മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന

Singer: 

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന

മലയാളമാണെന്റെ മാതൃഭാഷ

തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ

തൂനിലാച്ചേലുള്ളൊരെന്റെ ഭാഷ

 

ചിത്തത്തിൽ നിന്നുമൊരായിരം വർണ്ണത്തിൽ

ചിറകാർന്നുയർന്നിടും ജീവഭാഷ

മുത്തും പവിഴവും പോലുജ്ജ്വലിക്കുന്ന

തത്തകൾ കൊഞ്ചുന്ന വേദഭാഷ

 

അമ്മതൻ നെഞ്ഞിൽ കിനിഞ്ഞ സുധാംബുതൻ

സൌരഭം തൂകിടും ജന്മഭാഷ

അച്ഛന്റെ വാത്സല്യ ലാളനയോടെന്റെ

ആത്മാവുണർത്തുന്ന സ്നേഹഭാഷ

 

പൊന്നുഷഃസന്ധ്യയിൽ ഭൂപാളമായ് രാഗ-

മാലികയാർന്ന സാഹിത്യഭാഷ

നന്ദനം പോൽ രമണീയമാം കേരള

വൃന്ദാവനത്തിൽ വസന്തഭാഷ

 

കൂത്തമ്പലങ്ങളിൽ പാടവരമ്പതിൽ

കാലം കുറിച്ചോരു കാവ്യഭാഷ

ദൂതുമായെത്രയോ കാതരമാനസ

സന്ദേശമേന്തിയ പ്രേമഭാഷ

 

എൻ പ്രേമമുഗ്ദ്ധസങ്കൽ‌പ്പപ്പിറാവിനെ

പാടിയുണർത്തിയോരാർദ്രഭാഷ

എൻ ഹൃത്സിരാരക്തചന്ദനച്ചോപ്പാർന്ന

എന്നെ ഞാനാക്കിയോരെന്റെ ഭാഷ

 

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന

മലയാളമാണെന്റെ മാതൃഭാഷ