തലത്ത് മഹ്‌മൂദ്

Talat Mahmood
Date of Birth: 
Sunday, 24 February, 1924
Date of Death: 
Saturday, 9 May, 1998
ആലപിച്ച ഗാനങ്ങൾ: 1

1924  ഫെബ്രുവരി 24 ആം തിയതി  ഉത്തർപ്രദേശിലെ ലക്നൗവിൽ ഒരു പരമ്പരാഗത മുസ്‌ലിം കുടുംബത്തിലാണ് തലത്ത് മെഹമ്മൂദ് ജനിച്ചത്. തീർത്തും ഓർത്തഡോക്സ് പാരമ്പര്യത്തിൽ കഴിഞ്ഞിരുന്ന മാതാപിതാക്കൾക്ക് മകൻ പാട്ടുപാടിനടക്കുന്നതിൽ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം തന്റെ സംഗീതത്തിലുള്ള അഭിരുചിയെ പിന്തുടരുന്നതിൽ വിജയിച്ചു. 

തന്റെ പതിനഞ്ചാമത്തെ വയസ്സിൽ തന്നെ വിവിധഭാരതിയുടെ ലക്നൗ  നിലയത്തിൽ തലത്ത്  മീർ തകി മീർ/ദാഗ്  ദെഹല്‍‌വി/ജിഗർ മൊറാദാബാദി തുടങ്ങിയവരുടെ ഗസലുകൾ ആലപിച്ചുപോന്നു. അദ്ദേഹം സംഗീതം ഔപചാരികമായി അഭ്യസിക്കുന്നത് അന്നത്തെ പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് എസ് സി ആർ ഭട്ട് നേതൃത്വം കൊടുത്തിരുന്ന മാറിസ് കോളേജ് ഓഫ് മ്യൂസിക്കിൽ ആയിരുന്നു. 

ഇന്നത് അറിയപ്പെടുന്നത് ഭട്ട്ഖണ്ഡേ മ്യൂസിക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്. അവിടെ പ്രവേശനത്തിനായി എഴുത്തുപരീക്ഷയിരുന്ന തലത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. പാസ് മാർക്കുപോലും നേടാൻ അദ്ദേഹത്തിന് ആയില്ല. എന്നാൽ പാട്ടുപരീക്ഷയ്ക്ക് അദ്ദേഹം ഒരു ആലാപ് പാടിയപ്പോൾ ഭട്ട് സാഹേബ് കണ്ണും മിഴിച്ച് നോക്കിയിരുന്നു പോയി. പിന്നെ ചോദ്യവും പറച്ചിലും ഒന്നും കൂടാതെ അദ്ദേഹത്തിന് അവിടെ പ്രവേശനം കിട്ടി. അദ്ദേഹം എവിടെ മൂന്നു വർഷത്തോളം സംഗീതം അഭ്യസിക്കുകയുണ്ടായി. 

അദ്ദേഹം ഗസലിന്റെ വഴി പിന്തുടർന്ന് താമസിയാതെ കൽക്കത്തയിലെത്തി. അന്നത്തെ കൽക്കത്ത ബർഖത്ത് അലി ഖാന്റെയും കുന്ദൻ ലാൽ സൈഗാളിന്റെയും കൽക്കത്തയാണ്. പങ്കജ് മല്ലിക്ക് ഒക്കെ തിളങ്ങി നിൽക്കുന്ന കാലമാണ്. കൽക്കത്തയിൽ HMV അദ്ദേഹത്തിന് ജോലി കൊടുത്തു. ഒരു പാട്ടിന് അന്നത്തെ മുപ്പതു രൂപയായിരുന്നു പ്രതിഫലം. അക്കാലത്താണ് തലത്ത് 'ലാഗേ തോസേ നൈനാ..' പോലുള്ള ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ ഗാനങ്ങൾ സിനിമയ്ക്കുവേണ്ടി ആലപിച്ച് ശ്രദ്ധ നേടുന്നത്. 

എന്നാൽ അദ്ദേഹത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് കെട്ടിയ പാട്ട് പിന്നീടാണ് വന്നത്. 'തസ്‌വീർ തേരാ ദിൽ മേരാ ബെഹ്‌ലാ ന സകേഗീ../ദേവർ ഭാഭി എന്ന ചിത്രത്തിൽ ഫയ്യാസ് ഹാഷ്മി എഴുതി കമൽദാസ് ഗുപ്ത സംഗീതം നിർവഹിച്ച ഈ ഗാനത്തെത്തുടർന്ന് ബംഗാളിയിലും നിരന്തരം അവസരങ്ങൾ തലത്തിനെ തേടിവന്നു. അവിടെ അന്നത്തെ ട്രെൻഡിനനുസരിച്ച് 'തപൻ കുമാർ' എന്നൊരു പേരും അദ്ദേഹത്തിന് അവർ ചാർത്തിക്കൊടുത്തു. അദ്ദേഹം അന്ന് പാടിയ ബംഗാളി ഗാനങ്ങളൊക്കെയും സൂപ്പർ ഹിറ്റുകളായിരുന്നു. 

1949 ലാണ് ബംഗാളിയിലെ പാട്ടിന്റെ പെരുമയുമായി തലത് മെഹ്മൂദ് ബോംബെയ്ക്ക് വണ്ടി കേറുന്നത്. ചെറിയൊരു വിറ (tremor) യോട് കൂടിയ ഒരു മൃദുസ്വരമായിരുന്നു തലത് മെഹ്മൂദിന്റേത്.
ബോംബെയിൽ തുടക്കത്തിൽ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. അദ്ദേഹത്തിന്റെ ശൈലി അന്ന് ഹിന്ദി സിനിമയിൽ നിലനിന്നിരുന്ന ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. 

എന്നാൽ സ്വന്തം  ശബ്ദത്തെ ആ ശൈലികളോട് ഒപ്പിക്കാനായിരുന്നു ആ സംഗീത സംവിധായകരൊക്കെയും  തലത്തിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അതിനുള്ള പരിശ്രമങ്ങളിൽ അദ്ദേഹം ദയനീയമായി പരാജയപെട്ടു. അങ്ങനെ നിരാശനായി കഴിഞ്ഞുകൂടുന്നതിനിടെയാണ് അനിൽ ബിശ്വാസ് അദ്ദേഹത്തിനെ റിക്കോർഡിങ്ങിനായി വിളിക്കുന്നത്. 

അതുവരെയുള്ള റിക്കോർഡിങ്ങ് അനുഭവങ്ങളുടെ കയ്പ്പ് വിട്ടുമാറിയിട്ടില്ലായിരുന്ന തലത് അനിൽദായ്ക്ക്  പിടികൊടുക്കാതെ മുങ്ങി മുങ്ങി നടന്നു. ഒടുവിൽ വഴിയിലെവിടെയോ വെച്ച് അബദ്ധവശാൽ  അനിൽദായുടെ മുന്നിൽത്തന്നെ  ചെന്നുപ്പെട്ടു തലത്. 

ആർസൂ എന്ന ചിത്രത്തിൽ മജ്‌റൂഹ് സുൽത്താൻപുരി എഴുതി, അനിൽ ബിശ്വാസ് ഈണം പകർന്ന്, തന്റെ 'പഴയ' ശബ്ദത്തിൽ തലത് മെഹ്മൂദ്  പാടിയ  'ഏ ദിൽ മുഝേ ഐസി ജഗാ ലേ ചൽ..' എന്ന ഗാനം ദിലീപ് കുമാർ പാടി അഭിനയിച്ച് അനശ്വരമാക്കി. വെൽവെറ്റ് ശബ്ദത്തിനൊപ്പം നിറഞ്ഞ സൗകുമാര്യത്തിനും ഉടമയായിരുന്ന തലത്തിന് അഭിനയത്തിലും കൈനിറയെ അവസരങ്ങൾ കിട്ടി. പാടി അഭിനയിക്കുക എന്നതായിരുന്നു അമ്പതുകളിലെ ട്രെൻഡ്. 

ജി.എം. ദുറാനി ആയിരുന്നു അക്കാര്യത്തിൽ അന്നത്തെ റോൾ മോഡൽ. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് തലത്തും അന്ന് ഏറെ പ്രസിദ്ധരായിരുന്ന നൂതനും മാലാ സിൻഹയും സുരയ്യയും ഒക്കെ ചേർന്ന് പല ചിത്രങ്ങളിലും പാടി അഭിനയിച്ചു. 50 കളുടെ തുടക്കത്തിൽ ഒരു വിദേശപര്യടനത്തിന് പുറപ്പെടുന്ന  ആദ്യ ഹിന്ദി സിനിമാ പിന്നണി ഗായകനായിരുന്നു തലത്. അദ്ദേഹം ആദ്യമായി പുറപ്പെട്ടത് ഈസ്റ്റ് ആഫ്രിക്കയിലോട്ടായിരുന്നു. പിന്നീടദ്ദേഹം വിശ്വമൊട്ടുക്കും കറങ്ങി. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ഒരു ഷോ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഗായകനാണ് തലത്ത്. അതിനു ശേഷമായിരുന്നു ലതാ മങ്കേഷ്കറുടെ പ്രസിദ്ധമായ പരിപാടി അവിടെ നടന്നത്. 

അദ്ദേഹത്തിന്റെ പല ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഫുട്ട്പാത്തിലെ 'ശാമേ ഗം കീ കസം..'/ജഹാൻ ആരയിലെ 'ഫിർ വഹീ ശാം/ വഹീ ഗം.. '/സോനേ കി ചിഡിയയിലെ 'പ്യാർ പർ ബസ്‌ തോ നഹീ.. '/സംഗ്ദിൽലെ 'യെ ഹവാ യെ രാത് യെ ചാന്ദ്നി.. ' /തരാനയിലെ 'സീനേ മേം സുലഗ്തേ ഹേ അർമാൻ..'/വാരിസിലെ 'രാഹീ മത്വാലേ.. '/മിർസാ ഗാലിബിലെ 'ദിൽ-എ-നാദാൻ തുഝേ..'/ടാക്സി ഡ്രൈവറിലെ 'ജായേ തോ ജായേ കഹാം' തുടങ്ങിയ ഗാനങ്ങൾ തലത്തിനെ ഹിന്ദി സിനിമയിലെ പിന്നണിഗായകരുടെ ഒന്നാം നിരയിലേക്കുയർത്തിയവയാണ്. 

ഹിന്ദിയിൽ ഏറെ തിരക്കിൽ നിൽക്കുന്ന കാലത്താണ് തലത് മലയാളത്തിലും ഒരു പാട്ടുപാടുന്നത്. 1977 ൽ തന്റെ ദ്വീപ് എന്ന ചിത്രത്തിനുവേണ്ടി രാമുകാര്യാട്ട് യൂസഫലി കച്ചേരി എഴുതി  ബാബുരാജ് ഈണമിട്ട 'കടലേ നീലക്കടലേ.. ' എന്ന പാട്ടിനു സ്വരം പകരാൻ കൊണ്ടുവന്നത് സാക്ഷാൽ തലത് മെഹ്മൂദിനെയായിരുന്നു. മലയാളം ഒരക്ഷരം പോലും അറിയാതിരുന്നിട്ടും അദ്ദേഹം ആ പാട്ട് മനോഹരമായി ആലപിച്ചു. 

പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലായി 747 പാട്ടുകൾ പാടുകയും പതിമൂന്നു സിനിമകളിൽ പാടി അഭിനയിക്കുകയും ചെയ്ത തലത്തിനെ വെല്ലാൻ അക്കാര്യത്തിൽ കിഷോർ കുമാർ മാത്രമേയുള്ളൂ. ഏതൊരു പാട്ടുകാരന്റെയും സംഗീതജീവിതം അതിന്റെ കൊടുമുടിയിൽ എത്തുന്നത് ഒരു നാല്പതുവയസ്സൊക്കെ  ആവുമ്പോഴാണ്. നാല്പതാം വയസ്സിൽ തന്റെ പാട്ടുജീവിതത്തിന്റെ  പീടിക പൂട്ടി പലകയും വലിച്ചിട്ട് ആരും സ്ഥലം വിടാറില്ല. എന്നാൽ ഇങ്ങനെ പ്രസിദ്ധിയുടെ കൊടിപാറിച്ച് നിന്നിട്ടും നാല്പതാം വയസ് തൊട്ടങ്ങോട്ട് തലത്തിന്റെ കരിയർ ഗ്രാഫ് കീഴ്പ്പോട്ടായിരുന്നു. 

വിഷാദം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പിന്നെയും ക്ഷയിപ്പിച്ചു. അവസാന കാലത്ത് അദ്ദേഹത്തെ പാർക്കിൻസൺസ് രോഗം ബാധിച്ചു. അദ്ദേഹത്തിന് തന്റെ ശബ്ദത്തിന്മേലുള്ള നിയന്ത്രണം പതിയെ നഷ്ടപ്പെട്ടുതുടങ്ങി. അദ്ദേഹം പതുക്കെ സ്റ്റേജ് പരിപാടികൾ ഒഴിവാക്കിത്തുടങ്ങി. പോകെപ്പോകെ സംസാരം കുഴഞ്ഞുതുടങ്ങി. അവസാനകാലത്ത് പാടാൻ പോയിട്ട് നേരാം വണ്ണം ഒന്ന് മിണ്ടാൻ പോലും അദ്ദേഹത്തിനായിരുന്നില്ല. അദ്ദേഹം നിരാശയുടെ പാതാളങ്ങളിലേക്ക് വീണുപോയി. വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി. ലോകം മുഴുവൻ കറങ്ങി നടന്ന് തിങ്ങിനിറഞ്ഞ ഹാളുകളിൽ പതിനായിരക്കണക്കിന് ആരാധകരെ തന്റെ പാട്ടുകൾ കൊണ്ട് മോഹിതരാക്കിയ ഒരു പ്രതിഭയുടെ ശബ്ദം ഒരു സുപ്രഭാതത്തിൽ നിലച്ചു പോവുകയായിരുന്നു. 

ദീർഘകാലം അസുഖം ബാധിച്ചുകിടന്ന് ഒടുവിൽ 1998 മെയ് 9 ആം തിയതി അദ്ദേഹം മരണത്തിനു കീഴടങ്ങി.

എഴുതിയത് : https://www.facebook.com/sageerpr