അജിത് സി ലോകേഷ്
തിരക്കഥാ കൃത്ത്,സംവിധായകൻ,എഡിറ്റർ. 1983 മാർച്ച് 3- ന് എറണാംകുളം ജില്ലയിലെ കരിമുകളിൽ ചോതിയുടെയും കാർത്തുവിന്റെയും മകനായി ജനിച്ചു. ബ്രഹ്മപുരം ഗവണ്മെന്റ് എൽ പി, യു പി സ്ക്കൂൾ, പുത്തൻ കുരിശ് എം ജി എം എച്ച് എസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു അജിത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എറണാംകുളം സെന്റ് ആൽബർട്ട് കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞു. സ്കൂളിലും കോളേജിലുമെല്ലാം പഠിയ്ക്കുന്ന സമയത്ത് അജിത് മിമിക്രി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിയായിട്ടുണ്ട്. കോളേജിൽ പഠിയ്ക്കുമ്പോൾ മോണോ ആക്ടിൽ എം ജി യൂണിവേഴ്സിറ്റി തലത്തിൽ വിജയിയായിട്ടുണ്ട്.
കോളേജ് പഠനം കഴിഞ്ഞ് അജിത്ത് ഒരു സിറ്റി ചാനലിൽ നിന്നും എഡിറ്റിംഗ് പഠിച്ചു. സിറ്റി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആയി വർക്ക് ചെയ്തു. നോൺ ലീനിയർ എഡിറ്റിംഗിന് തുടക്കം കുറിച്ച പ്രമുഖ സ്റ്റ്റ്റുഡിയോകളിൽ ഒന്നായ മെട്രോ സ്റ്റുഡിയോയിലെ മെഗാ സീരിയലുകളുടെ എഡിറ്റിംഗും സൗണ്ട് ഡിസൈനിംഗും ചെയ്തു. ജീവൻ ടി വിയുടെ തുടക്കകാലത്തിലെ വീഡിയൊ പ്രോഗ്രാം എഡിറ്റർ ആയിരുന്നു. പ്രോഗ്രാം എഡിറ്ററിൽ നിന്നും ഇളയനിലാ എന്ന സംഗീത പരിപാടിയുടെ പ്രോഗ്രാം പ്രൊഡ്യൂസറായി. തുടർന്ന് സൂര്യ ടിവി, കൈരളി ടി വി എന്നിവയിൽ ഒട്ടനവധി പ്രോഗ്രാമുകൾ ചെയ്തു. കൊച്ചിൻ നവോദയ എന്ന പേരിൽ ഗാനമേള, മിമിക്രി ട്രൂപ്പും അദ്ധേഹം നടത്തിയിരുന്നു.
അജിത്തിന്റെ സിനിമയിലേയ്ക്കുള്ള വരവ് 2016- ൽ ഫഹദ് ഫാസിൽ നായകനായ മണിരത്നം എന്ന സിനിമയിലൂടെയായിരുന്നു. മണിരത്നത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവ രചിച്ചുകൊണ്ടായിരുന്നു അജിത്ത് സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് 2018- ൽ ചാർമിനാർ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. ചാർമിനാറിൽ ഒരു ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
അജിത്തിന്റെ ഭാര്യ ഭവ്യ. രണ്ട് ആൺകുട്ടികൾ ആര്യൻ, യുവൻ.