ആശാ ഭോസ്ലെ
പണ്ഡിറ്റ് ദീനനാഥിന്റെ നാലു മക്കളില്‍ ഒരാളായി/ഇന്ത്യയുടെ വാനംപാടി ലതാ മങ്കേഷ്ക്കറിന്റെ അനുജത്തിയായി 1933 സെപ്റ്റംബര്‍ 8 ആം തിയതി ഗായകരുടെ കുടുംബത്തിൽ ജനിച്ചു.
മജ്ഹാ ബാല എന്ന മറാത്തി സിനിമയിലാണ് ആശ ആദ്യമായി പാടിയത്. ആദ്യ കാലങ്ങളിൽ ഇഷ്ടമില്ലാത്ത ഗാനങ്ങളാണ് ആശ പാടിയിരുന്നത്.
എന്നാല്‍ 1952 ലെ സംഗ് ദില്‍ എന്ന ചിത്രത്തോടു കൂടി ആശ ഒരു ഗായികയായി ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടി. അതിനു ശേഷം ബിമല്‍ റോയിയുടെ പരിണീത, രാജ്കുമാറിന്റെ ബൂട്ട് പോളിഷ് തുടങ്ങി ചിത്രങ്ങളില്‍ നല്ല ഗാനങ്ങള്‍ പാടി.
പതിനാലു വയസ്സുള്ളപ്പോൾ 30 കാരനായ ഭോസ്ലെയെ ആശ വിവാഹം കഴിച്ചു. എന്നാൽ ഭോസ്ലെയുമായുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. അധികം താമസിയാതെ അവർ വിവാഹ ബന്ധം വേര്‍പ്പെടുത്തി മൂന്നുകുട്ടികളുമായി തിരികെ വന്നു. തന്റെ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ലതയും ഒ പി നയ്യാറും തമ്മിലുള്ള അസ്വാരസ്യം ആശക്ക് തുണയായി എന്നു തന്നെ പറയാം. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹരഗാനങ്ങള്‍ പിറന്നു. മറ്റുള്ള സംഗീത സംവിധായകര്‍ ആശക്ക് അവസരങ്ങള്‍ നല്‍കാതിരുന്ന കാലത്ത് നയ്യാര്‍ ആശയെ ആത്മവിശ്വാസമുള്ള ഒരു ഗായികയാക്കി വളര്‍ത്തി.
എന്നാൽ താമസിയാതെ നയ്യാര്‍ ആശയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. പ്രാണ്‍ ജായേ പര് വചന് ന ജായേ എന്ന ചിത്രത്തില്‍ ചെയ്ന്സെ ഹം കോ കഭി ആപ്നേ ജീനേ ന ദിയ എന്ന ഗാനമാലപിച്ചാണ് ആശ നയ്യാറിന്റെ ജീവിതത്തില്‍ നിന്നും പടിയിറങ്ങിയത്.
രാഹുല്‍ ദേബ് ബര്‍മനെ കാണുമ്പോള്‍ ആശ പ്രശസ്തയായ ഒരു ഗായികയായി മാറിയിരുന്നു. ഒ പി നയ്യാര്‍/ഖയ്യാം/രവി എസ് ഡി ബര്മ്മന് എന്നീ മികച്ച സംഗീത സംവിധായകരുമായി ഒന്നിച്ച പ്രവര്‍ത്തിച്ച ആശയും ആര് ഡി ബര്‍മനും എഴുപതുകളില്‍ സംഗീതം കൊണ്ട് യുവാക്കളെ ഇളക്കിമറിച്ചു.
ഗസലിനൊപ്പം റോക്ക്/ഡിസ്ക്കോ/ കാബറേ എന്നിവയും ഇവര്‍ ആരാധകര്‍ക്ക് നല്കി. കാരവനിലെ പി യാ തൂ അബ്തോ ആജാ അതായിരുന്നു ആ കാലഘട്ടത്തിന്റെ സിഗ്നേച്ചര്‍ ഗാനം. ഹരേ രാമ ഹരേ കൃഷ്ണയിലെ ദമ്മറോ ദം/അപ്ന ദേശിലെ ദുനിയാ മേ/യാദേം കി ബാരാത്തിലെ ചുരാലിയാ ഹെ തും നെ ജോ ദില്‍ കൊ എന്നിവ ഇവര്‍ നല്കിയ അമൂല്യ രത്നങ്ങളാണ്. മേരാ കുച്ച് സാമാന്/കത്ര എന്നിവയും രാഹുല്‍ ആശാ കോമ്പിനേഷനുകളാണ്. 1980 ല്‍ ഇവര്‍ വിവാഹിതരായി.
ഇളയരാജ/ അനുമല്ലിക്ക്/എ ആര് റഹ്മാന് തുടങ്ങി പുതിയ സംഗീത സംവിധായകരുടെ കൂടെയും ആശ പാടി. ദില്‍ പഡോസി ഹെ/ജാനം സംഝാകരോ/കഭി തോ നസര്‍ മിലാവോ എന്നിവ ആശയുടെ ആല്‍ബങ്ങളിൽ പ്രശസ്തമായവയാണ്.
ഗാനങ്ങള്‍ക്കൊപ്പം നല്ല ഭക്ഷണവുമുണ്ടാക്കുന്ന അവർ ഈ വാർധ്യക്യത്തിലും, യു കെ/ ദുബൈ/ബര്‍മിങ്ഹാം എന്നിവിടങ്ങളിൽ റെസ്റ്റോറന്റ് ബിസിനസ്സുമായി തിരക്കുകളിലാണ്.