Narendra Prasad
ഒരു അഭിനേതാവ് എന്നതിലുപരി അദ്ധ്യാപകൻ, നാടകകൃത്ത്, എഴുത്തുകാരൻ, സാഹിത്യവിമർശകൻ എന്നീ നിലകളിൽ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ആർ നരേന്ദ്രപ്രസാദ്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ നരേന്ദ്രപ്രസാദ്, പന്തളം എൻ എസ് എസ് കോളേജിൽ നിന്നും കണക്കിൽ ബിരുദം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 1967ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1968ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയക്ടറായി ചുമതല വഹിച്ചിട്ടുണ്ട്.
നാടകത്തിൽ കമ്പം കയറിയ നരേന്ദ്രപ്രസാദ് എൻപതുകളുടെ ആരംഭത്തിൽ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ച്, അതിനുവേണ്ടി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. നടന്മാരായ മുരളി, ഗോപകുമാർ, അലിയാർ കുഞ്ഞ്, റഷീദ് തുടങ്ങിയവർ ഈ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
അലഞ്ഞവർ അന്വേഷിച്ചവർ (നോവൽ), നിഷേധികളേ മനസ്സിലാക്ക് (വിമർശനം), ജാതി പറഞ്ഞാൽ എന്തേ (വിമർശനം), സൗപർണിക (നാടകം) തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ചിലതാണ്.
ആദ്യമൊന്നും സിനിമ അഭിനയത്തിൽ താത്പര്യമില്ലായിരുന്ന നരേന്ദ്രപ്രസാദ്, ശ്യാമപ്രസാദിന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 150ഓളം സിനിമകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം പൈതൃകം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കി. എങ്കിൽ തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം പൂർണ്ണ മനസ്സോടെ സ്വീകരിച്ചിരുന്നില്ല. “കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ,” അതുകൊണ്ടാവണം എന്നദ്ദേഹം പറഞ്ഞത്.
അച്ഛൻ: വി രാഘവക്കുറുപ്പ്
അമ്മ: പി ജാനകിയമ്മ
ഭാര്യ: നന്ദ പ്രസാദ്
മക്കൾ: ദീപ, ദിവ്യ
കൗതുകങ്ങൾ
- പി പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ അശരീരികൾക്ക് നരേന്ദ്രപ്രസാദിന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്.