വരിക്കാശ്ശേരി മന

Varikkassery Mana

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മന. ഏകദേശം നൂറ്റമ്പതിൽപ്പുറം സിനിമകൾക്ക് ‌ലൊക്കേഷനായി നിലകൊണ്ടിട്ടുള്ള മലയാള സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പ്രാഥമിക സ്ഥാനം അലങ്കരിക്കുന്നു. മലയാള സിനിമകൾക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളും ചിത്രീകരണം നടത്തപ്പെട്ടിട്ടുള്ള മന നൂറ്റാണ്ടുകൾക്കു മുൻപ് കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്താണ് നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവർ ഇവിടെ ഇന്നു കാണുന്ന വരിക്കാശ്ശേരി മന നിർമ്മിക്കുന്നത്.  300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.

ഒറ്റപ്പാലം സ്വദേശിയായ വി ഹരിദാസ് എന്ന വ്യക്തിയാണ് മനയുടെ ഉടമസ്ഥൻ. അരമന ഗ്രൂപ്പെന്നൊരു ട്രസ്റ്റ് രൂപീകരിച്ച് അതിന് കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും. വരിക്കാശ്ശേരി മന കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും നൽകിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല.

തീർത്ഥം എന്ന ചിത്രമാണ് വരിക്കാശ്ശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചത്. എന്നാൽ ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയായാണ് വരിക്കാശ്ശശേരിയെ സിനിമാലോകത്ത് പ്രശസ്തമാക്കിയത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങിയ ചിത്രങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്. ഏകദേശം 150 ൽ അധികം ചിത്രങ്ങൾക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്

Address: 
മനിശ്ശേരി
ഒറ്റപ്പാലം
പാലക്കാട് Kerala 679521
India
District: 
Palakkad