ടി കെ കൊച്ചുനാരായണൻ

T K Kochunarayanan

1945 ൽ പാലക്കാട് ജില്ലയിലെ ആലങ്ങാടുള്ള കടമ്പഴിപ്പുറത്ത് ജനിച്ച ടി. കെ. കൊച്ചുനാരായണൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും വൈലോപ്പള്ളി സംസ്കൃതി ഭവന്റെ ആദ്യ വൈസ് ചെയർമാനും കേരള വിജ്ഞാന കോശത്തിന്റെ എഡിറ്ററും പ്രമുഖ ശാസ്ത്രസാഹിത്യകാരനുമാണ്.

നിരവധി ഗണിതശാസ്ത്ര പുസ്തകങ്ങളടക്കം അൻപതോളം വൈജ്ഞാനിക പുസ്തകങ്ങളുടെ രചയിതാവാണ്. കൂടാതെ 'ചീറാപ്പു കഥകൾ' എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം ധാരാളം വൈജ്ഞാനിക പരമ്പരകളും പരിപാടികളും ഡോക്യുമെന്ററികളും ദൂരദർശനിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റെടി' എന്ന സിനിമയുടെ നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം ഇദ്ദേഹമായിരുന്നു. ദൂരദർശനുവേണ്ടി വികെഎൻ നിനെ ഇന്റർവ്യൂ ചെയ്തതും സാഹിത്യരംഗത്തെ അക്കാലത്തെ സുപ്രധാന സംഭവമായിരുന്നു. 

ദൂരദർശനും സി-ഡിറ്റും തുടങ്ങിയ കാലഘട്ടങ്ങളിൽ ദൃശ്യമാധ്യമ രംഗത്ത് ഇദ്ദേഹം നടത്തിയ ഇടപെടലുകൾ അവയ്ക്കു ദിശാബോധം പകർന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവ്വാഹക സമിതി അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആയിരുന്നു. 

സി-ഡിറ്റിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിവിഷൻ ഹെഡ്ഡായും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മീഡിയ സംഘാടകനായും പ്രവർത്തിച്ച ഇദ്ദേഹം പി.ടി ഭാസ്കരപ്പണിക്കാരോടൊപ്പം വിശ്വവിജ്ഞാന കോശത്തിലും പ്രവർത്തിക്കുകയുണ്ടായി.

2024 ആഗസ്റ്റ് 21 ആം തിയതി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ലെയിനിലുള്ള വൈശാഖം എന്ന ഭവനത്തിൽ വെച്ച് ഇദ്ദേഹം തന്റെ 79 ആം വയസ്സിൽ അന്തരിച്ചു. എം. ബീനയാണ് ഭാര്യ. അമേരിക്കയിൽ എഞ്ചിനിയർമാരായ ടി. കെ. രാജീവ്, ടി. കെ. പാർവതി എന്നിവരാണ് മക്കൾ. കിരൺ സി.പി, ഡോ. അനന്യ എന്നിവർ മരുമക്കളുമാണ്.