എം എസ് സരസ്വതി

M S Saraswathy

പ്രസിദ്ധ നാദസ്വരവിദ്വാൻ ചേർത്തല കുട്ടപ്പപ്പണിക്കരുടെ ശിഷ്യരായി സംഗീതമഭ്യസിച്ച ചേർത്തല സ്വദേശിനികളായ സഹോദരിമാരാണ് MS സരസ്വതിയും MS മാലതിയും.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, ചേർത്തല സിസ്റ്റേഴ്സ് എന്ന പേരിൽ ഇവർ ഹരികഥാകാലക്ഷേപം നടത്തിയിരുന്നു. ജയഭാരത് പിക്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കപ്പെട്ട രക്തബന്ധം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് എം എസ് സരസ്വതിയും സഹോദരിയും അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. രക്തബന്ധത്തിലെ രണ്ടു നായികമാരിൽ ഒരാളായിരുന്നു സരസ്വതി.

വിവാഹദിനത്തിൽത്തന്നെ ഭർത്താവിനെ പിരിയേണ്ടിവന്ന ഹതഭാഗ്യയായ വത്സലയുടെ റോളിലായിരുന്നു സരസ്വതി. കുടുംബാംഗവും വത്സലയുടെ അഭ്യുദയകാംക്ഷിയുമായ അപ്പു എന്ന കഥാപാത്രത്തോടൊപ്പം രണ്ട് പാട്ടുരംഗങ്ങളും സരസ്വതി അഭിനയിച്ചു. തമിഴ്‌നടനായ SD സുബ്ബയ്യയായിരുന്നു ചിത്രത്തിൽ അവരുടെ ജോടി. സിനിമ പൂർത്തിയായപ്പോഴേക്കും നിർമ്മാതാവ് NK കരുണാകരൻ പിള്ളയും സരസ്വതിയും പ്രണയത്തിലാവുകയും  പിന്നീട് അവർ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തോടെ അഭിനയരംഗം വിട്ട എം എസ് സരസ്വതി പിന്നീട് സംഗീതാധ്യാപികയായി പ്രവർത്തിച്ചിരുന്നു.