വി കെ ജോസഫ്

V K Joseph

ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ ശ്രദ്ധേയൻ, വിവിധ ഫിലിം ഫെസ്റ്റിവലുകളിലും  അവാർഡ് കമ്മിറ്റികളിലും ജൂറിയായി പ്രവർത്തിച്ചു. ചലച്ചിത്രവുമായി ബന്ധപ്പെട്ട ആസ്വാദനങ്ങൾ,കോഴ്സുകൾ എന്നിവയിൽ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റും ഡയറക്ടറായും അധ്യാപകനായും പ്രാസംഗികനായും പങ്കെടുത്തു. വിവിധ എഡ്യൂക്കേഷൻ ഡോക്കുമെന്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ, കവിത, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി ഏഴോളം പുസ്തകങ്ങൾ ഇതിനോടകം രചിച്ചു.  'സിനിമയും പ്രത്യയശാസ്ത്രവും', 'ദേശം പൗരത്വം സിനിമ', 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ', 'സിനിമയിലെ പെൺപെരുമ',  'കാഴ്ച്ചയുടെ സംസ്കാരവും പൊതുബോധ നിർമ്മിതിയും' എന്നിവയായിരുന്നു ചലച്ചിത്രവുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ പുസ്തകങ്ങൾ.

2007ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള  ദേശീയ ചലച്ചിത്ര പുരസ്കാരമായ പ്രസിഡന്റിന്റെ സുവർണകമല പുരസ്കരാരത്തിനർഹനായി. 'സിനിമയും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തിന് 1997ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, അബുദബി ശക്തി പുരസ്കാരം എന്നിവ ലഭ്യമായിരുന്നു.  'അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ' എന്ന പുസ്തകം 2015ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സിനിമയുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ അഞ്ച് പുസ്തകങ്ങളും വിവിധ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ( IFFK ) ചീഫ് കോർഡിനേറ്ററായും പ്രവർത്തിച്ചു. വിഷ്വൽ മീഡിയ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

കണ്ണൂർ ജില്ലയിലെ കുന്നോത്ത് സ്വദേശി. ഐ എസ്‌ ആർ ഓയിൽ ജോലി ചെയ്തു. ഭാര്യ ആനി, മകൻ മനു