പ്രജ ̶ വീണ്ടും ചില ആൺ-വീരസ്യങ്ങൾ

ജഗത് ജയറാം

"ഏത് നിയമം അവന്റെ ലോസ് ഓഫ് ദി ലാൻഡ്. ഏത് നിയമം ആരുടെ നിയമം ഏത് നിയമത്തെ അനുസരിക്കണം ഇവിടത്തെ ജനങ്ങൾ ഏത് നിയമത്തെ ആദരിക്കണം, ഏത് നിയമത്തെ ആരാധിക്കണം ഏത് നിയമത്തെ ബഹുമാനിക്കണം"രണ്ടു കല്ലുകൾ തമ്മിലുരയുമ്പോൾ തീ പാറുമെന്ന് പറയുന്നത് പോലെ ചില ക്രിയേറ്റിവിറ്റി ഉണ്ടാകുന്നത്/ഉടലെടുക്കുന്നത് പലപ്പോഴും എഴുത്തുകാരന്റെ മനസ്സിൽ വിസ്ഫോടനമുണ്ടാകുമ്പോഴാണ്‌.(മലയാളത്തിൽ ലോഹിതദാസ്, എം ടി ഒക്കെ ഉദാഹരണം ) ഒരു ക്രിയേറ്റിവിറ്റിക്ക് അനുഭവം വേണം എല്ലാതെ എഴുത്തുണ്ടാകില്ല.ഇത് പൊതുവെ തോന്നിയ കാര്യമാണ്. പറഞ്ഞു വരുന്നത് രഞ്ജി പണിക്കർ എഴുത്തുകളെകുറിച്ചാണ്.ഒരു എഴുത്തുകാരന്റെ അയാളുടെ തുടർച്ചയായ എഴുത്തുകൾ പൊതുവെ നിരീക്ഷിക്കാറുണ്ട്.അങ്ങനെ ചുമ്മ നിരീക്ഷിച്ചാൽ ഒരു കൃത്യമായ ശൈലി ഉണ്ടാകും ഏതൊരു എഴുത്തുകാരനും. ഇത്തരത്തിൽ രഞ്ജി പണിക്കരുടെ സിനിമകൾക്ക് വളരെ പ്രത്യക്ഷമായ ഒരു ശൈലിയാണുള്ളത്. ഒരു കഥാപാത്രത്തെ സമൂഹത്തിൽ നിന്നങ്ങ് സൃഷ്ടിച്ചെടുക്കും.ഇത് ഒരു കലക്ടറാകാം പോലീസാകാം എല്ലെങ്കിൽ സക്കീർ അലി ഹുസൈനെപ്പോലെ ഒരു അധോലോക നായകനുമാകാം. ഈ കഥാപാത്രം നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ ,അയാൾക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾക്കെതിരെ, അനീതിക്കെതിരെ ,കൊള്ളരുതായ്മകൾക്കെതിരെ ഒറ്റയാൾപ്പട്ടാളമായി ആഞ്ഞടിക്കുന്നതും വായിട്ടലക്കുന്നതും കാണാം. അവസാനം വില്ലനെ (ഒരു വില്ലൻ എന്നു പറഞ്ഞാൽ അയാൾ നെഗറ്റീവിന്റെ അംഗേയറ്റമായിരിക്കും) അടിച്ചോ കുത്തിയോ കുത്തിമലർത്തിയിരിക്കുകയോ ചെയ്തിരിക്കും പൊതുവെ നായകൻ..(പൊതുവെ കഥാപാത്രങ്ങളൊക്കെ ഉള്ളിലെ രോഷം കൊണ്ട് അടുപ്പത്തിട്ട കടുക് പോലെ ഞെരിപിരി കൊളളുന്നവരായിരിക്കും) ഇദ്ദേഹത്തിന്റെ "പ്രജ " എന്ന് പറയുന്ന ഐറ്റം ഇതിന്റെ പരകോടിയിൽ എഴുതിത്തീർത്തതായിരിക്കും കാരണം ഇത്രയും സംഭാഷണത്തിന്റെ അതിപ്രസരം പുളളിയുടെ മറ്റു ചിത്രങ്ങളിൽ കാൺമാനില്ല എന്നാണ് തോന്നിയത്.രഞ്ജി പണിക്കർക്ക് അടിമുടി ചോര തിളക്കുമ്പൊ അതിനെ എങ്ങനെ എഴുതിത്തീർത്ത് ആത്മനിർവൃതി അടയാം,ഉൾപുളകം കൊള്ളാം എന്ന ആലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞു വരാനാണ് സാധ്യത. അല്ലാതെ ഇത്തരമൊരു അന്താക്ഷരി ( ഇതിൽ ആരെങ്കിലും ലാലേട്ടനോടു മിണ്ടിയാൽ സ്വാതന്ത്യ സമരം തൊട്ടിങ്ങോട്ട് കേൾക്കേണ്ടി വരും) എഴുതി ഉണ്ടാക്കാൻ കഴിയില്ല."ഫയർ ബ്രാൻഡ് " അത് രക്തത്തിലുണ്ടാകണം. അലിഞ്ഞു ചേരണം. അപ്പൊഴേ അത് എഴുതി ഫലിപ്പിക്കാൻ കഴിയൂ.പണ്ട് ടി.ദാമോദരൻ മാഷായിരുന്നു ഇത്തരത്തിൽ കണ്ട ഏക ഫയർ ബ്രാൻഡ് ഐറ്റം.സമൂഹത്തിന്റെ ആത്മരോഷം ഇത്ര മാത്രം പാട്ടെടുത്ത എഴുത്തുകാരൻ ദാമോദരൻ മാഷിന് ശേഷം വേറെ ഉണ്ടായിട്ടില്ല എന്ന് കരുതുന്നു.പൊതുവെ സമൂഹത്തിലെ അനീതിക്കും കൊള്ളരുതായ്മകൾക്കുമെതിരെ ആത്മരോഷം പ്രകടിപ്പിക്കാനാണ് സിനിമകളിലൂടെ രഞ്ജി പണിക്കർ ശ്രമിച്ചതെങ്കിലും (എഴുത്തുകാരന്റെ നിലപാടാണല്ലോ സിനിമയിലൂടെ പ്രതിഫലിക്കുന്നത്).

പ്രജയുടെ കാര്യത്തിൽ വരുമ്പോ എഴുതിയിട്ടും എഴുതിയിട്ടും അടങ്ങുന്നില്ലല്ലോ കഥാപാത്രങ്ങൾ പരസ്പരം അടിച്ചടിച്ചും കൊന്ന് തീർന്നിട്ടും കുതികാൽ വെട്ടിയിട്ടും ഉള്ളിലെ കനൽ എന്ന് പറഞ്ഞ പോലെയാണ് സ്ഥിതി. അതു കൊണ്ട് തന്നെ പുളളി സാധാരണ എഴുതിക്കൊണ്ടിരുന്ന ഒന്നര പേജ് നീളുന്ന നെടുങ്കൻ ഡയലോഗുകളുടെ "അപ്പനായിട്ട് " വരും പ്രജ.ദോഷം പറയരുതല്ലോ നിലവിലുള്ള വ്യവസ്ഥിതിക്കെതിരെയും അധികാരവർഗ്ഗത്തിനെതിരെയും ഉദ്യോഗസ്ഥമേധാവിത്വത്തിനെതിരെയും മീഡിയക്കെതിരെയും ഒറ്റയാൾ പട്ടാളമായി ആഞ്ഞടിക്കുന്ന സക്കീർ അലി ഹുസൈന്റെയും (അയാൾ ഇക്കണ്ട ലക്ഷോപലക്ഷം വരുന്ന പ്രജയിലൊരാൾ അതിലുപരി ഒരു നിയമവിരുദ്ധൻ, ആന്റി സോഷ്യലാണെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ) ളാഹയിൽ "ഫക്കച്ചന്റെയും" ഡയലോഗുകൾ ഏതായാലും വെറുതെയായില്ല. യഥാർത്ഥ ലോകത്ത് ഒരിക്കലും നടക്കാത്ത ഇത്തരം " ഫാന്റസികൾ " എഴുതി വെയ്ക്കുക. മേലുദ്യോഗസ്ഥന്റെ കരണം അടിച്ചു പൊളിക്കുക, അല്ലെങ്കിൽ തെറി വിളിക്കുക,അപ്പനും അപ്പന്റപ്പനും വിളിക്കുക. കുറച്ച് നേരത്തേക്കാണെങ്കിലും അത് ഒരു കോരിത്തരിപ്പുണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഒരു നിമിഷ നേരത്തെ കോരിത്തരിപ്പിനപ്പുറം ഈ സിനിമ അവശേഷിപ്പിക്കുന്നതെന്ത് എന്നൊരു ചോദ്യം സ്വാഭാവികമായും അവിടെ കടന്നു വരുന്നുണ്ട്. നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് അരാഷ്ട്രീയ നിലപാടുകൾ കലയിലൂടെ തല പൊക്കുന്നത്. അതിന് മുഴുവൻ രാഷ്ട്രീയക്കാരെയും അടച്ച് ആക്ഷേപിക്കാനും രഞ്ജി പണിക്കർ മറന്നില്ല. രഞ്ജി പണിക്കരുടെ സക്കീർ ഹുസൈൻ അത്തരമൊരു പ്രതിനിധിയാണ്.ഒരു രംഗം തന്നെ അത് കൃത്യമായി എക്സ്പ്ലയിൻ ചെയ്യും. പ്രജ "ദ പീപ്പിൾ' അതാണല്ലോ ടൈറ്റിൽ.

ഈ സിനിമയിൽ ഒരു രംഗമുണ്ട്.മന്ത്രിയാണെന്ന് കരുതി എം എൽ എ യെ വഴിയിൽ തടഞ്ഞു നിർത്തി കാർ പരിശോധിക്കാതെ വിട്ടതിന് ക്ഷുഭിതനായി സക്കീർ പോലീസായ മായ മേരി കുര്യനോട് അടിമുടി വിറക്കുന്നുണ്ട്
"അപ്പൊ മന്ത്രിമാരാണെങ്കിലാകാം നിയമ ലംഘനം, വയലേഷൻ ഓഫ് ട്രാഫിക്ക് റൂൾസ്. മന്ത്രിമാർക്കാകാം എങ്കിൽ ആ പോയില്ലെ, അത് പോലെ സകലർക്കുമാകാം,സകല സേവകർക്കുമാകാം സേവികകാർക്കുമാകാം സകല അവനുമാർക്കുമാകാം,അവളുമാർക്കുമാകാം അധികാരത്തിന്റെ മൊടയുള്ള ഏത് ഷേവിങ്ങുകാരനുമാകാം അല്ലെങ്കിൽ പോ പോയി ചെയ്സ് ചെയ്ത് പിടിച്ച് ചെവിക്കല്ല് നോക്കി നാലെണ്ണം പൊട്ടിച്ച് കൊടുക്ക് ആ പോയവൾക്ക്. ഡിപ്പാർട്ട്മെന്റിൽ ആണുങ്ങൾക്കില്ലാത്ത സാധനം അവനവനുണ്ടെന്ന് കാണിച്ചു കൊടുക്ക്. തണ്ടെല്ല് .ഇല്ല പോവില്ല.നിന്റെയൊക്കെ സർവ്വീസ് നിഘണ്ടുവിൽ അവന്റെയൊക്കെ തന്ത ഉണ്ടാക്കിയ നിയമം.പിന്നെ താഴെയുള്ളവന്റെ നെഞ്ചത്ത് കയറ്റാൻ നൂറ് നൂറ് നിയമങ്ങൾ വേറെ. സിഗരറ്റ് വലിക്കരുത്. കള്ളുകുടിക്കരുത്. സൈക്കിളിൽ ലോഡ് കയറ്റി സഞ്ചരിക്കരുത്. സ്വന്തം ഭാര്യയുടെ ഗർഭപാത്രത്തിൽ സർക്കാരിനോട് ചോദിക്കാതെ ഗർഭം ഉത്പാദിപ്പിക്കരുത്. എടുത്ത് കാർക്കിച്ച് തുപ്പും സക്കീർ അലി ഹുസൈൻ"
((ക്ഷമിക്കണം സ്ത്രീകളോട് രണ്ടു മെക്കട്ട് കയറുന്ന ഡയലോഗ് എഴുതാതെ രഞ്ജി എഴുത്ത് കംബ്ലിറ്റാവില്ല, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ;സ്ത്രീകളുടെ മെക്കട്ടു കയറ്റം പൊതുവെ ഉള്ള സ്ഥിതിക്ക്, സിനിമകളിൽ ഇത്തരം ഡയലോഗുകൾ തള്ളിക്കയറി വരും എന്നാണ് പുള്ളി പറയുന്നത്. സിനിമ സമൂഹത്തിന്റെ reflection ആണല്ലോ എന്നൊക്കെയാണ് പുളളി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. അപ്പൊഴും എഴുത്തുകാരന്റെ സ്വതന്ത്രമായ നിലപാടെന്ത് എന്ന ചോദ്യം ബാക്കിയുണ്ട്. അതായത് സ്ത്രീകളെ പുരുഷനോളം തന്നെ അംഗീകരിക്കുന്ന, വില വെയ്ക്കുന്ന സാഹചര്യങ്ങൾ,സിറ്റുവേഷൻ ക്രിയേഷൻ ഒക്കെ പണിക്കർ സിനിമകളിലുണ്ടോ എന്ന്. ഇല്ല ഉണ്ടാവില്ല. ഇനി അഥവാ ഒരു പ്രത്യേക സിനിമയിൽ (പത്രത്തിലെ മഞ്ജു വാര്യർ ) ഉണ്ടെങ്കിൽ തന്നെ പൊതുവെ "ആണിന്റെ " വീരസ്യങ്ങളായിരിക്കും സിനിമ . ഇത്തരം ഡയലോഗുകളിലൂടെ , ഈ എഴുതിക്കൂട്ടുന്നതിലൂടെ പുളളി ഉദ്ദേശിക്കുന്നതും ഇതൊക്കെ തന്നെ. നിലവിലുള്ള നിയമത്തെ അംഗീകരിക്കാത്ത, ഇന്നാട്ടിലെ പുളിച്ച നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് പറയുന്ന, സിസ്റ്റത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ,ഇന്നാട്ടിലെ നിയമങ്ങളെ ലംഘിക്കണമെന്ന് പറയുന്ന, ഭരണഘടനയോട് കൂറ് പുലർത്താത്ത സക്കീർ ഹുസൈനേപ്പോലുള്ള ആന്റി- സോഷ്യലുകൾ ഉണർന്നെണീക്കുന്നത് ഇങ്ങനെയാണ്.))

"ഏത് നിയമം അവന്റെ ലോസ് ഓഫ് ദി ലാൻഡ്. ഏത് നിയമം ആരുടെ നിയമം ഏത് നിയമത്തെ അനുസരിക്കണം ഇവിടത്തെ ജനങ്ങൾ ഏത് നിയമത്തെ ആദരിക്കണം, ഏത് നിയമത്തെ ആരാധിക്കണം ഏത് നിയമത്തെ ബഹുമാനിക്കണം"
ഈ ഒരൊറ്റ ഡയലോഗ് തന്നെയാണ് ഈ പടത്തിന്റെ ടോൺ.

പ്രജ വിശദവിവരങ്ങൾ