നിസാം റാവുത്തർ
സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന മീരാ സാഹിബിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം നിസാം റാവുത്തർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. ഡോക്യുമെന്റ്രികൾ സംവിധാനം ചെയ്തുകൊണ്ടാണ് നിസാം കലാപ്രവർത്തന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.
ഔദ്യോഗിക ജീവിതത്തിൽ ഏറിയ പങ്കും കാസർകോട് കേന്ദ്രീകരിച്ചായിരുന്നു നിസാം പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ എൻഡോസൾഫാൻ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം സംവിധാനം ചെയ്ത എൻഡോസൾഫാൻ ദുരിത ബാധിതരെക്കുറിച്ചുള്ള 'ആഫ്റ്റർ ദ ഡെല്യൂജ്' എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഡെത്ത് ഒഫ് സൗണ്ട്, കാസറ തുടങ്ങിയ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
2013 -ൽ സക്കറിയായുടെ ഗർഭിണികൾ എന്ന സിനിമക്ക് സംഭാഷണം രചിച്ചുകൊണ്ടാണ് നിസാം റാവുത്തർ ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. അതിന് ശേഷം 2024 -ൽ ഒരു സർക്കാർ ഉത്പന്നം എന്ന സിനിമ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്തു. നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
നിസാം റാവുത്തറുടെ ഭാര്യ ഷഫീന. മക്കൾ റസൂൽ, അജ്മി. 2024 മാർച്ചിൽ അദ്ദേഹം അന്തരിച്ചു.