ തലമുറയിലെ നായകനായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാം തലമുറയിലെ നായകന്മാരായ പ്രേം നസീർ, സത്യൻ, മൂന്നാം തലമുറയിലെ നായകന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, അതിനുശേഷം വന്ന ദിലീപ് എന്നിവരുടെയെല്ലാം അമ്മയായും അമ്മൂമ്മയായും അവർ വെള്ളിത്തിരയിലെത്തി. 1970 ല്‍ പുറത്തിറങ്ങിയ 'എങ്കിരുന്തോ വന്താള്‍' എന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചു.

1995 ല്‍ അടൂരിന്റെ 'കഥാപുരുഷന്‍' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 2005ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരവും നിരവധി സംസ്ഥാന ബഹുമതികളും അവരെ തേടിയെത്തി. പ്രേംനസീര്‍ അവാര്‍ഡ്, മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

ഗൗരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2011 ഫെബ്രുവരി 21ന് മലയാള സിനിമയിലെ അമ്മ ലോകത്തോട് വിട പറഞ്ഞു.

കൗതുകങ്ങൾ

  • സ്‌കൂള്‍ പഠനകാലത്ത് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സഹപാഠിയായിരുന്നു പൊന്നമ്മ.
  • തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ എം.ജി രാധാകൃഷ്ണന്റെ അമ്മ ആറന്മുള പൊന്നമ്മയുടെ സഹപാഠിയായിരുന്നു.

അവലംബം: മാതൃഭൂമി