ഗൗരി സാവിത്രി
അഭിനേത്രിയും മോഡലുമായ ട്രാൻസ് വുമനാണ് ഗൗരി സാവിത്രി.1985 ഏപ്രിൽ 11ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആണ് ഗൗരി സാവിത്രി ജനിച്ചത്. ചേർത്തല, കോട്ടയം എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിൽ ആയിട്ടായിരുന്നു പത്താം ക്ലാസ്സ് വരെയുള്ള പഠനം. അതിനു ശേഷം പ്രൈവറ്റ് ആയിട്ട് പഠിച്ചു പ്ലസ് ടു പാസ്സായി. മോഡലിംങിലേക്ക് തിരിഞ്ഞത് 2016 ൽ ആണ്. ഷാർമിള നായരുടെ (Pixelia ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ ) ഉടമസ്ഥയിലുള്ള റെഡ് ലോട്ടസ് എന്ന ഓണ്‍ലൈന്‍ സാരീ സ്റ്റോറിന് വേണ്ടിയായിരുന്നു അത്.
ട്രാൻസ് ജെൻഡർ വ്യക്തികളെ മോഡലിംഗ് രംഗത്തേക്ക് കൊണ്ടുവരുക എന്നതായിരുന്നു ആ പ്രൊജക്റ്റിന്റെ ലക്ഷ്യം. ആ ഒരു പ്രൊജക്റ്റ് അൽ ജസീറ, ബി. ബി. സി വഴി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ചതും നിരവധി പ്രശംസകൾ പിടിച്ചു പറ്റിയതുമാണ്. അതിനു ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. "കരുണ" എന്ന ഷോർട്ഫിലിമിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്. ഷോർട് ഫിലിം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അത് വഴിയാണ് സിനിമയിലേക്ക് രതീഷ് രവീന്ദ്രൻ വിളിക്കുന്നതും പിക്സേലിയ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതും. നായിക ആയിട്ടാണ് തുടക്കം. മന്ദാകിനി, മല്ലിക എന്നീ കഥാപാത്രങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന ഗൗരി സാവിത്രി, വൈക്കത്തു അമ്മയോടൊപ്പമാണ് താമസം.
കടപ്പാട് : സന്ദീപ് കുമാർ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്