ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

Chemancheri Kunhiraman Nair
Chemancheri Kunhiraman Nair
Date of Birth: 
തിങ്കൾ, 26 June, 1916
Date of Death: 
തിങ്കൾ, 15 March, 2021

 1916 ജൂൺ 26 ന് ചാത്തുക്കുട്ടി നായരുടെയും അമ്മുക്കുട്ടിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചു. കുഞ്ഞിരാമന്റെ മൂന്നാം വയസ്സിൽ അദ്ദേഹത്തിന്റെ അമ്മയും, പതിമ്മൂന്നാം വയസ്സിൽ അച്ഛനും മരിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നെങ്കിലും കലാവാസനയുണ്ടായിരുന്ന കുഞ്ഞിരാമൻ കഥകളി അഭ്യസിച്ചിരുന്നു.മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിലായിരുന്നു തുടക്കം. ഗുരു കരുണാകരമോനോന്റെ മരണംവരെയുള്ള, തീഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു ചേമ‍ഞ്ചേരിയുടെ കൗമാരവും യൗവ്വനവും...കിരാതത്തിലെ പാ‍ഞ്ചാലിയായിരുന്നു അരങ്ങത്തെ ആദ്യവേഷം. കുചേലനും ദുര്യോദനനും കീചകനുമായെല്ലാം വേഷങ്ങൾ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്. 

ഗുരു കരുണാകര മേനോന്റെ മരണശേഷം ഗാന്ധിജിയുടെ സ്നേഹലാളനകൾ ഏറ്റുവാങ്ങിയ കൗമുദി ടീച്ചറായിരുന്നു കുഞ്ഞിരാമൻ നായരുടെ കലായാത്രയിൽ പുതുവഴി തെളിച്ചത്. കൃഷ്ണലീലയെന്ന കലാരൂപത്തിന്റെ പിറവിയും കണ്ണൂരിലെ ഭാരതീയ നൃത്തകലാലയവും അങ്ങിനെ പിറവികൊണ്ടവയാണ്. കേരള നടനം എന്ന കലാരൂപത്തിന് പ്രചാരം ലഭിയ്ക്കുന്നതിന് വേണ്ടി ഗുരു ഗോപിനാഥിനോടൊപ്പം കുഞ്ഞിരാമൻ നായർ അക്ഷീണം പ്രവർത്തിച്ചു.1977ൽ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട്‌ കലാലയവും 1983 ല്‍ ചേലിയ കഥകളി വിദ്യാലയവും ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്ഥാപിച്ചു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2001 ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 2002 ല്‍ കൊച്ചി കേരളദര്‍പ്പണം നാട്യകുലപതിയായി പ്രഖ്യാപിച്ചു. പത്തുകൊല്ലം കേരള ഗവണ്‍മെന്റ്‌ നടനഭൂഷണം എക്‌സാമിനറായും ഒരു വര്‍ഷം കേരളകലാമണ്ഡലം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും ഒരു വര്‍ഷം സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

സിനിമാതാരങ്ങളുൾപ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. 2013 ലാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദ്യമായി സിനിമയിലഭിനയിയ്ക്കുന്നത്. പി കെ രാധാ കൃഷ്ണൻ സംവിധാനം ചെയ്ത മുഖം മൂടികൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ശിഷ്യനായ സിനിമാതാരം വിനീത് ഗുരുവിനുള്ള ആദരമായി “കൃഷ്ണപർവ്വം” എന്ന പേരിൽ ഒരു നൃത്തശിൽപ്പം അവതരിപ്പിച്ചിരുന്നു.

വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ നൂറ്റി അഞ്ചാം വയസ്സിൽ ഗുരു ചേമഞ്ചേരി ഈ ലോകത്തോട് വിട പറഞ്ഞു.