അടിക്കുറിപ്പിനെപ്പറ്റി ഒരു കുറിപ്പ്

ജഗത് ജയറാം

"പഴുത്തില വീഴുമ്പൊ പച്ചില ചിരിക്കും, സാറും ഒരു കാലത്ത് പഴുക്കും,അത് മറക്കണ്ട "

"ഈ കാര്യത്തിൽ എനിക്കല്പം സ്വാർത്ഥത ഉണ്ടായിരുന്നുവെന്നുള്ളത് വാസ്‌തവം. പക്ഷേ പരോക്ഷമായി ഒരു സത്യം പുറത്തു കൊണ്ടുവരുന്നതിന് അത് സഹായിച്ചില്ലേ?"

" ഉണ്ടോ?എങ്കിലെന്തിനീ സംശയം ബാക്കി? അകത്ത് നിന്നാരെങ്കിലും മന്ത്രിക്കുന്നുണ്ടോ ചെയ്തത് തെറ്റായിപ്പോയി എന്ന് .അധികാരത്തിനോടുള്ള ഈ കൂറ് ഈ രാജ്യത്തോടും ജനങ്ങളോടും കാണിച്ചിരുന്നെങ്കിൽ സത്യം നേരത്തെ പുറത്തു വരുമായിരുന്നില്ലെ? സർ, അല്പമെങ്കിലും നന്മ താങ്കളിലുണ്ടെന്നാണെന്റെ വിശ്വാസം .ശ്രദ്ധിച്ചില്ലെങ്കിൽ You will also become another political Waste"

എസ്.എൻ സ്വാമിയുടെ രചനയിൽ കെ.മധു സംവിധാനം ചെയ്ത "അടിക്കുറുപ്പ് " എന്ന ചിത്രത്തിന്റെ അവസാന ഭാഗമാണ് മുകളിൽ വിവരിച്ചിരിക്കുന്നത്.മലയാളത്തിൽ പൊതുവെ "പൊളിറ്റിക്കൽ സിനിമ " എന്ന ലേബലിൽ ഇറങ്ങിയ പല സിനിമകളും യഥാർത്ഥ പൊളിറ്റിക്സാണോ ചർച്ച ചെയ്തത് എന്നത് പലപ്പോഴും ചിന്തിച്ച കാര്യമാണ്. ഒന്നുകിൽ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ആകെ അടച്ചു തള്ളി അവതരിപ്പിക്കുക അല്ലെങ്കിൽ രാഷ്ട്രീയക്കാരാണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം/അവർ മാത്രമാണ് ഈ നാടിനെ ഇങ്ങനെയാക്കിയത്, കുളം തോണ്ടിയത് എന്ന ചില "പൊതുബോധത്തെ " സ്റ്റാമ്പ് ചെയ്യുക; അത്തരത്തിലുള്ള രചനകളായിരുന്നു മിക്കതും.എന്നാൽ അതിന് വിരുദ്ധമായി നല്ല കാര്യം ചെയ്യുകയാണെങ്കിൽ കൂടി അതിനും മുകളിൽ ഒരു തരം സ്വാർത്ഥതയ്ക്കും അധികാരമോഹത്തിനും പ്രസ്റ്റീജ് നിലനിർത്താനും വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ ശ്രമങ്ങളെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ വിമർശിച്ച ശക്തമായ ഒരു ലീഗൽ - പൊളിറ്റിക്കൽ സിനിമ. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞ ഒരു സിനിമയാണ്. വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ "അടിക്കുറിപ്പ് " എന്ന ചിത്രം കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള/ധ്വനികളുള്ള,അടിത്തറയുള്ള, കാലിക പ്രസക്തിയുള്ള,തീർത്തും മൗലികമായ, അടിസ്ഥാനപരതയുള്ള, നിയമപരമായ വശങ്ങളെക്കുറിച്ച് വളരെ ആധികാരികമായി പഠിച്ചെഴുതിയ അധികമാരും ശ്രദ്ധിക്കാതെയും പ്രശംസിക്കപ്പെടാതെയും പോയ ഒരു "വെൽ റിട്ടൺ എസ് എൻ സ്വാമി സ്ക്രിപ്റ്റ്" എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് എന്താ പറയേണ്ടത് എന്നറിയില്ല. അത്ര മാത്രം പേർസണലി ബോധിച്ച സിനിമയാണ്. വളരെ യാഥാർത്ഥ്യ ബോധ്യത്തോടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്. കച്ചവട സിനിമകളിൽ സ്ഥിരം കാണാറുള്ള എലമെന്റ്സ് വളരെ കുറവായിരുന്നു. അതായത് എല്ലാത്തിലും മിതത്വം പാലിച്ച വിട്ടുവീഴ്ചകളില്ലാതെ ചെയ്ത ഒരു മിനിമൽ സിനിമയായിട്ട് വേണം ഇതിനെ കാണാൻ. അത്തരം സിനിമകൾ "ഔട്ട്ഡേറ്റഡ് " ആവാതെ നിലനിൽക്കുമെന്നാണെന്റെ വിശ്വാസം

" ഹേബിയസ് കോർപ്പസ്'' എന്ന കോടതി പദം ജനകീയവൽക്കരിച്ചതും ഈ സിനിമയിലൂടെ ആണെന്ന് കരുതുന്നു.നിയമ വിരുദ്ധമായി ഒരു വ്യക്തിയെ തടവിൽ വെയ്ക്കുന്നത് തടയുക എന്നതാണ് ഈ റിട്ടിന്റെ ഉദ്ദേശ്യമെന്ന് പറയുന്നത്. വ്യക്തികളോ ഭരണകൂടമോ തടവിൽ പാർപ്പിച്ചിരിക്കുന്നവരെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെടാനും നിയമ വിധേയമായാണോ തടവിൽ പാർപ്പിച്ചിരിക്കുന്നത് എന്നൊക്കെ പരിശോധിക്കാനുമൊക്കെ ഇതിലൂടെ സാധ്യമാണ്.
"ദൃശ്യം" എന്ന സിനിമയിൽ മോഹൻലാലിന്റെ ജോർജൂട്ടി എന്ന കഥാപാത്രം; അയാൾക്ക് മുന്നിലേക്ക് വരുന്ന രണ്ട് കഥാപാത്രങ്ങളോടായി "ഹേബിയസ് കോർപ്പസ് " എന്ന റിട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ജോർജൂട്ടി പെട്ടെന്ന് അയാൾ കണ്ട സിനിമകളിലെ രംഗങ്ങൾ ഓർക്കുകയും ഈ റിട്ടിനെക്കുറിച്ച് പറയുകയും ചെയ്യുന്നു.സത്യത്തിൽ "ദൃശ്യം " എന്ന പടത്തിൽ ലാൽ ഓർത്ത് പറയുന്ന ആ രംഗങ്ങൾ ഈ സിനിമയിലേതാണ്. ഒരു ദൃശ്യം ആഴത്തിൽ പതിയുന്നത് പോലെ മറ്റൊന്നും പതിയില്ലല്ലോ

എസ് എൻ സ്വാമിയുടെ എഴുത്തിന്റെ ശൈലി പണ്ടു തൊട്ടേ വളരെ ഇഷ്ടമാണ്.ഒരു കാലത്ത്, സിനിമയുടെ തുടക്കം തൊട്ട് അവസാനം വരെ പ്രേക്ഷകനെ engage ചെയ്തിരിത്തുന്ന അദ്ദേഹത്തിന്റെ രചന ശൈലി ഏറെ ആകർഷിച്ചതാണ്. വസ്തുതകളെ കൃത്യമായി പഠിച്ചതിന് ശേഷം അത് എഴുത്തിൽ കൊണ്ട് വരാനുള്ള സ്വാമിയുടെ മിടുക്കൊക്കെ പണ്ട് തൊട്ടേ ശ്രദ്ധിച്ചു പോന്നതാണ്. ജുഡീഷ്യറിയെപ്പറ്റിയും പോലീസന്വേഷണത്തെപ്പറ്റിയുമൊക്കെ സിനിമകളിൽ പ്രതിഫലനമുണ്ടാകും. അത് സ്വാഭാവികമായി കടന്നു വരുന്നതാണ് എന്ന് കരുതുന്നില്ല. ആ മേഖലയിൽ നല്ല സ്പെഷലൈസ് ചെയ്തതാണെന്ന് തോന്നും. ആ മേഖലയിൽ നല്ല അറിവുള്ള എഴുത്തുകാരനാണ് എന്ന് തിരക്കഥകളിൽ നിന്നും വായിച്ചെടുക്കാം. ആദ്യകാലത്ത് എഴുതിക്കൊണ്ടിരുന്ന ഫാമിലി പടങ്ങളിൽ നിന്ന് കുറ്റാന്വേഷണ ചിത്രങ്ങളിലേക്കും ത്രില്ലറുകളിലേക്കും തിരിഞ്ഞ സ്വാമിയുടെ എഴുത്തിന്റെ മികവ് പിൽക്കാലത്ത്(അവസാനം ചെയ്ത കുറച്ച് സിനിമകൾ ) ദുർബലപ്പെട്ടു പോയെങ്കിലും ആയ കാലത്ത് എഴുതിയ ഒരു അത്യുഗ്രൻ സ്ക്രിപ്റ്റായാണ് ഈ സിനിമയെ കാണുന്നത്. ഒരു പക്ഷേ സ്വാമിയുടെ ഏറ്റവും മികച്ച വർക്ക്. എഴുത്തുകാരന്റെ പേര് കേൾക്കുമ്പോൾ തന്നെ മിക്കവരുടെയും മനസ്സിൽ "സേതുരാമയ്യർ" സീരിസായിരിക്കും മിന്നുക. അതിന്റെ പേരിലാണ് സ്വാമി ഏറെയും ഓർക്കപ്പെടുന്നത്.അതിനേക്കാൾ മികവുകളുള്ള രചനകൾ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഈ ഒരൊറ്റ സിനിമ ബോധ്യപ്പെടുത്തും."സേതുരാമയ്യർ സീരീസ് " ആ കേന്ദ്രകഥാപാത്രത്തിന് ചുറ്റും കിടന്നു കറങ്ങുന്ന സിനിമകളാണെങ്കിൽ ഇതിൽ നായകനേക്കാൾ പലപ്പോഴും പ്രാധാന്യം വരുന്നത് ജഗതി ഉജ്ജ്വലമായി അവതരിപ്പിച്ച ബഷീർ എന്ന കഥാപാത്രത്തിനാണ്.അതു പോലെ ലാലു അലക്സിന്റെ കപ്പലിലെ ക്യാപ്റ്റൻ കഥാപാത്രം. ഇതിന്റെ പ്രമേയ പരിസരം പോലും അതിനു മുന്നേയോ ശേഷമോ വന്ന സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. തീർത്തും ഫ്രഷായ ഒരു സബ്ജക്ടായാണ് ഇന്നും അനുഭവപ്പെടുന്നത്. ബഷീർ എന്ന കഥാപാത്രത്തിന്റെ പാസ്റ്റ് എന്തായിരുന്നു എന്നതിന്റെ ഒരന്വേഷണം കൂടിയായിരുന്നു ഈ സിനിമ. കപ്പലിൽ നിന്നും ഒരു ക്യാപ്റ്റൻ കണ്ടെടുക്കുന്ന, താൻ ആരാണെന്നോ എന്താണെന്നോ എവിടെ നിന്നാണെന്നോ ഒട്ടും ബോധ്യമില്ലാത്ത ഓർമ്മ നഷ്ടപ്പെട്ട ബഷീറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഫുൾ പ്ലോട്ടും കിടക്കുന്നത്. അത്രയും ഇമ്പോർട്ടന്റായ, നായകനേക്കാൾ പ്രാധാന്യമുള്ള ഒരു റോൾ. ബഷീറിനെ നാട്ടിലിറക്കാനുള്ള/കൊച്ചി തുറമുഖത്ത് ഇറക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ നടത്തുന്ന ക്യാപ്റ്റന് ഇമിഗ്രേഷൻ വകുപ്പിന്റെ നൂറ് നൂറ് നൂലാമാലകളിൽ നിന്നും കുരുക്കുകളിൽ നിന്നും നിയമത്തിന്റെ തടസ്സങ്ങളിൽ നിന്നും ഒഴിവാകാൻ കഴിയുന്നില്ല. മലയാളിയാണെങ്കിലും അത് തെളിയിക്കുന്ന രേഖകൾ പോലും ബഷീറിന്റെ കൈയിലില്ല. മാത്രമല്ല ബഷീർ നാട്ടിലിറങ്ങിയാൽ സത്യം പലതും വെളിപ്പെടുമെന്ന് ഭയക്കുന്ന ഒരു കൂട്ടം ആളുകൾ അവിടെയുണ്ട് താനും. അയാൾ നാട്ടിലിറങ്ങിയാൽ അയാളുടെ ജീവന് തന്നെ ഭീക്ഷണിയാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വഷളാവുന്നു. സ്വന്തം നാട്ടിൽ ഇറങ്ങാനും ജീവിക്കാനും കഴിയാത്ത ഒരു പൗരന്റെ അടിസ്ഥാന പ്രശ്നത്തെ അഡ്രസ് ചെയ്ത ഈ സിനിമ, അതിലുപരി ബഷീറിനെ പോലുള്ള ആളുകളെ ഇരയാക്കി സത്യം പുറത്തു കൊണ്ടുവരാമെന്ന വ്യാജേന രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന ആളുകൾ, അത്തരത്തിൽ ഒരു രാഷ്ട്രീയ വായനക്ക് സാധ്യത നൽകുന്നുണ്ട്. അതിൽ രാഷ്ട്രീയക്കാരും മീഡിയയും എത്തരത്തിലൊക്കെ ഇടപെടുന്നു എന്നുള്ളതൊക്കെ.ഈ ഒരു ഘട്ടത്തിൽ വക്കീലായ ഭാസ്കരപിള്ളയുടെ ഇടപെടലുകൾ, ബഷീറിന്റെ മൗലികമായ അവകാശങ്ങൾക്ക് വേണ്ടി, സ്വന്തം നാട്ടിൽ ഇറങ്ങാൻ വേണ്ടിയുള്ള അവകാശങ്ങൾക്ക് വേണ്ടി വക്കീലിന്റെ നിയമ പോരാട്ടങ്ങൾ ഇതൊക്കെയാണ് സിനിമയുടെ പ്രമേയം. രചനാ കാലത്ത് അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ആത്മാർത്ഥ സിനിമകൾ പിൽക്കാലത്തെങ്കിലും ചർച്ച ചെയ്യപ്പെടാറുണ്ട്. ഈ സിനിമക്ക് അത് പോലും അവകാശപ്പെടാൻ പറ്റിയിട്ടില്ല. വരും കാലങ്ങളിൽ ഒരു പക്ഷേ ഈ സിനിമയുടെ പ്രസക്തി ചർച്ച ചെയ്യപ്പെട്ടേക്കാം എന്തായാലും കെ.മധു -എസ് എൻ സ്വാമിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്; ഫോർ ദിസ് വണ്ടർ ഫുൾ മൂവി.

അടിക്കുറിപ്പ് വിശദവിവരങ്ങൾ