എം എസ് സുബ്ബലക്ഷ്മി

MS Subbalakshmi
Date of Birth: 
Saturday, 16 September, 1916
Date of Death: 
Saturday, 11 December, 2004

ക്ഷേത്രങ്ങളിലെ സംഗീതപരിപാടികളിൽ തംബുരു വാദകനായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും  വീണാവാദകയും കർണാടക സംഗീതജ്ഞയുമായിരുന്ന മധുരൈ ഷണ്മുഖവടിവ് അമ്മാളിന്റേയും മകളായി തമിഴ്നാട്ടിലെ മധുരൈയിൽ ജനിച്ചു. വളരെ ചെറുപ്രായത്തിൽ തന്നെ സംഗീത പഠനം തുടങ്ങിയ സുബ്ബലക്ഷ്മി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരിൽ നിന്നും കർണാടക സംഗീതവും പണ്ഡിറ്റ് നാരായണ റാവു വ്യാസിൽ നിന്നും ഹിന്ദുസന്ഥാനി സംഗീതവും അഭ്യസിച്ചു.

തന്റെ പതിമൂന്നാം വയസ്സിൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ പാടിക്കൊണ്ട് സുബ്ബലക്ഷ്മി ശ്രദ്ധേയയായി. പൊതുവേദിയിലെ അവരുടെ ആദ്യത്തെ പരിപാടിയായിരുന്നു അത്. ഭജൻസായിരുന്നു അവിടെ അവതരിപ്പിച്ചത്. പതിനേഴാം വയസ്സിൽ വീണ്ടും മദ്രാസ് മ്യൂസിക് അക്കാദമിയിൽ സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ട് എം എസ് സുബലക്ഷ്മി പൊതുവേദികളിലെ സംഗീത കച്ചേരിയ്ക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം വേദികളിൽ കച്ചേരികൾ അവതരിപ്പിച്ച അവർ പ്രശസ്തി നേടി.

1938 -ൽ Sevasadanam എന്ന തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സുബ്ബലക്ഷ്മി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് Sakuntalai, Savithiri, Meera എന്നീ തമിഴ് സിനിമകളിലും Meerabai എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. ഭാരതരത്ന ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ച സംഗീതജ്ഞയാണ് എം എസ് സുബ്ബലക്ഷ്മി. പത്മഭൂഷൻ, പത്മവിഭൂഷൺ, സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാനിധി അവാർഡ്... തുടങ്ങിയ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ടി സദാശിവത്തെയാണ് അവർ വിവാഹം ചെയ്തത്. 2004 ഡിസംബറിൽ എം എസ് സുബ്ബലക്ഷ്മി അന്തരിച്ചു.