Bharath Gopi

Portrait by Nandan
Date of Birth: 
Monday, 8 November, 1937
Date of Death: 
Monday, 28 January, 2008

അടി മുതൽ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളിൽ എക്കാലവും വേറിട്ടു നിൽക്കുന്ന പ്രതിഭയാണ് ഭരത് ഗോപി.

കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെയും പാർവതിയമ്മയുടെയും നാലു മക്കളിൽ ഇളയവനായി ചിറയിൻകീഴിൽ ജനിച്ച ഗോപിനാഥൻ വേലായുധൻ നായരാണ് പിന്നീട് മലയാളത്തിലെ അതുല്യ നടനായ ഭരത് ഗോപിയായി വളർന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബുരുദം(BSc.) നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെടുന്നത്.

ജി ശങ്കരപ്പിള്ളയുടെ പ്രസാധന ലിറ്റിൽ തീയറ്റേഴ്സിലൂടെ അഭിനയരംഗത്തെത്തിയ ഗോപിനാഥൻ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കാവാലം നാരായണപ്പണിക്കർക്കൊപ്പം തിരുവരങ്ങിലും പ്രവർത്തിച്ചു. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് അദ്ദേഹം സിനിമയെ സ്നേഹിച്ചു തുടങ്ങിയത്.

1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് സിനിമയിൽ അരങ്ങേറിയത്. പിന്നീടൊരവസരം ലഭിക്കാൻ 1977ൽ കൊടിയേറ്റം വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും, ആ സിനിമയിലൂടെ ദേശിയ പുരസ്കാരം വരെ ഉയരാൻ ഗോപിക്കു കഴിഞ്ഞു.

ഓർമ്മക്കായ്, യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി നെഞ്ചിലേറ്റിയ ഈ അനശ്വര പ്രതിഭ ആഗത്, മണികൗളിന്റെ സതഹ് സെ ഉഡ്താ ആദ്മി എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

മുരളിയെ നായകനാക്കി 1979ൽ ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും, ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1989ൽ ഉത്സവപ്പിറ്റേന്ന് സംവിധാനം ചെയ്ത അദ്ദേഹം ഭരതൻ സംവിധാനം ചെയ്ത പാഥേയത്തിന്റെ നിർമ്മാതാവ് കൂടിയാണ്.

1986ൽ സ്ട്രോക്ക് വന്ന് തളർന്ന അദ്ദേഹം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1992ൽ പാഥേയത്തിലൂടെയാണ് മടങ്ങിവന്നത്.

2008 ജനുവരിയിൽ ഹൃദ്രോഗം അദ്ദേഹത്തിന്റെ ജീവനെടുത്തു.

കൗതുകങ്ങൾ/നേട്ടങ്ങൾ

  • ഭരത് ഗോപി സംവിധാനം ചെയ്ത യമനം എന്ന ചിത്രത്തിന് 1991ൽ മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.