അംബുജം സുരാസു
അച്ചുവിന്റേയും നാണിയുടേയും മകളായി 1945 -ൽ കോഴിക്കോട് ജില്ലയിലെ മുക്കം അഗസ്ത്യൻമുഴിയിൽ ജനിച്ചു. മുക്കത്തിന്റെ കലാ സാംസ്ക്കാരിക ഭൂമികയ്ക്ക് തന്റേതായ സംഭാവന നൽകിയ അതുല്യ പ്രതിഭയായിരുന്നു അംബുജം. നാടകവേദിയിൽ സജീവമായിരുന്ന അവർ സ്ത്രീവിമോചന പ്രസ്ഥാനത്തിലും സാംസ്ക്കാരിക പ്രവർത്തനങ്ങളിലും നിറഞ്ഞു നിന്നു.
1963 -ൽ സിൽ ജോസിന്റെ മകനേ നിനക്കുള്ള സമ്പാദ്യം...എന്ന നാടകത്തിലഭിനയിച്ചുകൊണ്ടാണ് അംബുജം അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. കെ ടി മുഹമ്മദിന്റെ സൃഷ്ടി എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടകരംഗത്തേയ്ക്ക് ചുവടുവെച്കു. കോഴിക്കോട് സംഗമം, കലിംഗ, ചിരന്തന, നിലമ്പൂർ ബാലന്റെ കളിത്തറ തുടങ്ങിയ നാടകസംഘങ്ങളിലെല്ലാം അംബുജം പ്രവർത്തിച്ചിരുന്നു. 2001 -ൽ പ്രിയനന്ദൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ ഉൾപ്പെടെ ചില സിനിമകളിലും ബഷീര്‍ കൃതികളെ ആസ്പദമാക്കി നിര്‍മിച്ച സീരിയലിലും അംബുജം സുരാസു അഭിനയിച്ചിട്ടുണ്ട്.
നാടകവേദികളിലും സ്ത്രീവിമോചന പ്രവർത്തനങ്ങളിലും അംബുജം സുരാസു നാലു പതിറ്റാണ്ടോളം സജീവമായി പ്രവർത്തിച്ചിരുന്നു. അജിതയുടെ അന്വേഷിക്കൊപ്പം സ്ത്രീവിമോചന പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിച്ചു. കൂടാതെ സാറാ ജോസഫ്, സുഗതകുമാരി എന്നിവർക്കൊപ്പവും അംബുജം പ്രവർത്തിച്ചിരുന്നു- 2007 -ൽ ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിലാണ് അവസാനമായി അംബുജം അഭിനയിച്ചത്. 1975 -ൽ മികച്ച നാടകനടിയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം അംബുജം സുരാസുവിന് ലഭിച്ചു.
1980 -ൽ നാടകനടനും തിരക്കഥാകൃത്തും സംവിധായകനുമായ സുരാസുവിനെ വിവാഹം കഴിച്ചു. അവർക്ക് കുട്ടികൾ ഇല്ല.
2011 -ൽ അംബുജം സുരാസു അന്തരിച്ചു.