ചേർത്തതു് Baiju T സമയം
ജഗത് ജയറാം
" എല്ലാക്കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നു.1947-ലും അതുണ്ടായി. കിഴക്കൻ ബംഗാളിൽ നിന്ന് പടിഞ്ഞാറൻ ബംഗാളിലേക്ക്."
"അഭയാർത്ഥികളുടെ കണ്ണു നീര് വീണ് കുതിർന്ന മണ്ണും അവരുടെ നെടുവീർപ്പുകൾ തങ്ങിനിൽക്കുന്ന അന്തരീക്ഷവുമുള്ള പശ്ചിമ ബംഗാളിലെ റാണാ ഘട്ട്. വിഭജനകാലത്തെ കലാപ കലകൾ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി പ്രാണൻ മാത്രം ബാക്കിയായ അഭയാർത്ഥികൾ ഏറിയ പങ്കും ഇവിടെയാണ് തങ്ങിയത്. സ്വന്തം നാടിനെയും വീടിനെയും കുറിച്ചുള്ള ഓർമ്മകൾ ഒരുൾവിളിയായി മാറിയപ്പോൾ അവർക്ക് തിരിച്ചു പോകാതെയിരിക്കാൻ കഴിയാതെയായി. പക്ഷേ തിരിച്ചെത്തിയവർ കണ്ടത് രൂപം മാറിയ തങ്ങളുടെ വീടുകൾ, മാറിയ ചിഹ്നങ്ങൾ, പുതിയ വേഷം, പുതിയ ഗന്ധം വീണ്ടും റാണാ ഘട്ടിലേക്ക്. അഭയാർത്ഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് കണ്ട് ഭയന്ന് അധികാരി വർഗ്ഗം പറഞ്ഞു.ഇവർ വിദേശികളാണ്. ഇവരെ അതിർത്തിക്കപ്പുറം പറഞ്ഞയക്കുക .ജനഹിതം നടക്കട്ടെ. പശ്ചിമ ബംഗാൾ ജനത പക്ഷേ ഈ ഉപദേശം ചെവിക്കൊണ്ടില്ല.അവർ ചോദിച്ചു നാടിനെ പങ്കിടാൻ നേരത്ത് നിങ്ങൾ ജനഹിതം ആരായാഞ്ഞതെന്തേ? ഇവർ വെറും അഭയാർത്ഥികളല്ല. നിങ്ങൾ കാരണം വസ്തുക്കൾ അപഹരിക്കപ്പെട്ടവർ. വാസ്തുഹാരകൾ."
മുകളിൽ വിവരിച്ചിരിക്കുന്നത് ജി.അരവിന്ദൻ സംവിധാനം ചെയ്ത അവസാന ചിത്രമായ വാസ്തുഹാരയുടെ തുടക്കത്തിലെ വേണുവിന്റെ ആത്മഗതങ്ങളാണ്. മനുഷ്യ ചരിത്രം എന്ന് പറയുന്നത് അഭയാർത്ഥി പ്രവാഹത്തിന്റെയും പലായനങ്ങളുടെയും കുടിയേറ്റങ്ങളുടെയും ചിത്രമാണ്. പല തരത്തിൽ പല രീതിയിൽ പുതിയ പുതിയ രൂപങ്ങളിൽ അത് ലോകത്തിന്റെ പല ഭാഗങ്ങളിൽ അരങ്ങേറുന്നു. സ്വന്തമായതെല്ലാം അപഹരിക്കപ്പെടുന്ന അഭയാർത്ഥികളുടെ ആത്മനൊമ്പരങ്ങളിലേക്ക് ഫോക്കസ് ചെയ്ത മറ്റൊരു ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.അതു കൊണ്ട് തന്നെ ഇത്തരമൊരു സാമൂഹ്യ പ്രതിഭാസത്തിന്റെ "ഇരകൾ " ആയി മാറുന്ന ഒരു കൂട്ടം ജനങ്ങളെ അഡ്രസ് ചെയ്യുന്ന ഒരു മൗലിക സൃഷ്ടിയായി മലയാള ചലച്ചിത്ര ലോകത്ത് ഒറ്റയായി വേർതിരിഞ്ഞു നിൽക്കുന്നു ഈ ഒരു വിഷയ കേന്ദ്രീകൃതമായ സിനിമ.
( സി വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധായകൻ തന്നെ തിരക്കഥ രചിച്ച സിനിമ ആ വർഷത്തെ മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾക്കർഹമായി.)
1947-ൽ പാകിസ്ഥാനിൽ നിന്നും 1971-ൽ ബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർത്ഥി പ്രവാഹമാണ് സിനിമയുടെ ചരിത്ര പശ്ചാത്തലം. 1947-ലെ ഇന്ത്യ - പാക് വിഭജനകാലത്ത് കിഴക്കൻ ബംഗാളിൽ നിന്ന് ഇന്ത്യക്കാരായ കുറെ പേർ പടിഞ്ഞാറൻ ബംഗാളിലേക്ക്, കൽക്കത്തയിലേക്ക് കുടിയേറാൻ നിർബന്ധിതരായിത്തീരുകയായിരുന്നു. അവരുടെ പുനരധിവാസം താത്കാലിക ഷെഡ്ഡുകൾ മാത്രമായിരുന്നു. ഒരിടത്ത് നിന്ന് വേറൊരിടത്തേക്ക് അല്ലെങ്കിൽ ഒരു കാലത്തിൽ നിന്ന് വേറൊരു കാലത്തിലേക്ക് അഭയം തേടിയ അഭയാർത്ഥി പ്രവാഹത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അവർ. ഒരു യുദ്ധ പശ്ചാത്തലത്തിൽ സ്വന്തമായതെല്ലാം ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവർ. വിഭജനത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു വിധവയുടെ കണ്ണിലൂടെ ( ആരതി പണിക്കർ ) അഭയാർത്ഥി പ്രശ്നങ്ങളെ നോക്കിക്കാണുന്നു സംവിധായകൻ.
കൽക്കത്തയിലെത്തിയ അഭയാർത്ഥികൾ വസ്തുവകകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് പുതിയൊരു ജീവിതം സ്വരുക്കൂട്ടുന്നു. അതിനിടയിൽ 1971-ൽ ഒരു കൂട്ടം ബംഗാളികളെ ആൻഡമാനിലേക്ക് കടത്താൻ സർക്കാർ തീരുമാനിക്കുകയും അതിന് വേണ്ടുന്ന റിക്റൂട്ടിങ്ങ് ജോലിയിലേക്ക് മലയാളിയായ വേണു (മോഹൻ ലാൽ ) കൽക്കത്തയിലെത്തുന്നതോടെയുമാണ് സിനിമ ആരംഭിക്കുന്നത്. അവിടെ വച്ച് ആരതി പണിക്കരെന്ന ബംഗാളി സ്ത്രീയെ അയാൾ കണ്ടുമുട്ടുന്നു. ഈ ആരതി പണിക്കർ വേണുവിന്റെ തന്നെ നാടുവിട്ടു പോയ അമ്മാവനായ കുഞ്ഞുണ്ണി പണിക്കരുടെ ഭാര്യയാണെന്ന് അയാൾ മനസ്സിലാക്കുന്നു. പണ്ട് അവർ രണ്ടു പേരും വിവാഹം കഴിച്ച് തിരികെ നാട്ടിലെത്തിയപ്പോൾ കുഞ്ഞുണ്ണിയുടെ "ഭൂപ്രഭുത്വ കുടുംബം " അവരെ ആട്ടിയോടിച്ചത് ആരതി പണിക്കരുടെ ഓർമ്മകളിലുണ്ട്. അവർ വീണ്ടും ബംഗാളിൽ തിരികെയെത്തിയപ്പോൾ വിഭജനത്തെത്തുടർന്ന് കൽക്കത്തയിലെ ക്യാമ്പിലെത്തപ്പെടുന്നു. ആരതി ഒരു പെണ്ണിനേയും ആണിനേയും പ്രസവിക്കുകയും ചെയ്യുന്നു. ഒരുനാൾ കുഞ്ഞുണ്ണി പണിക്കർ അഭയാർത്ഥി ക്യാമ്പിൽ കോളറ വന്ന് മരണപ്പെടുകയും ചെയ്യുന്നു. അമ്മാവന്റെ ഭാര്യയാണെന്ന് മനസ്സിലാക്കപ്പെട്ട വേണു തിരികെ നാട്ടിലെത്തി കുഞ്ഞുണ്ണി അമ്മാവന്റെ ഭൂസ്വത്ത് കൈവശാവകാശമാക്കിയ അമ്മായിയെ കാണുന്നു. ആ സ്വത്ത് ആരതി പണിക്കർക്കും മക്കൾക്കും നൽകാൻ അവർ സമ്മതിക്കുകയും ചെയ്യുന്നു. വേണു തിരികെ കൽക്കത്തയിലേക്ക് മടങ്ങിയെത്തുകയും ആ കുടുംബവുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുന്നു. ആരതി പണിക്കരുടെ മകൾ ദമയന്തി തന്റെ മുറപ്പെണ്ണാണെന്ന കാര്യവും മുറപ്പെണ്ണിനെയാണ് നാട്ടിൽ കല്യാണം കഴിക്കാറുള്ളതെന്നുമൊക്കെ അയാൾ പറഞ്ഞു കൊണ്ടിരുന്നു.അങ്ങനെ അവസാനം കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർത്ഥികളെയും കൊണ്ട് കപ്പൽ കൽക്കത്തയിലേക്ക് പുറപ്പെടാൻ പോകുന്നു. അവിടെയുള്ള ഒരു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ കപ്പലിൽ അഭയാർത്ഥികളെ ക്രമീകരിക്കുന്ന ജോലി അയാളിൽ നിക്ഷിപ്തമാവുന്നു. അതിന്റെ ഒരു തിരക്കിൽ ആരതി പണിക്കരോടും മകളോടും അധിക നേരം സംസാരിക്കാൻ അയാൾക്ക് കഴിയാതെയാവുന്നു. തന്റെ ജോലി കഴിഞ്ഞ് അവരെ വീണ്ടും ഒരു നോക്ക് കാണാൻ തിരികെ നോക്കുമ്പോഴേക്കും കപ്പലിന്റെ സൈറൺ മുഴങ്ങിക്കഴിഞ്ഞിരുന്നു. കപ്പൽ ആൻഡമാനിലേക്ക് യാത്രയാരംഭിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
അഭയാർത്ഥികളെക്കുറിച്ചുള്ള ആശങ്കകൾ ഇടയ്ക്കിടെ വേണുവിന്റെ ആത്മഗതങ്ങളിലൂടെ വെളിപ്പെടുന്നുണ്ട്.ഒറ്റയ്ക്കിരിക്കുമ്പോഴും എഴുതാനിരിക്കുമ്പോഴും അയാളെ അത് അലട്ടുന്നുണ്ട്.
" പത്മ, മേഘ്ന, മധുമതി തടങ്ങളിൽ നെല്ലും കരിമ്പും ചണവും കൃഷി ചെയ്തു ജീവിച്ച കർഷകർ... നിലമുഴുത വയലേലകളിലെ, ജാത്ര സംഘത്തിലെ നാടോടി കലാകാരന്മാർ, വഴി വക്കിൽ വിദ്യകൾ കാട്ടി കാലം കഴിച്ചിരുന്ന സർക്കസുകാർ, നാഡീ വൈദ്യന്മാർ. നഗരങ്ങളിലെ നാടുവാഴി സമൂഹത്തിന്റെ കരുനീക്കങ്ങൾക്കിരയായി സ്വന്തം നാടും വീടും കൃഷിയിടങ്ങളും വിട്ടെറിഞ്ഞ് പ്രാണനും കൊണ്ട് ഓടിപ്പോകേണ്ടി വന്ന ഹതഭാഗ്യർ"
" ഇതിൽ പട്ടിക ജാതിയിൽപെട്ട കർഷകരായ കുറച്ചു പേർ ലോകത്തിന്റെ അപരിചിതമായ ഏതോ കോണിലേക്ക് യാത്രയാവുന്നു. അവരുടെ ജീവിതം വീണ്ടും സ്വരുകൂട്ടാനുള്ള ശ്രമവുമായി "
"മുഖത്ത് കുട്ടിത്തം വിട്ടുമാറാത്ത ആ സ്ത്രീയുടെ കഥ ഇനിയെന്താവും? റാണാ ഘട്ടിൽ തന്നെ ഇതേ പോലെ എത്രയായിരം വിധവകൾ ജീവിച്ചിട്ടുണ്ടാകും? സ്വന്തം ദേശത്ത് ദേശമറിയാതെ പോവുന്ന മുൻപേ പോകുന്നവരുടെ കാൽപ്പാടുകൾ നോക്കി എവിടേക്കെന്നില്ലാതെ കൈക്കുഞ്ഞുമായി ഈ പെൺകുട്ടിയും .പക്ഷേ ഇനി എവിടേയ്ക്ക് പോകാനാണ്?"
വ്യക്തികൾ തമ്മിലുള്ള വേർപെടലിന്റെ വേദന, പഴയ കുടുംബ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുവാനുള്ള വൈകാരികത, സ്വന്തം മണ്ണിൽ നിന്ന് പറിച്ചു മാറ്റപ്പെടുന്നവരുടെ അശരണത്വവും ഗൃഹാതുരത്വവും ഒക്കെ ഈ സിനിമയിൽ മികച്ച രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. "ഒരു ആർട്ട് ഹൗസ് സിനിമ " എന്ന ലേബൽ പതിച്ചു നൽകിയാലും തികച്ചും ജെനുവിനായ ഒരു സൃഷ്ടി എന്ന നിലയ്ക്ക് ഈ സിനിമ ഇഷ്ട ചിത്രമാവുന്നു.
കൽക്കത്ത നഗരത്തെ കൃത്യമായി പകർത്തി വെച്ചിരിക്കുന്ന ഫ്രെയിമുകൾ ഈ സിനിമയുടെ പ്രത്യേകതയാണ്. അതിലൊന്ന് നഗരത്തിലൂടെ, വാഹനങ്ങൾക്കിടയിലൂടെ വേഗം നടന്നു പോവുന്ന വേണുവിന്റെ ദൃശ്യമാണ്. വേറൊന്ന് കൽക്കത്ത തുറമുഖത്ത് ഗംഗയിലൂടെ പോകുന്ന ബോട്ടുകളെ നോക്കി എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന വേണുവിന്റെ ദൃശ്യമാണ്. അതുപോലെ തിരക്കുപിടിച്ച നഗരത്തിലൂടെ ബസ്സിൽ യാത്ര ചെയ്യുന്ന വേണുവിന്റെ ദൃശ്യം. ഇതിലെ മനസ്സിൽ തട്ടി നിൽക്കുന്ന ഒരു രംഗം ആരതി പണിക്കർ തന്റെ അമ്മാവന്റെ ഭാര്യയാണെന്ന് വേണു അറിയുന്ന നിമിഷമാണ്.( പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്.) നഷ്ടപ്പെട്ടു പോയ കുടുംബത്തിലെ കണ്ണികളെ തിരിച്ചറിയുന്ന അയാൾ ഒരു നിമിഷം സ്തബ്ദനായിപ്പോകുന്നു. റോഡിലൂടെ വാഹനങ്ങൾ കടന്നു പോവുന്നു. ആരതി പണിക്കരും ദമയന്തിയും റോഡിലൂടെ നടന്നു പോയിട്ടും അയാൾ ആൾത്തിരക്കിലേക്ക് നോക്കി സ്തബ്ദനായി നിൽക്കുന്നു. അവർ രണ്ടും പേരും അയാളുടെ കാഴ്ചയിൽ നിന്ന് പോയ് മറഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും .
വാസ്തുഹാര എന്ന ചിത്രം പൂർണമായും സിങ്ക് ഷോട്ട് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്.അതായത് ചിത്രീകരണ സമയത്ത് തന്നെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും അതേ പടി തൽസമയം റെക്കോർഡ് ചെയ്യുന്ന പരിപാടി. എന്തു തന്നെയായിരുന്നാലും മലയാളത്തിലെ മൗലിക പ്രതിഭയായി ഉയർത്തിക്കാണിക്കാവുന്ന സംവിധായകന്റെ മികച്ച സിനിമകളിലൊന്ന് തന്നെയായിരുന്നു വാസ്തുഹാര.