കലാമണ്ഡലം ഹൈദരാലി
കഥകളി സംഗീതത്തില്‍ പകരം വയ്ക്കാനില്ലാത്ത പേരാണ് കലാമണ്ഡലം ഹൈദരാലി. കഥകളി സംഗീതത്തിന് സ്വന്തമായൊരു സ്ഥാനം നേടിക്കൊടുത്ത കലാകാരനാണ് ഹൈദരാലി.
കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്കിയ ഹൈദരാലി ഹൈന്ദവര്‍ക്ക് മേധാവിത്വത്തമുണ്ടായിരുന്ന ഈ രംഗത്തെത്തിയ ആദ്യ മുസ്ലിമാണ്.
കഥകളിയ്ക്കുണ്ടായിരുന്ന ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രത്തില്‍ സ്ഥാനം നേടിയ അപൂര്‍വ പ്രതിഭയാണ് ഹൈദരാലി.
കര്‍ണാടക സംഗീതത്തിന്റെയോ കഥകളിയുടെയോ പശ്ഛാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തിയ ഹൈദരാലി കഥകളി സംഗീതത്തിലെ കുലപതിയായി മാറുകയായിരുന്നു.
1946 ഒക്ടോബര്‍ 6 ആം തിയതി (സെപ്റ്റംബർ 5 ആം തിയതി എന്നും കാണുന്നുണ്ട്) വടക്കാഞ്ചേരിയിലെ ഓട്ടുപാറയില്‍ വെളുത്താട്ടില്‍ മൊയ്തൂട്ടിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഹൈദരാലി ദാരിദ്രത്തിനിടയിലാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. പാട്ടുകാരന് ബാപ്പൂട്ടിയെന്ന് അറിയപ്പെട്ടിരുന്ന ഹൈദരാലി കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു. അഞ്ചാം ക്ളാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതല്‍ 65 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു. കലാമണ്ഡലം ശിവരാമന് നായര്‍, കലാമണ്ഡലം നീലകണ്ഠന് നമ്പീശന്, കലാമണ്ഡലം ഗംഗാധരന് എന്നിവരുടെ കീഴിലായിരുന്നു പഠനം.
സ്വദേശത്തും വിദേശത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച ഹൈദരാലി കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്കി. 37 വര്‍ഷം ഫാക്ട് സ്കൂളിലെ സംഗീത അധ്യാപകനായിരുന്ന അദ്ദേഹം കലാമണ്ഡലത്തിലെ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയിലാണ് ഹൈദരാലി താമസിച്ചിരുന്നത്. നാട്യ ഭാരതി അവാര്‍ഡ് ജേതാവായ ഹൈദരാലിക്ക് 1998 ല്‍ കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഓര്‍ത്താല്‍ വിസ്മയം എന്ന ലേഖന സമാഹാരമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന പുസ്തകം.
2006 ജനുവരി 5 ആം തിയതി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി കലാമണ്ഡലത്തിലേക്ക് പോകുമ്പോൾ തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ വച്ച് മണൽലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഹൈദരലി തന്റെ 60 ആം വയസ്സിൽ അന്തരിച്ചു.
അന്ന് ആ വാർത്ത സാംസ്കാരിക കേരളവും അദ്ദേഹത്തെ അടുത്തറിയാവുന്നവരും വളരെ ഞെട്ടലോടെയും വിതുമ്പലോടെയുമാണ് ആ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ടത്.
അഫ്സയാണ് ഭാര്യ/ഹരീഷ്/ഹസിത എന്നിവർ മക്കളാണ്.