ജോസ് പായമ്മൽ

Jose Payammal
Date of Birth: 
Wednesday, 23 May, 1934
Date of Death: 
Wednesday, 21 August, 2024

1934 മെയ് 23 ആം തിയതി പി.ഡി. ലോനപ്പന്റെയും എം.വി. റോസയുടെയും മകനായി തൃശൂർ ഇരിങ്ങാലക്കുടയിലാണ് ഇദ്ദേഹം ജനിച്ചത്. നാലാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള ഇദ്ദേഹം 'ജൂദാസിന്റെ അന്ത്യം' എന്ന ഏകാഭിനയത്തിലൂടെ ചെറുപ്പത്തിലേ അഭിനയരംഗത്തേക്കെത്തി. തുടർന്ന് സ്വന്തം കലാസമിതിയായ ഇരിങ്ങാലക്കുട ഉദയ ആർട്‌സ് ക്ലബിലൂടെ ആദ്യത്തെ നാടകം കാനം ഇ.ജെയുടെ 'എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു' എന്ന നാടകമായിരുന്നു. 

പിന്നീട് കാനത്തിന്റെ തന്നെ 'അച്ഛാ എന്റെ കുഞ്ഞ്' എന്ന നാടകം തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിലും അവതരിപ്പിച്ചു. മൂന്നു വർഷത്തിനുശേഷം സുഹൃത്തുക്കളുമായി ചേർന്ന് 'ആൽബം ആർട്ട് തിയേറ്റർ' എന്ന സംഘടന രൂപീകരിച്ചു. എസ്.എൽ. പുരം സദാനന്ദന്റെ 'ഒരാൾ കൂടെ കള്ളനായ്', 'വില കുറഞ്ഞ മനുഷ്യർ', 'യാഗശാല' തുടങ്ങിയ നാടകങ്ങൾ ജില്ലയിൽ മുന്നൂറിൽപരം വേദികളിൽ അവതരിപ്പിച്ചു. അതോടെ അംഗീകരിക്കപ്പെട്ട നാടക സംവിധായകനായ ഇദ്ദേഹം പിന്നീട് പല പ്രശസ്‌ത നാടകങ്ങളും തൃശൂരിലെ അമേച്ചർ നാടക സമിതികൾക്ക് വേണ്ടി സംവിധാനം ചെയ്തു. 

ഇതിനിടയിൽ 'നാഷണൽ കാർണിവൽ'എന്ന സംഘത്തിൽ തുടർച്ചയായി 14 വർഷം കേരളത്തിന്റെ പല ഭാഗങ്ങളിലും നാടകങ്ങൾ അവതരിപ്പിച്ചു. 1967 മുതൽ കേരളത്തിലെ പ്രഫഷണൽ ട്രൂപ്പുകളിൽ പങ്കെടുത്ത് കേരളത്തിലെ പ്രശസ്തരായ നാടകകൃത്തുക്കളുടെ നാടകങ്ങളിൽ അഭിനയിച്ചു. രണ്ടു തവണ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ച ഇദ്ദേഹം 50 വർഷം തുടർച്ചയായി തൃശൂർ പൂരം എക്സിബിഷനിൽ 'ഇൻസ്റ്റന്റ് നാടകങ്ങൾ' അവതരിപ്പിച്ചു.

12 നാടക കൃതികളും രണ്ട് ഏകാങ്ക നാടകവും രണ്ട് തിരക്കഥയും രചിച്ചു. കൂടാതെ കലാനിലയത്തിനു വേണ്ടി 'റാണി പുതലീഭായ്' എന്ന ഒരു നാടകവും രചിച്ചു. 85 റേഡിയോ നാടകങ്ങളും എഴുതി. തൃശൂർ റേഡിയോ നിലയം ആരംഭിച്ച കാലം മുതൽ അവിടെ ആർടിസ്റ്റായ ഇദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങൾ വന്നിട്ടുണ്ട്. 1971, 1973, 1986 വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, അക്കാദമിയുടെ തന്നെ ഗുരുപൂജ അവാർഡ്, ടി.എൻ. നമ്പൂതിരി സ്‌മാരക അവാർഡ്, ഇരിങ്ങാലക്കുട എസ്.എൻ.വൈ.എസിന്റെ അവാർഡ് തുടങ്ങിയവ ഇതിൽ ചിലതാണ്. 

മണിലാലിന്റെ സംവിധാനത്തിൽ :അടുത്ത ബെല്ലോടുകൂടി' എന്ന പേരിൽ ജോസ് പായമ്മൽ-രാധ ദമ്പതികളുടെ ജീവതം പറയുന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടിയിരുന്നു. മണിലാലിന്റെ തന്നെ ചലച്ചിത്രമായ ഭാരതപ്പുഴയിലും അരുണ്‍ ജോർജ്ജ് കെ ഡേവിഡിന്റെ ലഡു എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2024 ആഗസ്റ്റ് 21 ആം തിയതി തന്റെ 90 ആം വയസ്സിൽ അന്തരിച്ചു.

പ്രശസ്ത അഭിനേത്രി കലാലയം രാധയാണ് ഭാര്യ. ലോന ബ്രിന്നർ മകനും സുനിത മരുമകളുമാണ്. ജോസ് പി. ലോന, സനൽ പി. ലോന എന്നിവരാണ് പേരക്കുട്ടികൾ