സുധീഷ് ചെമ്പകശ്ശേരി
പരേതരായ ചന്ദ്രൻ നായരുടേയും ഓമനയുടേയും മകനായി കോട്ടയം ജില്ലയിൽ ജനിച്ചു. സുധീഷിന് ഒരു വയസ്സ് തികയുന്നതിനു മുൻപ് തന്നെ കുടുംബം പാലക്കാട്ടേയ്ക്ക് താമസം മാറ്റിയതിനാൽ പഠിച്ചതും വളർന്നതും പാലക്കാട് ജില്ലയിലായിരുന്നു. കല്ലുവഴി എൽ പി സ്കൂൾ, കാട്ടുകുളം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സുധീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. പത്താംക്ലാസ് പാസ്സായതിനുശേഷം കലാരംഗത്തേയ്ക്ക് പ്രവേശിച്ചു. 2000 -ത്തിൽ കേളീ തിയ്യേറ്റേഴ്സ് എന്ന നാടക ട്രൂപ്പിലൂടെ അഭിനയം തുടങ്ങി.
ഇരുപതോളം അമച്വർ നാടകങ്ങളിലും "കഥ പറയും സ്വപ്നം" എന്ന പ്രൊഫഷണൽ നാടകത്തിലും സുധീഷ് അഭിനയിച്ചിട്ടുണ്ട്. ധാരാളം ആൽബം സോംഗുകൾ എഴുതുകയും അവയിൽ പലതിലും അഭിനയിക്കുകയും ചെയ്തു. സുധീഷിന്റെ "അനാഥൻ " എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ആൽബത്തിൽ അദ്ദേഹം അവതരിപ്പിച്ച ഭാന്തൻ കഥാപാത്രത്തിന് നിരവധി വേദികളിൽ അനുമോദനം ലഭിച്ചിരുന്നു. 2024 -ൽ ഹുസൈൻ അറോണി സംവിധാനം ചെയ്ത കള്ളന്മാരുടെ വീട് എന്ന് ചിത്രത്തിൽ ആറ് നായകന്മാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സുധീഷ് ചെമ്പകശ്ശേരി തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു.