മേതിൽ ദേവിക
പാലക്കാട് സ്വദേശികളായ തിയതി രാജഗോപാലിന്റെയും മേതിൽ രാജേശ്വരിയുടെയും മകളായി ദുബായിൽ ജനിച്ചു. പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ എം.എ.യും ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി.
മോഹിനിയാട്ടം കലാകാരിയായ മേതിൽ ദേവിക രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധി കർത്താവാകാറുള്ള ദേവിക കേരള സംഗീത നാടക അക്കാദമി ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററുമായി പ്രവർത്തിക്കുന്നു. 2024 -ൽ കഥ ഇന്നുവരെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മേതിൽ ദേവിക അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ യുവ പുരസ്‌ക്കാരം, ദേവദാസി ദേശീയപുരസ്‌കാരം, പശ്ചിമ ബംഗാളിൽ നിന്നുള്ള നിരോധ് ബാരൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്.
മേതിൽ ദേവികയ്ക്ക് ഒരു മകനാണുള്ളത്. പേര് ദേവാംഗ് രാജീവ്.