ജനശക്തി ഫിലിംസ്

Title in English: 
Janashakthi Films

 

കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പി ഗോവിന്ദപ്പിള്ളയും, ചാത്തുണ്ണിമാസ്റ്ററും, പി ജയപാലമേനോനും ചേര്‍ന്നുള്ള കൂടിയാലോചനയില്‍ 1977 ല്‍ ജനുവരി 25 ജനശക്തി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപികരിക്കുന്നു. പി സഹദേവന്‍, ജി ജനാര്‍ദ്ദന കുറുപ്പ്‌, പ്രൊഫസര്‍ എ പി പി നമ്പൂതിരി, ചാത്തുണ്ണി മാസ്ടര്‍ തുടങ്ങിയവർ ആദ്യ ഡയറക്ടര്‍മാര്‍. ചിറ്റൂരില്‍ അഭിഭാഷകനായിരുന്ന ജയപാല മേനോന്‍ ആയിരുന്നു മാനേജിംഗ് ഡയറക്ടര്‍,പാര്‍ട്ടിയായിരുന്നു അതിന്റെ മുതലാളി. ആകെ ഓഹരി 118, ഓഹരി മുഖവില 5000 രൂപ ആയിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം ആണ് ജനശക്തി ഫിലിംസിന് ഉള്ളത്. നല്ല സിനിമകളുടെ നിര്‍മ്മാണവും പ്രദര്‍ശനവും ആയിരുന്നു ജനശക്തിയുടെ ലക്‌ഷ്യം. ജനശക്തി ഫിലിംസിന്റെ വരവോടെ കലാമൂല്യമുള്ള സിനിമക്കും സമാന്തര സിനിമാപ്രസ്ഥാനത്തിനും പുതു ജീവന്‍ പകര്‍ന്ന് കിട്ടി. ജി സ് പണിക്കരുടെ ഏകാകിനി, പി എ ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ, ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുത, നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമി തുടങ്ങിയ ചിത്രങ്ങള്‍ ജനശക്തി വിതരണത്തിന് എടുത്തു ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ വഴി ജനങ്ങളില്‍ എത്തിച്ചു. 1978 ഒക്ടോബര്‍ 20 മുതല്‍ 26 വരെ എറണാകുളത്ത് സംസ്ഥാന ചലച്ചിത്രോത്സവം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും ജനശക്തി ഫിലിംസിന്റെയും ആഭിമുഖ്യത്തില്‍ സങ്കടിപ്പിച്ചു.

ജനശക്തി ഫിലിംസിലൂടെയാണ് സത്യജിത് റായ്, മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, ഋത്വിക് ഘട്ടക്, മണികൗൽ,ഗിരീഷ് കാസറവള്ളി, എം എസ് സത്യ, പട്ടാഭിരാമ റെഡ്ഡി എന്നിവരുടെ സിനിമകൾ മലയാളികൾ പരിചയപ്പെടുന്നത്.

പ്രദര്‍ശനശാലകളും, ഔട്ട്‌ഡോര്‍ യുണിറ്റുകളും, ഫിലിം കമ്പനികളും എല്ലാ സംസ്ഥാനത്തും രൂപപ്പെടുത്തുവാന്‍ ജയപാലമേനോന്‍ വഴി ചാത്തുണ്ണി മാഷ് ശ്രമിച്ചതിന്റെ ഫലമായി ആണ് തമിഴ്‌നാട്ടില്‍ യുഗശക്തിയും, കര്‍ണാടകയില്‍ നവശക്തിയും ഉണ്ടായത്.

 

അവലംബം : മാതൃഭൂമി