എം പി നാരായണപിള്ള
പരിണാമം എന്ന ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച എഴുത്തുകാരനും പത്രപ്രവർത്തകനും ആയിരുന്ന എം പി നാരായണപ്പിള്ള എന്ന പുല്ലുവഴി നാണപ്പന്‍ പെരുമ്പാവൂരിലെ പുല്ലുവഴിയില്‍ 1939 നവംബർ 22 ആം തിയതിയാണ് ജനിച്ചത്.
അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്നും കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലെഫോണ്‍ ഓപ്പറേറ്റര്‍ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനില്‍ അദ്ദേഹം 5 വര്‍ഷം ജോലിചെയ്തു.
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. ഹോങ്കോങ്ങിലെ 'ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ'വില്‍ സബ് എഡിറ്ററായി ചേര്‍ന്ന് ധനകാര്യ പത്രപവര്‍ത്തനം ആരംഭിച്ചു. തുടർന്ന് വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ ജോലി ചെയ്തു.
പരിണാമം (നോവല്‍), എം. പി നാരായണപിള്ളയുടെ കഥകള്‍, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ് (ജീവചരിത്രപരമായ ഉപന്യാസങ്ങൾ), കാഴ്ചകള്‍ ശബ്ദങ്ങള്‍ (ലേഖന സമാഹാരം) ഹനുമാൻ സേവ (അപൂർണം. പിന്നീട് പുനത്തിൽ കുഞ്ഞബ്ദുള്ള പൂർത്തിയാക്കി), അവസാനത്തെ പത്തുരൂപാ നോട്ട് (സ്മരണകൾ), വായനക്കാരെ പൂവിട്ടു തൊഴണം, ഉരുളയ്ക്കുപ്പേരി, ഇന്നലെ കാക്ക വന്നോ? പിണ്ഡം കൊത്തിയോ?, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാൻ തുടങ്ങിയാൽ, വെളിപാടുകൾ, കെന്റക്കി ചിക്കൻ കടകൾ തല്ലിപ്പൊളിക്കണോ?, വിവാദം, മുരുകൻ എന്ന പാമ്പാട്ടിയും മറ്റു കഥകളും, തിരനോട്ടം, വെങ്കായയുഗം, എം.പി.നാരായണപിള്ളയുടെ കഥകൾ സമ്പൂർണം, ജാതി ചോദിക്കുക പറയുക ഇദ്ദേഹത്തിന്റെ പ്രധാന രചനകൾ.
പരിണാമം എന്ന ഇദ്ദേഹത്തിന്റെ നോവലിലെ കേന്ദ്ര കഥാപാത്രം ഒരു നായയാണ്. ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി പരിണാമം എഴുതുമ്പോള്‍ അത് മലയാളത്തിലെ നോവല്‍ ചരിത്രത്തിന്റെ നവീകരണത്തിന്റെ തുടക്കമായിരുന്നു. അധികാര മോഹങ്ങളുടെയും വിപ്ലവ വീര്യങ്ങളുടെയും സർവോപരി മാനുഷിക മൂല്യങ്ങളുടെയും കഥ പറയുന്ന ഈ നോവൽ മലയാളത്തിലെ മികച്ച നോവലുകളിലൊന്നാണ്. ഈ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.
ഇദ്ദേഹത്തിന്റെ കഥകൾ അവയുടെ ഭാഷാഗുണാത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് അവ കൈകാര്യം ചെയ്ത വിഷയങ്ങളുടെ സങ്കീർണ്ണതകൾ കൊണ്ടായിരുന്നു.
ഇദ്ദേഹത്തിന്റെ
1975 ൽ ക്രോസ്ബൽറ്റ് മണി സംവിധാനം ചെയ്ത കുട്ടിച്ചാത്തൻ എന്ന ചലച്ചിത്രത്തിന്റെ കഥയും 1990 കളിൽ ദുരദർശനുവേണ്ടി ഷാജി എൻ കരുൺ സംവിധാനം ചെയ്ത യാത്രയ്ക്കിടയിൽ എന്ന ടെലിഫിലിമിന്റെ ചെറുകഥയും ഇദ്ദേഹത്തത്തിന്റെതാണ്.
1998 മെയ് 19 ആം തിയതി തന്റെ 59 ആം വയസ്സിൽ മുംബൈയിൽ വെച്ച് അന്തരിച്ചു.