ആർ ജെ സൂരജ്
ജനാർദ്ധനന്റേയും(റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പൽ) രാധാമണിയുടേയും(റിട്ടയേർഡ് സ്കുൾ ടീച്ചർ) മകനായി കണ്ണൂരിൽ ജനിച്ചു. ജി എച്ച് എസ് നെടുംഗം സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും, ശ്രീകണ്ഠപുരം ഹൈസ്കൂളിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസവും നേടി. അതിനുശേഷം തളിപ്പറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്തിൽ നിന്നും ബി എസ് സി ഇലക്ട്രോണിക്സ് കഴിഞ്ഞ സൂരജ്, കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദവും നേടി.
വിദ്യാഭ്യാസത്തിന് ശേഷം സിനിമയിൽ അവസരം തേടുന്നതിനൊപ്പം ചില ഷോർട്ട് ഫിലിമുകളിലും സൂരജ് അഭിനയിച്ചിരുന്നു. ശേഷം റേഡിയോ മാംഗോ എന്ന എഫ് എം റേഡിയോയിൽ അവതാരകനായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. രണ്ട് വർഷത്തോളം റേഡിയോയിൽ ജോലി ചെയ്തതിന് ശേഷം സൗദിയിലെത്തി പല പ്രോഗ്രാമുകളുടേയും സ്റ്റേജ് ആങ്കറായി പ്രവർത്തിച്ചു. അങ്ങനെ ഒരു കമ്പനിക്ക് വേണ്ടി പ്രോഗ്രാം ചെയ്ത സൂരജ് പിന്നീട് ആ കമ്പനിയിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. പിന്നീട് കമ്പനിയുടെ ഖത്തർ ബ്രാഞ്ചിലേക്ക് മാറുകയും അവിടെ ജോലി ചെയ്യുന്ന സമയത്ത് തന്നെ വ്ളോഗിംഗ്, ബ്രാൻഡ് പ്രമോഷൻ എന്നിവ തുടങ്ങുകയും സോഷ്യൽ മീഡിയ വഴി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2017-ൽ ഖത്തറിൽ റേഡിയോ സ്റ്റേഷൻ തുടങ്ങിയപ്പോൾ താമസിയാതെ ഖത്തർ റേഡിയോയിൽ ജോലിയിൽ പ്രവേശിച്ച സൂരജിന് റേഡിയോയിൽ വരുന്ന സിനിമാ സെലിബ്രിറ്റികളുമായി പരിചയപ്പെടാൻ കഴിഞ്ഞത് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നതിന് സഹായകരമായി.
സിനിമാ പ്രമോഷനുമായി ഖത്തർ റേഡിയോയിലെത്തിയ സംവിധായകൻ സലിം അഹമ്മദിനെ പരിചയപ്പെടുകയും സലിം അഹമ്മദിന്റെ നിർദ്ദേശപ്രകാരം സൂരജും സുഹൃത്തുക്കളും ചേർന്ന് ഓവർസീസ് മൂവി ഡിസ്റ്റ്രിബ്യൂഷന് വേണ്ടി ട്രൂത്ത് ഫിലിംസ് എന്ന ഒരു സിനിമാവിതരണ കമ്പനി തുടങ്ങുകയും ചെയ്തു. ദി പ്രീസ്റ്റ് എന്ന സിനിമയായിരുന്നു ആദ്യം വിതരണത്തിനെടുത്ത ചിത്രം. പ്രീസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ പരിചയപ്പെടാൻ കഴിഞ്ഞത് സൂരജിന്റെ പിന്നീടുള്ള കലാജീവിതത്തിന് ഗുണകരമായി ഭവിച്ചു. 2018-ൽ സീ കേരളം ചാനലിനുവേണ്ടി ബോയിംഗ് ബോയിംഗ് എന്ന റിയാലിറ്റിഷോ ഹോസ്റ്റ് ചെയ്ത സൂരജ് 2019 -ൽ ബിഗ്ബോസ് മലയാളം സീസൺ 2 -വിൽ പങ്കെടുത്തിട്ടുണ്ട്.
2022-ൽ മൈ നെയിം ഈസ് അഴകൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സൂരജ് സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്ത പാലും പഴവും എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. തുടർന്ന് 2025-ൽ മമ്മൂട്ടി നായകനായ കളങ്കാവൽ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയത്തോടൊപ്പം സൂരജ് സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രാൻഡ് പ്രമോഷനാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല.
ആർ ജെ.സൂരജിന്റെ സോഷ്യൽ മീഡിയ ഹാന്റിലുകൾ Gmail, Instagram , Facebook, Youtube, Thread, Snapchat, WatsApp Channel


