സഹദേവൻ പട്ടശേരിൽ
തൊടിയൂർ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരിൽ എ.സഹദേവൻ (82) എന്ന മരംകയറ്റ തൊഴിലാളി, പണ്ടെഴുതിയ പാട്ട് ഭക്തിഗാനമേളകളിലും ഭക്തിഗാന കസെറ്റുകളിലും ഏറെ ഹിറ്റായി മാറിയെങ്കിലും അതിന്റെ യഥാർഥ രചയിതാവ് ആരെന്നു നിശ്ചയമുണ്ടായിരുന്നില്ല. തന്റെ വരികൾ പിന്നീട് കാലാനുസൃതമായി മാറ്റിയെഴുതി ഹിറ്റാക്കിയതിൽ സന്തോഷം മാത്രമേ സഹദേവനുള്ളൂ. പഴകി ദ്രവിച്ചു തുടങ്ങിയ ഡയറിത്താളുകളിൽ ആ വരികളുടെ താളം കേൾക്കാം. വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരൻ സ്വാമിക്കു ഭജനയ്ക്കായി 25 വർഷം മുൻപ് താൻ എഴുതിക്കൊടുത്തതാണു ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന തുടങ്ങുന്ന പാട്ട് എന്നു സഹദേവൻ പറയുന്നു. തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സംഗീതപ്രതിഭകൾ അതു വേദികളിൽ പാടിപ്പാടി ശ്രോതാക്കളുടെ മനസ്സുകളിൽ ഇടം പിടിച്ചു.
‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്നതിനു പകരം ‘പിച്ചിപ്പൂ നുള്ളിയെടുത്തു’ എന്നാണു സഹദേവൻ എഴുതിയിരുന്നത്. ചില ഭാഗങ്ങൾ പുതിയതിൽ ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണു തന്റെ പാട്ട് ജനമനസ്സുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന കഥ സഹദേവൻ അറിയുന്നത്.