ബുല്ലേഹ് ഷാ
പതിനേഴാം നൂറ്റാണ്ടിൽ ലാഹോറിലും പഞ്ചാബിലുമായി ജീവിച്ചിരുന്ന ഒരുസൂഫിസന്യാസിയായിരുന്നു ബുല്ലേഹ് ഷാ.
'ഹൃദയ'ത്തിലെ 15 പാട്ടുകളിൽ മിക്കതും മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ഈണവുംവരികളുമാണ്. അതിലൊന്നിനെക്കുറിച്ചാണ് പറയുന്നത്. ചിത്രത്തിൽ പുതുമുഖമായജോജോ ജോസ് അവതരിപ്പിക്കുന്ന "പ്രതീക് തിവാരി" എന്ന സ്റ്റാർ ഗായകൻസ്റ്റേജിലേക്ക് കടന്നുവന്ന് കൂട്ടുകാരന് സമർപ്പിച്ചു പാടുന്ന ഒരു പഞ്ചാബിഗാനത്തെക്കുറിച്ചാണ്.
"ബസ് കർ ജീ" എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ശ്രോതാവിന്റെ ഹൃദയവുംസഞ്ചരിക്കും.
ഹിഷാം അബ്ദുൾ വഹാബിന്റെ ഈണത്തിൽ സച്ചിൻ വാര്യർ പാടിയ ഗാനം. വരികളാവട്ടെ "ഹൃദയം" എന്ന സിനിമാപ്പേരിനോടും കഥയോടുംസന്ദർഭത്തോടുമെല്ലാം ലയിച്ചു നിൽക്കുന്നതുമാണ്. വിനീത് ശ്രീനിവാസൻ ഈഗാനത്തിനായി തെരഞ്ഞെടുത്തത് പ്രശസ്ത സൂഫി വര്യനായിരുന്ന ബുല്ലേഹ്‌ഷായുടെ വരികൾ!
ആരാണീ ബുല്ലേഹ് ഷാ?
'സയ്യദ് അബ്ദുള്ള ഷാ ഖദ്‌രി' എന്നാണ് മുഴുവൻ പേര്. അബ്ദുള്ള ഷാ പിന്നീട്‌ബുല്ലേഹ് ഷാ, സന്ത് ബുല്ലേഹ് ഷാ, ബാബ ബുല്ലേഹ് ഷാ, മീർ ബുല്ലേഹ് ഷാ, ബുല്ലയ്യഎന്നിങ്ങനെ പല പേരുകളിൽ ലോകമെങ്ങും ആരാധകരുള്ള സൂഫി സന്യാസിയുംതത്വചിന്തകനുമായി മാറി.
ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായുള്ള ബഹവൽപ്പൂരിലെ ഉച് ഗിലാനിയൻഗ്രാമത്തിൽ 1680ലായിരുന്നു ബുല്ലേഹ് ഷായുടെ ജനനം. ആറു മാസംപ്രായമായപ്പോൾ പിതാവായ ഷാഹ് മുഹമ്മദ് ദാർവ്വിഷിനുംകുടുംബാംഗങ്ങൾക്കുമൊപ്പം മുൾത്താനിലെ മലക്‌വാൽ ഗ്രാമത്തിലേക്ക് പോയി. തുടർന്ന് പാൻഡോക് എന്ന ഗ്രാമത്തിലെ പള്ളിയിൽ പ്രാസംഗികനും മദ്രസഅദ്ധ്യാപകനുമായി പിതാവിനു ജോലികിട്ടിയപ്പോൾ അവിടേയ്ക്ക് മാറി. പിതാവിന്റെമതനിഷ്ഠമായ ജീവിതത്തെ പിൻപറ്റിയാണ് മക്കളും വളർന്നത്. അതിൽ ബുല്ലേഹ്‌ഷായും ഒരു പെങ്ങളും കുട്ടിയായിരിക്കെത്തന്നെ സന്യാസസമാനമായിഅല്ലാഹുവിനു സമർപ്പിച്ച് ജീവിച്ചു.പിതാവിൽ നിന്നുള്ള പ്രാഥമികശിക്ഷണത്തിനുശേഷം കുസാർ പട്ടണത്തിൽ ഉപരിപഠനത്തിനായിപ്പോയി. ഹസ്രത്‌ഗുലാം മുസ്തഫയെന്ന പണ്ഡിതന്റെ ശിഷ്യനായി. അക്കാലത്ത് അറിയപ്പെടുന്നഖാദിരി സൂഫി സന്യാസിയായിരുന്നു 'ഇനായത് ഷാ ഖാദിരി'.'അരേയ്ൻ' എന്നമുസ്ലീം കീഴ്ജാതിയിൽപെട്ട, നിത്യവൃത്തിക്കായി കൃഷിചെയ്തുപോന്നിരുന്നഇനായത് ഷാ ലാഹോറിലായിരുന്നു താമസം.അദ്ദേഹത്തിന്റെ മഹത്വംപരീക്ഷിച്ചറിഞ്ഞ ബുല്ലേഹ് ഷാ ഇനായത് ഷായുടെ ഏറ്റവും പ്രിയങ്കരനായശിഷ്യനാകുന്നു.
ബുല്ലേഹ് ഷാ തന്റെ കവിതകളിൽ പലപ്പോഴായി ഗുരുവായ ഇനായത് ഷായെ'വഴികാട്ടി', 'ദൈവത്തിനും മനുഷ്യർക്കുമിടയിലെ മധ്യസ്ഥൻ', 'പ്രഭു', 'ഈശ്വരൻ', 'സുഹൃത്ത്', 'കാമുകൻ', 'ഭർത്താവ്' എന്നെല്ലാം വിശേഷിപ്പിക്കുകയും പാടുകയുംചെയ്തിരുന്നു.അദ്ദേഹം ഒരിക്കൽ ഗുരുവിനടുത്തേക്ക് പോകുമ്പോൾ വഴിയിലെഗ്രാമത്തിലൊരു പെൺകുട്ടി വീട്ടുമുറ്റത്തിരുന്ന് മനോഹരമായി മുടി അലങ്കരിക്കുന്നത്‌കണ്ടു. ഭർത്താവിന്റെ വരവ് കാത്തിരിക്കയാണെന്നും അദ്ദേഹത്തിന് ഈ അലങ്കാരംഇഷ്ടമായതുകൊണ്ടാണെന്നും അവൾ പറഞ്ഞു.സ്നേഹം കൊണ്ട്‌ഗുരുപ്രീതിയ്ക്കായി ഏതറ്റം വരെയും പോകുന്ന ബുല്ലേഹ് ഷാ ആപെൺകുട്ടിയെപ്പോലെ പൂക്കൾ ചൂടി മുടികെട്ടി അണിഞ്ഞൊരുങ്ങിയാണ് അന്ന്ഗുരുവിനെക്കാണാൻ പോയത്. ഇത്തരം ഭ്രാന്തമായ അർപ്പണബോധം "സുൽതാൻ" എന്ന സൽമാൻ ഖാൻ ചിത്രത്തിലെ ഗാനത്തിൽ പരാമർശ്ശിക്കപ്പെട്ടിട്ടുണ്ട്. “തു ബാത്‌കരേ യാ നാ മുഛ് സേ" എന്ന ഗാനം തുടരുമ്പോൾ "തൂ ബോലേ തോ ബൻ ജാവൂംമേം ബുല്ലേഹ് ഷാ സൗദായി" എന്നും "നിനക്കായി വേണമെങ്കിൽ ഞാൻ ബുല്ലേഹ്‌ഷാ(ബുല്ലയ്യ) ആയി നൃത്തം ചെയ്യാം" എന്ന അർത്ഥത്തിലും വരികൾ വരുന്നു.
ബുല്ലേഹ് ഷായുടെ "തേരേ ഇഷ്ഖ് നാചയ കർ തയ്യ തയ്യ" എന്ന കാഫി ഗാനമാണ്‌പിന്നീട് "ദിൽ സേ" എന്ന സിനിമയിൽ "ഛയ്യ ഛയ്യ" എന്ന സൂപ്പർ ഹിറ്റ് ഗാനമായിഎ ആർ റഹ്മാന്റെ ഈണത്തിൽ പുനർജ്ജനിച്ചത്. "കാഫി" എന്നവിഭാഗത്തിൽപ്പെടുന്ന സൂഫി ശാസ്ത്രീയ സംഗീതമാണ് ബുല്ലേഹ് ഷായുടെഗാനങ്ങളിൽ പലതും. ഭക്തൻ സൃഷ്ടാവായ ദൈവത്തോടോ ശിഷ്യൻദൈവതുല്യനായ ഗുരുവിനോടോ കാമുകൻ കാമുകിയോടോ നടത്തുന്നദുഃഖാർദ്രമായ പരാതികളും പരിഭവങ്ങളുമാണ് ഇത്തരം കവിതകളിലെ ഇതിവൃത്തം.
ബുല്ലേഹ് ഷായുടേയും ഗുരുവിന്റേയും ആത്മബന്ധവും വേർപിരിയലുമെല്ലാം "ബസ്‌കർ ജി" ഉൾപ്പെടെയുള്ള കവിതകളിൽ ബുല്ലേഹ് ഷായ്ക്ക് വിഷയങ്ങളായി. 'ഹൃദയ'ത്തിലെ ഈ പഞ്ചാബി ഗാനത്തിന്റെ അർത്ഥം ഏകദേശം ഒപ്പിച്ചെഴുതിയാൽ:
"മതി മതി പ്രിയനേ.. മതിയാക്കൂ..
ഇനിയും മൗനം മതിയാക്കൂ..
എന്നോടിനി നീ പുഞ്ചിരിക്കൂ..
പ്രിയമോടൊരുവാക്കുരിയാടൂ..
നീയെന്നുള്ളിൽ നിറഞ്ഞിരിക്കുമ്പോൾ..
എന്തിനല്ലെവിടേയ്ക്കകലും നീ?
എന്റെ ഹൃദയം തുടിപ്പതുപോലും
പ്രിയനേ.. നിന്നിന്ദ്രജാലം..
മതി മതി പ്രിയനേ.. മതിയാക്കൂ..
ഇനിയും മൗനം മതിയാക്കൂ.." എന്നൊക്കെയാവും. "ബസ് കർ ജി" പോലെ സങ്കടംപൊട്ടുന്ന ബുല്ലേഹ് ഷാ കവിതകൾക്കു പിന്നിൽ ഒരു കഥയുണ്ട്.
അക്കാലത്ത് ഇസ്ലാം വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന തെറ്റെന്ന് തോന്നിയആചാരങ്ങളെ വിമർശ്ശിക്കാനും പരിഷ്കരിക്കാനും ബുല്ലേഹ് ഷാ ശ്രമിച്ചത്‌തീവ്രവിശ്വാസികളിൽ അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കി. ശിഷ്യന്റെവളർച്ചയ്ക്കൊപ്പം അസൂയക്കാരുടെ വകയായി ബുല്ലേഹ് ഷായ്ക്കെതിരേഏഷണികളും പരാതികളും ഗുരു ഇനായത് ഷാ ഖാദിരിയുടെ ചെവികളിലെത്തി. ഉയർന്ന ജാതിക്കാരനായ ശിഷ്യന്റെ "ജാത്യഭിമാനം" പരീക്ഷിച്ചറിഞ്ഞ ഗുരു, ബുല്ലേഹ് ഷായോട് പരുഷമായിപ്പെരുമാറുകയും കൂട്ടത്തിൽ നിന്ന് പുറത്താക്കുകയുംചെയ്തു. തന്റെ എല്ലാമായ ഗുരുവിന്റെ പിണക്കത്തിലും മൗനത്തിലും തകർന്നുപോയബുല്ലേഹ് ഷായുടെ ഹൃദയം നിറഞ്ഞൊഴുകിയെത്തിയ കാഫി സംഗീതവും വരികളുംകാലാതിവർത്തികളായി. അവയിലൊന്നാണ് "ബസ് കർ ജി"!
1757ൽ കുസാറിലായിരുന്നു ബുല്ലേഹ് ഷായുടെ അന്ത്യം. മസ്ജിദിനടുത്തുള്ളഖബർസ്ഥാനിൽ മൃതദേഹം അടക്കം ചെയ്യാനോ ആചാരപ്രകാരമുള്ളപ്രാർത്ഥനകളും കർമ്മങ്ങളും ചെയ്യാനോ മതനേതൃത്വം സമ്മതിച്ചില്ല. പക്ഷേ, അസംഖ്യം ശിഷ്യരും ആരാധകരും ചേർന്ന് അദ്ദേഹത്തിനായി പാക്കിസ്ഥാനിലെപഞ്ചാബ് പ്രവിശ്യയിൽ കസൂർ എന്ന സ്ഥലത്ത് ശവകുടീരം നിർമ്മിച്ചു. അതിന്റെവിശാലമായ മുറ്റത്ത് എല്ലാ വർഷവും ആരാധകർ ഒത്തുകൂടി ഉറൂസ് ഉത്സവംആഘോഷിക്കുന്നു. അന്നവിടെ ബുല്ലേഹ് ഷായുടെ അനശ്വരമായ കാഫി ഗാനങ്ങൾകൊണ്ട് ലോകം അദ്ദേഹത്തെ സ്മരിക്കും.